കുറഞ്ഞ വിലയിൽ പ്രീമിയം ഫീച്ചറുകൾ സ്മാർട്ട് ഫോണിൽ നൽകുന്ന കാര്യത്തിൽ പേരെടുത്ത കമ്പനിയാണ് ഇൻഫിനിക്സ്. മികച്ച ഫീച്ചറുള്ള ബഡ്ജറ്റ് ഫോണുകൾ അന്വേഷിക്കുന്നവരുടെ പ്രിയപ്പെട്ട ചോയ്സായ ഇൻഫിനിക്സിൻ്റെ ഏറ്റവും പുതിയ ഫോൺ ഓഗസ്റ്റിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോവുകയാണ്.
ഇൻഫിനിക്സിൻ്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ ഇൻഫിനിക്സ് നോട്ട് 40X ഇന്ത്യൻ വിപണിയിലേക്കു വരുന്ന വിവരം പത്രക്കുറിപ്പിലൂടെയാണ് ചൈനീസ് കമ്പനി അറിയിച്ചത്. അവരുടെ നോട്ട് സീരീസിലെ ഏറ്റവും പുതിയ ഫോണിൻ്റെ ഡിസൈനും സവിശേഷതകളും കമ്പനിയായ ട്രാൻസ്ഷൻ ഹോൾഡിംഗ്സ് പുറത്തുവിട്ടിട്ടുണ്ട്. ഇൻഫിനിക്സിൻ്റെ അടുത്തിടെ ഇറങ്ങിയ നോട്ട് 40 സീരീസുകളിൽ ഉള്ളതു പോലെ തന്നെ ഇൻഫിനിക്സ് നോട്ട് 40X 5G ഫോണിൽ 108 മെഗാപിക്സലിൻ്റെ ട്രിപ്പിൾ ക്യാമറയാണുള്ളത്. മൂന്നു വ്യത്യസ്തമായ നിറങ്ങളിൽ ഈ സ്മാർട്ട് ഫോൺ ലഭ്യമാകും.
ഓഗസ്റ്റ് 5ന് ഇൻഫിനിക്സ് നോട്ട് 40X ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി വ്യക്തമാക്കിയത്. ലൈം ഗ്രീൻ, പാം ബ്ലൂ, സ്റ്റാർലിറ്റ് ബ്ലാക്ക് കളർ എന്നിങ്ങനെയുള്ള മൂന്നു നിറത്തിലാണ് ഈ ഹാൻഡ്സെറ്റ് വിപണിയിലേക്കു വരുന്നത്. അതേസമയം ഫോണിൻ്റെ ലോഞ്ചിങ്ങ് പരിപാടിയുടെ സമയവും വില സംബന്ധിച്ച വിവരങ്ങളും ഇതുവരെ പുറത്തു വന്നിട്ടില്ല.
ഇൻഫിനിക്സ് നോട്ട് 40X ൻ്റെ ഡിസൈൻ, സവിശേഷതകൾ എന്നിവ:
ഇൻഫിനിക്സ് തന്നെ പുറത്തു വിട്ട ചിത്രങ്ങൾ പ്രകാരം ഇൻഫിനിക്സ് നോട്ട് 40X സ്മാർട്ട് ഫോണിനു ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. സമചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിൽ LED ഫ്ലാഷ്ലൈറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏവരെയും ആകർഷിക്കുന്ന തരത്തിൽ തിളക്കമാർന്ന ഡിസൈനുള്ള ഹാൻഡ്സെറ്റിൻ്റെ ഡിസ്പ്ലേയുടെ മുകളിൽ, മധ്യഭാഗത്തായാണ് സെൽഫി ക്യാമറ വെച്ചിരിക്കുന്നത്.
ഇൻഫിനിക്സ് നോട്ട് 40X സ്മാർട്ട് ഫോണിൽ 6.78 ഇഞ്ച് ഫുൾ HD+ ഡിസ്പ്ലേ ആണെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. Al സാങ്കേതികവിദ്യയുള്ള 108 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഏവരെയും ആകർഷിക്കുന്ന ഒന്നാണ്. ക്വാഡ് LED റിംഗ് ഫ്ലാഷുള്ള ക്യാമറ യൂണിറ്റ് വെച്ച് 15 രീതിയിൽ നമുക്കു ക്യാമറ ഉപയോഗിക്കാൻ കഴിയും. സെൽഫികൾക്കായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണുള്ളത്. ഇതിനും LED ഫ്ലാഷ്ലൈറ്റ് കൂടെയുണ്ട്. സ്മാർട്ട് ഫോണിൻ്റെ ലോക്ക് തുറക്കാനായി വശത്തിൽ ഫിംഗർപ്രിൻ്റ് സ്കാനർ സജ്ജീകരിച്ചിരിക്കുന്നു. ഡിടിഎസ് ഓഡിയോ സവിശേഷതയുള്ള ഡ്യുവൽ സ്പീക്കറുകളാണ് ഫോണിലുള്ളത്.
മീഡിയാടെക് ഡൈമൻസിറ്റി 6300 5G SoCയാണ് ഇൻഫിനിക്സ് നോട്ട് 40X ന് ഉണ്ടാവുകയെന്നു നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 8GB RAMഉം 256GB ഓൺ ബോർഡ് സ്റ്റോറേജുമാണ് ഫോണിൽ ലഭ്യമാവുക. 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഇൻഫിനിക്സ് നോട്ട് 40X ൻ്റെ മറ്റൊരു സവിശേഷത. 10000 രൂപയോളം മാത്രമാണ് ഇന്ത്യയിൽ ഈ ഫോണിൻ്റെ വിലയായി പ്രതീക്ഷിക്കുന്നത്.
ഇൻഫിനിക്സ് നോട്ട് 40 5G സ്മാർട്ട് ഫോണിനെ ഒന്നു കൂടി മെച്ചപ്പെടുത്തിയാണ് ഇൻഫിനിക്സ് നോട്ട് 40X 5G പുറത്തിറക്കുന്നതെന്നു വേണം അനുമാനിക്കാൻ. ഇൻഫിനിക്സ് നോട്ട് 40 5G ഹാൻഡ്സെറ്റ് കഴിഞ്ഞ മാസമാണ് ഇന്ത്യൻ വിപണിയിലേക്ക് എത്തിയത്. 19999 രൂപയായിരുന്നു തുടക്കത്തിലെ ഫോണിൻ്റെ വില.