Photo Credit: Apple
വിലയുടെ കാര്യത്തിൽ എല്ലാവർക്കും പ്രാപ്യമായ ഒന്നല്ലെങ്കിലും ആപ്പിളിൻ്റെ ഐഫോൺ സീരീസ് ഫോണുകൾ എല്ലാവരും കാത്തിരിക്കുന്ന ഒന്നാണ്. സ്മാർട്ട്ഫോൺ വിപണിയിൽ ഏറ്റവും മികച്ച ഫീച്ചറുകൾ നൽകുന്ന ബ്രാൻഡുകളിൽ ഒന്നായ ആപ്പിളിൻ്റെ പുതിയ രണ്ടു മോഡൽ സ്മാർട്ട്ഫോണുകൾ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തിരുന്നു. കാലിഫോർണിയയിൽ വെച്ചു നടന്ന ‘ഇറ്റ്സ് ഗ്ലോടൈം' എന്ന ഇവൻ്റിൽ വെച്ചാണ് ആപ്പിളിൻ്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളായ ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നീ സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തത്. ആപ്പിളിൻ്റെ തന്നെ ഏറ്റവും മികച്ച A18 പ്രോ ചിപ്സെറ്റുമായാണ് ഈ ഫോണുകൾ വിപണിയിലേക്ക് എത്തുന്നത്. iOS 18 ൻ്റെ ഭാഗമായ ആപ്പിൾ ഇൻ്റലിജൻസ് ഈ സ്മാർട്ട്ഫോണുകളിൽ നൽകിയിരിക്കുന്നു. ഐഫോണിൻ്റെ മുൻ മോഡലുകളെ അപേക്ഷിച്ചു നോക്കുമ്പോൾ കൂടുതൽ വലിപ്പമുള്ള ഡിസ്പ്ലേയാണ് ഇവ രണ്ടിലും വരുന്നത്.
ഐഫോൺ 16 പ്രോയുടെ 128GB സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് 999 ഡോളർ (84000 ഇന്ത്യൻ രൂപയോളം) ആണു വില വരുന്നത്. അതേസമയം ഐഫോൺ 16 പ്രോ മാക്സിൻ്റെ 256GB സ്റ്റോറേജുള്ള ബേസ് മോഡലിന് 1199 ഡോളർ (100700 ഇന്ത്യൻ രൂപയോളം) വിലയാകും. ഡെസേർട്ട് ടൈറ്റാനിയം, നാച്ചുറൽ ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, ബ്ലാക്ക് ടൈറ്റാനിയം എന്നിങ്ങനെയുള്ള കളർ ഓപ്ഷനുകളിൽ ഇതിൻ്റെ 512GB, 1TB സ്റ്റോറേജ് വേരിയൻ്റുകളും ലഭ്യമാണ്.
സെപ്തംബർ 13 മുതൽ ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയുടെ പ്രീ ബുക്കിംഗ് ആരംഭിക്കും. ആപ്പിളിൻ്റെ ഔദ്യോഗിക വെബ്സൈറ്റുകൾ, മറ്റുള്ള റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിലൂടെ സെപ്തംബർ 20 മുതൽ ഇവയുടെ വിൽപ്പന ആരംഭിക്കും.
ഡ്യുവൽ സിം (യുഎസിൽ ഇ-സിം, മറ്റിടങ്ങളിൽ നാനോ+ഇ-സിം) സെറ്റപ്പുമായി എത്തുന്ന ഈ സ്മാർട്ട്ഫോണുകൾ പ്രവർത്തിക്കുന്നത് iOS 18ലും ഇവക്കു കരുത്തു നൽകുന്നത് ആപ്പിളിൻ്റെ സെക്കൻഡ് ജെനറേഷൻ 3nm A18 പ്രോ ചിപ്പുമാണ്. ആപ്പിളിൻ്റെ മുൻ മോഡലുകളെ അപേക്ഷിച്ച് 20 ശതമാനം കുറഞ്ഞ പവർ ഉപയോഗിച്ച് 15 ശതമാനം കൂടുതൽ മികച്ച പ്രകടനം ഇതു നൽകും. ആപ്പിൾ ഇൻ്റലിജൻസ് രണ്ടു സ്മാർട്ട്ഫോണുകളിലും ഉണ്ടാകും.
ആപ്പിളിൻ്റെ അപ്‌ഗ്രേഡഡ് സെറാമിക് ഷീൽഡ് പ്രൊട്ടക്ഷനുള്ള 6.3 ഇഞ്ച്, 6.9 ഇഞ്ച് വലിപ്പമുള്ള സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേകളാണ് യഥാക്രമം ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയിലുള്ളത്. രണ്ട് ഐഫോൺ പ്രോ മോഡലുകളിലും 48 മെഗാപിക്സൽ വൈഡ് പ്രൈമറി ക്യാമറ, 48 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 12 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണുള്ളത്. സെൽഫികൾക്കായി 12 മെഗാപിക്സൽ ട്രൂഡെപ്ത്ത് ക്യാമറയും നൽകിയിട്ടുണ്ട്.
ആക്ഷൻ ബട്ടണൊപ്പം ക്യാമറ ഫീച്ചറുകൾ പെട്ടന്ന് ഉപയോഗിക്കാൻ കഴിയുന്ന ക്യാമറ കൺട്രോൾ ബട്ടണുമുള്ള ഈ സ്മാർട്ട്ഫോണുകൾക്ക് IP68 റേറ്റിംഗാണ് പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിൽ ലഭിച്ചിട്ടുള്ളത്. 1TB വരെ സ്റ്റോറേജ് ഉയർത്താവുന്ന ഈ രണ്ടു മോഡലുകളുടെയും ബാറ്ററി സംബന്ധിച്ച വിവരങ്ങൾ നിലവിൽ ലഭ്യമല്ല. 5G, 4G LTE, ബ്ലൂടൂത്ത്, വൈഫൈ 6E, USB 3.0 ടൈപ്പ് സി പോർട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇവയിലുണ്ട്.
പരസ്യം
പരസ്യം