നിലവിൽ ലോകമെമ്പാടും അറിയപ്പെടുകയും പല ഉൽപ്പന്നങ്ങളുടെയും വിൽപ്പനയിൽ ആഗോളതലത്തിൽ തന്നെ മുൻനിരയിൽ എത്തുകയും ചെയ്ത ഇന്ത്യൻ ബ്രാൻഡാണ് നോയ്സ്. സ്മാർട്ട് വെയറബിൾസ്, വയർലെസ് ഇയർബഡ്സ്, വയർലെസ് ചാർജറുകൾ തുടങ്ങി നിരവധി പ്രൊഡക്റ്റുകൾ വിൽക്കുന്ന ഇവരുടെ 95 ശതമാനം പ്രൊഡക്റ്റുകളും ഇന്ത്യയിൽ തന്നെയാണു നിർമിക്കുന്നത്. ഇക്കൂട്ടത്തിലേക്കുള്ള ഏറ്റവും പുതിയ എൻട്രി കഴിഞ്ഞ ദിവസം ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെടുകയുണ്ടായി.
നോയ്‌സ് ബഡ്സ് N1 പ്രോ ബുധനാഴ്ചയാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ആക്റ്റീവ് നോയ്സ് ക്യാൻസലേഷനെ (ANC) പിന്തുണക്കുന്ന ഈ വയർലെസ് ഇയർബഡ്സ് ഫുൾ ചാർജിംഗിൽ 60 മണിക്കൂർ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നതാണ് പ്രധാന സവിശേഷത. 10 മിനുട്ടു മാത്രം ചാർജ് ചെയ്താൽ 200 മിനുട്ടു വരെ പ്ലേബാക്ക് ടൈം നൽകുന്ന ഇൻസ്റ്റചാർജ് ഫാസ്റ്റ് ചാർജിംഗ് ടെക്നോളജിയും ഈ ഇയർബഡ്സിലുണ്ട്. 11mm ഡ്രൈവേഴ്സുള്ള നോയ്‌സ് ബഡ്സ് N1 പ്രോ കണക്റ്റിവിറ്റി ഒപ്ഷനുകളായി ബ്ലൂടൂത്ത് 5.3 യും ഒഴുക്കുള്ള പെയറിംഗിനായി ഹൈപ്പർസിങ്ക് ടെക്നോളജിയും നൽകുന്നു.
നോയ്‌സ് ബഡ്സ് N1 പ്രോയുടെ ഇന്ത്യയിലെ വില, ലഭ്യത മുതലായ വിവരങ്ങൾ:
കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത നോയ്‌സ് ബഡ്സ് N1 പ്രോയുടെ ഇന്ത്യയിലെ വില 1499 രൂപയാണ്. മിതമായ വിലക്ക് മികച്ച ഫീച്ചറുകൾ നൽകുന്ന ഇയർബഡ്സുകൾ തേടുന്നവർക്ക് മികച്ചൊരു ഒപ്ഷനായ നോയ്‌സ് ബഡ്സ് N1 പ്രോ ഈ മാസം അവസാനം വരെ ആമസോണിലൂടെ മാത്രമാകും ലഭ്യമാവുകയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതു പിന്നീട് നോയ്സിൻ്റെ സ്വന്തം വെബ്സൈറ്റ് വഴിയും സ്വന്തമാക്കാനാവും. ആകർഷിക്കുന്ന ഡിസൈനിലുള്ള ഈ ഇയർബഡ്‌സ് നാലു നിറങ്ങളിലാണ് ലഭ്യമാവുക. ക്രോം ബ്ലാക്ക്, ക്രോം ബീഗ്, ക്രോം ഗ്രീൻ, ക്രോം പർപിൾ എന്നിവയാണ് ലഭ്യമായ നാലു നിറങ്ങൾ.
നോയ്‌സ് ബഡ്സ് N1 പ്രോയുടെ പ്രധാന സവിശേഷതകൾ:
11mm ഡ്രൈവേഴ്സാണ് ഈ ഇയർബഡ്സിൽ ഉണ്ടാവുക. വരുന്ന കോളുകൾ വളരെ വ്യക്തമായി സ്വീകരിക്കുന്നതിനു സഹായിക്കുന്ന എൻവിറോൺമെൻ്റൽ നോയ്സ് ക്യാൻസലേഷനെ (ENC) പിന്തുണക്കുന്ന ക്വാഡ് മൈക്ക് സെറ്റപ്പാണ് ഇതിലുള്ളത്. ക്രോം ആൻഡ് മെറ്റാലിക് ഫിനിഷിങ്ങിൽ വരുന്ന ഈ നോയ്‌സ് ബഡ്സ് N1 പ്രോ 32dB വരെയുള്ള ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ നൽകുന്നുണ്ട്. ഇതിനു പുറമെ ടച്ച് കൺട്രോളുകളും ഇയർബഡ്സ് നൽകുന്നു.
ഗെയിമുകൾ, വീഡിയോ സ്ട്രീമിംഗ് എന്നിവ നടത്തുമ്പോഴുള്ള പ്രധാന പ്രശ്നമാണ് ഓഡിയോക്കും വിഷ്വലിനുമിടയിൽ വലിയ രീതിയിൽ ലാഗ് വരാറുണ്ടെന്നത്. ഇതു പരിഹരിക്കാൻ 40ms ലോ ലാറ്റൻസിയുള്ള ഈ ഇയർബഡ്സിനു കഴിയുമെന്നു കമ്പനി അവകാശപ്പെടുന്നു. ഡ്യുവൽ പെയറിംഗിനു പുറമെ വേഗത്തിലും ഒഴുക്കുള്ളതുമായ പെയറിംഗിനു സഹായിക്കുന്ന ഹൈപ്പർസിങ്ക് ടെക്നോളജിയും ഈ ഇയർബഡ്സിലുണ്ട്. ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റിക്കു പുറമേ ഒരു വേക്ക് ആൻഡ് പെയർ ഫീച്ചറും കമ്പനി നൽകുന്നു. ഇതുവഴി കെയ്സിൽ നിന്നും എടുക്കുമ്പോൾ തന്നെ നേരത്തെ പെയർ ചെയ്തു വെച്ച ഉപകരണങ്ങളുമായി വളരെ എളുപ്പത്തിൽ കണക്റ്റ് ചെയ്യാൻ കഴിയും.
ചാർജിംഗ് കെയ്സ് ഉൾപ്പെടെ ഒരു തവണ ഫുൾചാർജ് ചെയ്താൽ 60 മണിക്കൂർ വരെ ആകെ ബാറ്ററി ലൈഫ് നോയ്‌സ് ബഡ്സ് N1 പ്രോ ഇയർബഡ്സിനു ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇൻസ്റ്റാചാർജിൻ്റെ പിന്തുണ വഴി പത്തു മിനുട്ട് ചാർജ് ചെയ്താൽ 200 മിനുട്ട് വരെ പ്ലേബാക്ക് സമയം ആസ്വദിക്കാനും കഴിയും. വെള്ളത്തുള്ളികളെ പ്രതിരോധിക്കുന്ന കാര്യത്തിൽ IPX5 റേറ്റിംഗുമായാണ് നോയ്‌സ് ബഡ്സ് N1 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്.