Photo Credit: Apple
സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പിന് ഒടുവിൽ അവസാനം. ഏവരും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്ന ഐഫോൺ 16 സീരീസ് സ്മാർട്ട്ഫോണുകൾ കമ്പനി ഏതാനും മണിക്കൂറുകൾക്കു മുൻപു പുറത്തിറക്കി. കാലിഫോർണിയയിലെ ആപ്പിളിൻ്റെ ആസ്ഥാനത്തു വെച്ചാണ് തങ്ങളുടെ ഏറ്റവും പുതിയ സീരീസിലെ ഫോണുകളായ ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവ മറ്റു മോഡലുകൾക്കൊപ്പം ആപ്പിൾ അവതരിപ്പിച്ചത്. ആപ്പിളിൻ്റെ A18 ചിപ്പ്സെറ്റ് സജ്ജീകരിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോൺ മോഡലുകൾ iOS 18 ലാണ് പ്രവർത്തിക്കുന്നത്. ആപ്പിളിൻ്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (Al) വേർഷനായ ആപ്പിൾ ഇൻ്റലിജൻസ് ഈ സ്മാർട്ട്ഫോണുകളിൽ നൽകിയിരിക്കുന്നു. ഡ്യുവൽ റിയർ ക്യാമറ യൂണിറ്റുമായി എത്തുന്ന ഈ രണ്ടു മോഡലുകളിൽ ആപ്പിൾ 15 പ്രോ സ്മാർട്ട്ഫോണുകളിലേതു പോലെ ആക്ഷൻ ബട്ടൺ ഉൾപ്പെടുത്തിയിട്ടുണ്ട്.
128GB സ്റ്റോറേജുള്ള ഐഫോൺ 16 അടിസ്ഥാന മോഡലിന് 799 ഡോളർ (67100 ഇന്ത്യൻ രൂപയോളം) ആണു വില വരുന്നത്. അതേസമയം ഐഫോൺ 16 പ്ലസിൻ്റെ അടിസ്ഥാന മോഡലിന് 899 ഡോളർ (75500 ഇന്ത്യൻ രൂപയോളം) വില വരുന്നുണ്ട്. രണ്ടു മോഡലുകളും 512GB വരെയുള്ള സ്റ്റോറേജ് ഓപ്ഷനിൽ ലഭ്യമാകും.
ബ്ലാക്ക്, പിങ്ക്, ടീൽ, അൾട്രാമറൈൻ, വൈറ്റ് എന്നീ നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോണുകൾ ലഭ്യമാവുക. സെപ്തംബർ 13 മുതൽ ഈ സ്മാർട്ട്ഫോണുകളുടെ പ്രീ ഓർഡർ നടത്താം. സെപ്തംബർ 20 മുതൽ ഇതിൻ്റെ വിൽപ്പന ആരംഭിക്കും.
ഐഫോൺ 16 സ്മാർട്ട്ഫോണിൽ ഡ്യുവൽ സിം (യുഎസിൽ ഇസിം, മറ്റു സ്ഥലങ്ങളിൽ നാനോ+ഇസിം) ആണു നൽകിയിരിക്കുന്നത്. 6 കോർ GPU, 5 കോർ GPU, 15 കോർ ന്യൂറൽ എഞ്ചിൻ എന്നിവയുള്ള 3nm ഒക്ട കോർ A18 ചിപ്പ്സെറ്റ് നൽകിയിരിക്കുന്ന ഈ ഫോൺ iOS 18ൽ പ്രവർത്തിക്കുന്നു. ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചർ നൽകിയിട്ടുള്ള ഈ ഫോണിൽ 6.1 ഇഞ്ചിൻ്റെ സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേയാണുള്ളത്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP68 റേറ്റിംഗാണ് ഇതിനു ലഭിച്ചിട്ടുള്ളത്.
ഐഫോൺ 16 ഹാൻഡ്സെറ്റിനു സമാനമായ ഫീച്ചറുകൾ തന്നെയാണ് ഐഫോൺ 16 പ്ലസിനും നൽകിയിട്ടുള്ളത്. എന്നാൽ ഐഫോൺ 16 പ്ലസിൽ 6.7 ഇഞ്ചിൻ്റെ സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേയാണുള്ളത്. ഐഫോൺ 15 പ്രോ സീരീസുകളിലേതിനു സമാനമായ ആക്ഷൻ ബട്ടണിനൊപ്പം പുതിയ ക്യാമറ കൺട്രോൾ ബട്ടണും ഈ മോഡലുകളിലുണ്ട്. വലതു വശത്തുള്ള ക്യാമറ കൺട്രോൾ ബട്ടൺ വഴി സൂമിങ്ങ്, ഫോട്ടോ എടുക്കൽ, വീഡിയോ റെക്കോർഡിങ്ങ് എന്നിവ എളുപ്പത്തിൽ ചെയ്യാം.
ഐഫോൺ 15 സീരീസുകളിലേതു പോലെ 2x ഇൻ-സെൻസർ സൂമുള്ള 48 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, മാക്രോഫോട്ടോഗ്രാഫിക്ക് അനുയോജ്യമായ 12 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ എന്നിവയാണ് ഈ മോഡലുകളിലെ റിയർ ക്യാമറ യൂണിറ്റിലുള്ളത്. സെൽഫികൾക്കായി 12 മെഗാപിക്സൽ ട്രൂഡെപ്ത്ത് ക്യാമറയാണു നൽകിയിരിക്കുന്നത്.
5G, 4G LTE, ബ്ലൂടൂത്ത്, GPS, ടൈപ്പ് സി പോർട്ട് എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ ഈ രണ്ടു മോഡൽ സ്മാർട്ട്ഫോണുകളിലും വരുന്നു. ഈ രണ്ടു സ്മാർട്ട്ഫോണുകൾക്കും 512GB വരെയാണ് പരമാവധി ഓൺബോർഡ് സ്റ്റോറേജ്. ഈ രണ്ടു മോഡലുകളുടെയും RAM, ബാറ്ററി കപ്പാസിറ്റി എന്നിവ ആപ്പിൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അതുടനെ പുറത്തു വരുമെന്നാണു പ്രതീക്ഷിക്കുന്നത്.
പരസ്യം
പരസ്യം