Photo Credit: Ather Energy
എനർജി എന്ന മോഡലിനു ശേഷം ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയായ ഏതർ അവരുടെ 2025 ഏതർ 450 സീരീസ് ഇലക്ട്രിക് സ്‌കൂട്ടറുകൾ ശനിയാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ ലൈനപ്പിൽ ഏതർ 450, ആതർ 450X, ആതർ 450 അപെക്സ് എന്നീ മൂന്ന് മോഡലുകൾ ഉൾപ്പെടുന്നു. ഈ സ്‌കൂട്ടറുകളുടെ വിലയിൽ വർധനവു വന്നിട്ടുണ്ടെങ്കിലും, അവ മെച്ചപ്പെടുത്തിയ നിരവധി സവിശേഷതകളുമായാണ് വരുന്നത്. ഒരു മൾട്ടി-മോഡ് ട്രാക്ഷൻ കൺട്രോൾ സിസ്റ്റം ഉൾപ്പെടുത്തുന്നതാണ് പ്രധാന അപ്‌ഡേറ്റുകളിലൊന്ന്. ഇത് വ്യത്യസ്തമായ റോഡ് സാഹചര്യങ്ങളിൽ മികച്ച നിയന്ത്രണം നൽകി യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നു. മറ്റൊരു പ്രധാന സവിശേഷത 'മാജിക് ട്വിസ്റ്റ്' റീജനറേറ്റീവ് ബ്രേക്കിംഗ് ആണ്. ഇത് ഇപ്പോൾ എല്ലാ മോഡലുകളിലും സാധാരണമാണ്. ഈ സാങ്കേതികവിദ്യയിലൂടെ വണ്ടിയുടെ വേഗത കുറയ്ക്കുമ്പോൾ ബാറ്ററി റീചാർജ് ചെയ്യപ്പെടുന്നു. മുമ്പത്തെ പതിപ്പുകളെ അപേക്ഷിച്ച് ഈ സ്കൂട്ടറുകൾ മെച്ചപ്പെട്ട കിലോമീറ്റർ റേഞ്ചും വാഗ്ദാനം ചെയ്യുന്നുണ്ട്.
2025 ഏതർ 450 സീരീസിലെ അടിസ്ഥാന മോഡലായ 450S-ന് 1,29,999 രൂപയിലാണ് (എക്സ്-ഷോറൂം) വില ആരംഭിക്കുന്നത്. 2025 ഏതർ 450X രണ്ട് ബാറ്ററി ഓപ്ഷനുകളിൽ വരുന്നു. 2.9kWh പതിപ്പിൻ്റെ വില 1,46,999 രൂപയും (എക്സ്-ഷോറൂം), 3.7kWh പതിപ്പിൻ്റെ വില 1,56,999 (എക്സ്-ഷോറൂം) രൂപയുമാണ്. മുൻനിര മോഡലായ 2025 ആതർ 450 അപെക്‌സിൻ്റെ വില 1,99,999 രൂപയാണ് (എക്സ്-ഷോറൂം).
ഉപഭോക്താക്കൾക്ക് ഒരു പ്രോ പായ്ക്ക് ഇതിനൊപ്പം ചേർക്കാനും കഴിയും, അതിൻ്റെ വില മോഡലിനെ അനുസരിച്ച് 14,001 രൂപ മുതൽ 20,000 രൂപ വരെയാണ്.
