Photo Credit: Infinix
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ശ്രദ്ധേയമായ പേരുകളിൽ ഒന്നാണ് ഇൻഫിനിക്സ്. മിതമായ വിലക്ക് മികച്ച ഫീച്ചറുകളുള്ള സ്മാർട്ട്ഫോണുകൾ നൽകിയാണ് ഇൻഫിനിക്സ് ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളുടെ മനസിലിടം പിടിച്ചത്. ഇൻഫിനിക്സ് പുറത്തിറക്കിയ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്ഫോണിനു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കാൻ പോവുകയാണ്. കഴിഞ്ഞ മാസമാണ് ഗ്ലോബൽ മാർക്കറ്റുകളിൽ ഇൻഫിനിക്സിൻ്റെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്ഫോണായ ഇൻഫിനിക്സ് സീറോ ഫ്ലിപ് അവതരിപ്പിച്ചത്. ഈ ഫോൺ ഒക്ടോബറിൽ ഇന്ത്യൻ വിപണിയിലേക്കും എത്താൻ പോവുകയാണെന്ന് കമ്പനി സ്ഥിരീകരിച്ചു. മീഡിയാടെക് ഡൈമൻസിറ്റി 8020 ചിപ്പ്സെറ്റാണ് ഇൻഫിനിക്സ് സീറോ ഫ്ലിപ്പിനു കരുത്തു നൽകുന്നത്. 6.9 ഇഞ്ചിൻ്റെ ഇന്നർ സ്ക്രീനും 3.64 ഇഞ്ചിൻ്റെ കവർ ഡിസ്പ്ലേയും ഇതിനുണ്ടാകും. 50 മെഗാപിക്സലിൻ്റെ ഡ്യുവൽ ഔട്ടർ ക്യാമറ സെറ്റപ്പും ഇന്നർ സ്ക്രീനിൽ മറ്റൊരു 50 മെഗാപിക്സൽ ക്യാമറയും ഈ സ്മാർട്ട്ഫോണിൽ ഉൾപ്പെടുന്നു.
ഇൻഫിനിക്സ് കമ്പനിയുടെ വെബ്‌സൈറ്റിലെ ഒരു പേജ് പറയുന്നതനുസരിച്ച്, ഇൻഫിനിക്‌സ് സീറോ ഫ്ലിപ് ഒക്ടോബർ 17 നാണ് ഇന്ത്യയിൽ അവതരിപ്പിക്കുക. ആഗോളതലത്തിൽ, ഫോൺ രണ്ട് നിറങ്ങളിലാണ് പുറത്തിറങ്ങിയത്. ബ്ലോസം ഗ്ലോ, റോക്ക് ബ്ലാക്ക് എന്നീ നിറങ്ങളിലായിരുന്നു ഫോൺ പുറത്തു വന്നത്. എന്നാൽ ഈ സൈറ്റിൽ റോക്ക് ബ്ലാക്ക് വേരിയൻ്റ് മാത്രമാണ് കാണിക്കുന്നത്. ഇന്ത്യയിൽ ഫോണിൻ്റെ റിലീസിന് മുമ്പ് വിലയും ലഭ്യതയും പോലുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തു വിടുമെന്നാണു പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ മാസം ആഗോളതലത്തിൽ പുറത്തിറക്കിയ മോഡലിൻ്റെ അതേ സവിശേഷതകളോടെ ഇൻഫിനിക്‌സ് സീറോ ഫ്‌ളിപ്പ് ഇന്ത്യയിലും വരുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതിനർത്ഥം ഇതിന് മീഡിയടെക് ഡൈമെൻസിറ്റി 8020 പ്രോസസറും 16GB വരെ RAM + 512GB വരെ ഇൻ്റേണൽ സ്റ്റോറേജും ഉണ്ടായിരിക്കും എന്നാണ്. ഈ ഫോൺ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള XOS 14 ൽ പ്രവർത്തിക്കും.
ഇൻഫിനിക്സ് സീറോ ഫ്ലിപ് സ്മാർട്ട്ഫോണിന് 120Hz റീഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് ഫുൾ-HD+ AMOLED ഇന്നർ സ്‌ക്രീനാണ് ഉണ്ടാവുക. പുറത്തുള്ള ചെറിയ 3.64 ഇഞ്ച് സ്‌ക്രീനും അതുപോലെ 120Hz റീഫ്രഷ് റേറ്റുള്ള AMOLED ഡിസ്‌പ്ലേ ആയിരിക്കും.
ഫോട്ടോകളും വീഡിയോകളും എടുക്കുന്നതിന്, ഫോണിന് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറയും 50 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും ഇൻഫിനിക്സ് സീറോ ഫ്ലിപ് ഫോണിൽ ഉണ്ടായിരിക്കും, ഇവ രണ്ടും ഔട്ടർ സ്ക്രീനിലാണു സ്ഥിതി ചെയ്യുന്നത്. ഇന്നർ സ്ക്രീനിൽ 50 മെഗാപിക്സൽ ക്യാമറയും ഉണ്ട്. അകത്തെയും പുറത്തെയും ക്യാമറകൾക്ക് 4K വീഡിയോകൾ റെക്കോർഡ് ചെയ്യാൻ കഴിയുമെന്നത് പ്രധാന സവിശേഷതയാണ്. ഗോപ്രോ ഫീച്ചറുകളെയും ഇൻഫിനിക്സ് സീറോ ഫ്ലിപ് പിന്തുണയ്ക്കും.
ഇൻഫിനിക്സ് സീറോ ഫ്ലിപ് സ്മാർട്ട്ഫോണിന് JBL ട്യൂൺ ചെയ്യുന്ന ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ ഉണ്ടായിരിക്കും. ഫോണിന് രണ്ട് പ്രധാന സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ (ആൻഡ്രോയിഡ് 16 വരെ) ലഭിക്കുമെന്ന് കമ്പനി പറയുന്നു. 4720mAh ബാറ്ററിയാണ് ഈ ഫോണിൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നത്. നൽകിയിരിക്കുന്ന ചാർജിംഗ് അഡാപ്റ്റർ ഉപയോഗിച്ചുള്ള 70W ചാർജിംഗിനെ ഈ ഫോൺ പിന്തുണക്കുന്നു.
പരസ്യം
പരസ്യം