ബഡ്ജറ്റ് നിരക്കിലുള്ള സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യയിലുള്ള സ്വീകാര്യത മനസിലാക്കി വിപണിയിൽ മുന്നേറ്റമുണ്ടാക്കാൻ മോട്ടറോള ഒരുങ്ങുന്നു. മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ മോട്ടോ G45 5G ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന തീയ്യതി പുറത്തു വന്നിട്ടുണ്ട്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന തീയ്യതി കമ്പനി തന്നെ പുറത്തു വിട്ടപ്പോൾ ഒരു പ്രധാന ഇ-കൊമേഴ്സ് വെബ്സൈറ്റിൻ്റെ മൈക്രോസൈറ്റിൽ ഇതിൻ്റെ മറ്റുള്ള നിരവധി വിവരങ്ങൾ നൽകിയിട്ടുണ്ട്.
മോട്ടോ G45 5G യുടെ നിറം, ഡിസൈൻ എന്നിവക്കു പുറമെ മറ്റു പല സവിശേഷതകളുമാണ് പുറത്തു വന്നിരിക്കുന്നത്. 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും സ്നാപ്ഡ്രാഗൺ 6s ജെൻ 3 ചിപ്പ്സെറ്റുമാണ് ഈ ഫോണിലുണ്ടാവുക. ഈ വർഷം ജനുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട മോട്ടോ G34 5G യുടെ കുറച്ചു കൂടി മെച്ചപ്പെട്ട രൂപമായിട്ടാകും മോട്ടോ G45 5G വരുന്നത്.
മോട്ടോ G45 5G യുടെ ഇന്ത്യയിലെ ലോഞ്ച് തീയ്യതി, നിറം, ഡിസൈൻ എന്നീ വിവരങ്ങൾ:
ഫ്ലിപ്കാർട്ടിൻ്റെ മൈക്രോസൈറ്റാണ് മോട്ടോ G45 5G യുടെ ഇന്ത്യയിലെ ലോഞ്ചിങ്ങ് തീയ്യതി പുറത്തു വിട്ടത്. ഓഗസ്റ്റ് 21ന് ഇന്ത്യൻ സമയം ഉച്ചക്കു 12 മണിക്കു ഫോൺ ലോഞ്ച് ചെയ്യപ്പെടും. വെഗാൻ ലെതർ ഫിനിഷിംഗ് ഡിസൈനിലുള്ള ഈ സ്മാർട്ട്ഫോൺ ബ്ലൂ, ഗ്രീൻ, മജന്ത എന്നീ നിറങ്ങളിലാണു ലഭ്യമാവുകയെന്നും ഫ്ലിപ്കാർട്ടിൻ്റെ മൈക്രോസൈറ്റ് വ്യക്തമാക്കുന്നു.
ചതുരാകൃതിയിലുള്ള ക്യാമറ സിസ്റ്റത്തിനകത്ത് വൃത്താകൃതിയിലുള്ള രണ്ടു ക്യാമറകൾ ഒന്നിനു താഴെ ഒന്നെന്ന നിലയിലാണു വെച്ചിരിക്കുന്നത്. ഇവക്കൊപ്പം തന്നെ LED ഫ്ലാഷ്ലൈറ്റും സജ്ജീകരിച്ചിരിക്കുന്നു. റിയർ പാനലിൽ നിന്നും അൽപം ഉയർന്നാണ് ക്യാമറ യൂണിറ്റുള്ളത്. വലതു വശത്തെ എഡ്ജിൽ പവർ, വോള്യം ബട്ടണും താഴെ ഭാഗത്തുള്ള എഡ്ജിൽ യുഎസ്ബി ടൈപ്പ്-സി പോർട്ട്, സ്പീക്കർ ഗ്രിൽ, 3.5mm ഓഡിയോ ജാക്ക് എന്നിവയും നൽകിയിരിക്കുന്നു.
മെലിഞ്ഞ ബെസൽസും കനം കുറഞ്ഞ ചിന്നുമുള്ള ഫ്ലാറ്റ് ഡിസ്പ്ലേയാണ് മോട്ടോ G45 5G ഫോണിനെന്നാണു ചിത്രങ്ങളിൽ നിന്നും മനസിലാകുന്നത്. ഡിസ്പ്ലേ പാനലിൽ മുകളിൽ ഒത്ത നടുവിലായുള്ള ചെറിയ ദ്വാരത്തിലാണ് ഫ്രണ്ട് ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. ഹാൻഡ്സെറ്റിൻ്റെ ഇടതുഭാഗത്തുള്ള എഡ്ജിൽ സിം ട്രേ സ്ലോട്ടും വരുന്നു.
മോട്ടോ G45 5G സ്മാർട്ട്ഫോണിൻ്റെ പ്രധാന സവിശേഷതകൾ:
കോർണിങ്ങ് ഗൊറില്ല ഗ്ലാസിൻ്റെ സംരക്ഷണവും 120Hz റിഫ്രഷ് റേറ്റുമുള്ള 6.5 ഇഞ്ചിൻ്റെ ഡിസ്പ്ലേയാണ് മോട്ടോ G45 5G ക്കുള്ളത്. സ്നാപ്ഡ്രാഗൺ 6s ജെൻ 3 SoC ഈ സ്മാർട്ട്ഫോണിനു കരുത്തു നൽകുന്നു. നിലവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം 8GB RAM + 128GB സ്റ്റോറേജ് വേരിയൻ്റിൽ മാത്രമാണ് ഈ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. ലോഞ്ചിംഗിനു ശേഷം മറ്റു സ്റ്റോറേജ് വേരിയൻ്റുകളിൽ മോട്ടോ G45 5G ലഭ്യമാകാനുള്ള സാധ്യതയുണ്ട്.
മോട്ടറോളയുടെ സ്മാർട്ട് കണക്റ്റ് ഫീച്ചർ വഴി ലാപ്ടോപ്സ്, ടാബ്‌ലറ്റ്സ് മുതലായവയുമായി ഈ സ്മാർട്ട്ഫോൺ പെയർ ചെയ്ത് ഉപയോഗിക്കാൻ കഴിയും. 13 5G ബാൻഡുകളുടെ പിന്തുണ ഇതിനുണ്ടാകും എന്നാണു കമ്പനി അവകാശപ്പെടുന്നത്. 50 മെഗാപിക്സൽ ക്വാഡ് പിക്സൽ ഡ്യുവൽ റിയർ ക്യാമറയാണ് ഈ ഹാൻഡ്സെറ്റിലുള്ളത്. ടിപ്സ്റ്ററായ മിസ്റ്ററി ലുപിൻ പുറത്തു വിട്ട വിവരങ്ങൾ പ്രകാരം 5000mAh ബാറ്ററിയാണ് ഇതിലുണ്ടാവുക.
15000 രൂപയിൽ താഴെയാകും മോട്ടോ G45 5G ക്ക് ഇന്ത്യയിൽ വില വരികയെന്നാണു റിപ്പോർട്ടുകൾ പറയുന്നതെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാൻ ലോഞ്ചിങ്ങ് വരെ കാത്തിരിക്കേണ്ടി വരും. മോട്ടറോള ഇന്ത്യയുടെ വെബ്സൈറ്റ്, ഫ്ലിപ്കാർട്ട് എന്നിവയിലൂടെ ഓൺലൈനായും റീട്ടെയിൽ ഷോപ്പുകളിലൂടെ ഓഫ്‌ലൈനായും മോട്ടോ G45 5G വാങ്ങാൻ കഴിയും.