2025 ഏതർ 450 സീരീസ് സ്കൂട്ടറുകളിൽ ടോർക്ക് നിയന്ത്രിക്കുന്നതിനു വേണ്ടി മഴ, റാലി, റോഡ് എന്നിങ്ങനെ മൂന്ന് മോഡുകളുള്ള ഒരു പുതിയ മൾട്ടി-മോഡ് ട്രാക്ഷൻ കൺട്രോൾ സിസ്റ്റം അവതരിപ്പിക്കുന്നു. മഴ മോഡ് നനഞ്ഞ റോഡുകളിൽ സുരക്ഷിതമായ റൈഡുകൾ ഉറപ്പു വരുത്താൻ ആക്സിലറേഷൻ കുറയ്ക്കുന്നു. അതേസമയം റാലി മോഡ് പരുക്കൻ അല്ലെങ്കിൽ അസമമായ ഭൂപ്രദേശങ്ങളിൽ നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്ന ചെറിയ ക്രമീകരണങ്ങൾ നൽകുന്നതാണ്. റോഡ് മോഡ് വേഗത്തിലുള്ള ആക്സിലറേഷനും ദൈനംദിന യാത്രകൾക്കുള്ള സുരക്ഷയും സംയോജിപ്പിച്ച് ഒരു സമതുലിതമായ ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു.
മറ്റൊരു ശ്രദ്ധേയമായ സവിശേഷത മാജിക് ട്വിസ്റ്റ് റീജനറേറ്റീവ് ബ്രേക്കിംഗ് ആണ്. ഇത് ത്രോട്ടിൽ മാത്രം ഉപയോഗിച്ച് സ്കൂട്ടറിനെ നിയന്ത്രിക്കാൻ റൈഡർമാരെ സഹായിക്കുന്നു. ത്രോട്ടിൽ മുന്നിലേക്കു ട്വിസ്റ്റ് ചെയ്യുന്നത് സ്കൂട്ടറിൻ്റെ ആക്സിലറേഷൻ വർദ്ധിപ്പിക്കുകയും പിന്നിലേക്ക് ട്വിസ്റ്റ് ചെയ്യുന്നത് വേഗത കുറയ്ക്കുകയും റീജനറേറ്റീവ് ബ്രേക്കിംഗ് സജീവമാക്കുകയും ചെയ്യുന്നു. ഇതിലൂടെ വേഗത കുറയുമ്പോൾ ബാറ്ററി റീചാർജ് ചെയ്യപ്പെടുന്നു.
പ്രോ പായ്ക്ക് തിരഞ്ഞെടുക്കുന്നവർക്ക്, ഡാഷ്‌ബോർഡിലെ വാട്ട്‌സ്ആപ്പ്, ലൈവ് ലൊക്കേഷൻ ഷെയറിംഗ്, "പിംഗ് മൈ സ്‌കൂട്ടർ", അലക്‌സാ സ്‌കിൽസ് എന്നിവ ഉൾപ്പെടെ ആറ് ഫീച്ചറുകളുടെ സ്യൂട്ട് ഏതർ സ്റ്റാക്ക് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, 2025 സീരീസ് സ്റ്റെൽത്ത് ബ്ലൂ, ഹൈപ്പർ സാൻഡ് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലഭ്യമാണ്.
2025 മോഡലുകൾ മെച്ചപ്പെട്ട റേഞ്ചും വേഗത്തിലുള്ള ചാർജിംഗ് സമയവും നൽകുന്നതാണ്. 5 മണിക്കൂറും 30 മിനിറ്റ് സമയം കൊണ്ട് 0-80% ചാർജിംഗും 122 കിലോമീറ്റർ IDC റേഞ്ചും ഏതർ 450S വാഗ്ദാനം ചെയ്യുന്നു. ഏതർ 450X (സ്റ്റാൻഡേർഡ്) 3 മണിക്കൂർ ചാർജിംഗ് സമയത്തിൽ 126 കിലോമീറ്റർ റേഞ്ച് നൽകുന്നു. അതേസമയം ഏതർ 450X (3.7 kWh മോഡൽ) 4 മണിക്കൂറും 30 മിനിറ്റും കൊണ്ട് ചാർജ് ചെയ്യുകയും 161 കിലോമീറ്റർ റേഞ്ച് നൽകുകയും ചെയ്യുന്നു.
പരസ്യം
പരസ്യം