Photo Credit: Pexels/ Szabo Viktor
ലോകത്ത് ഏറ്റവുമധികം പേർ ഉപയോഗിക്കുന്ന, വീഡിയോ കണ്ടൻ്റുകൾക്കുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നാണു യുട്യൂബ്. വെറുമൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം എന്നതിലുപരി തങ്ങളുടെ ഉപയോക്താക്കൾക്ക് വരുമാനമുണ്ടാക്കാനുള്ള വഴി തുറന്നു നൽകിയത് യൂട്യൂബിനെ കൂടുതൽ പ്രിയപ്പെട്ടതാക്കി മാറ്റിയിട്ടുണ്ട്. വീഡിയോകളുടെ ഇടയിൽ പരസ്യങ്ങൾ നൽകിയാണ് അവർ വരുമാനമുണ്ടാക്കുന്നത്. അതുകൊണ്ടു തന്നെ യുട്യൂബ് വീഡിയോ പരസ്യങ്ങളില്ലാതെ കാണേണ്ടവർക്ക് യുട്യൂബ് പ്രീമിയം സബ്സ്ക്രൈബ് ചെയ്യണം. ഇപ്പോൾ ഗൂഗിളിൻ്റെ ഉടമസ്ഥതയിലുള്ള യുട്യൂബ് ഇന്ത്യയിൽ അവരുടെ പ്രീമിയം സബ്സ്ക്രിപ്ഷനു നൽകേണ്ട തുക ഉയർത്തിയിട്ടുണ്ട്. ഇൻഡിവിജ്വൽ പ്ലാൻ, ഫാമിലി പ്ലാൻ, സ്റ്റുഡൻ്റ് പ്ലാൻ എന്നിങ്ങനെ എല്ലാ പ്ലാനുകളെയും ഈ വില വർദ്ധനവ് ബാധിക്കും. ചില പ്ലാനുകൾക്കു ചെറിയ രീതിയിൽ മാത്രമേ വില വർദ്ധനവ് ഉള്ളൂവെങ്കിൽ ചില പ്ലാനുകൾക്ക് വലിയ തോതിൽ തന്നെ കൂടിയിട്ടുണ്ട്. നിലവിലുള്ള വരിക്കാർ പുതിയ പ്രതിമാസ സബ്സ്ക്രിപ്ഷൻ എടുക്കുന്നതിനു മുൻപ് അവർക്കു ഗ്രേസ് പിരീഡ് നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇന്ത്യയിൽ യുട്യൂബ് പ്രീമിയം എടുക്കുന്നതിനുള്ള വില വർദ്ധനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കമ്പനിയുടെ വെബ്സൈറ്റിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രീപെയ്ഡ് പ്ലാനുകൾക്കും റിക്കറിങ്ങ് പ്ലാനുകൾക്കും ഈ വർദ്ധനവ് ബാധകമാണ്. ഒരു യൂസർക്കു മാത്രം യുട്യൂബ് കണ്ടൻ്റുകൾ സ്ട്രീം ചെയ്യുന്നതിനു വേണ്ടിയുള്ള റിക്കറിങ്ങ് ഇൻഡിവിജ്വൽ പ്ലാനിന് നേരത്തെ ഒരു മാസം 129 രൂപയായിരുന്നത് ഇപ്പോൾ 149 രൂപയായി വർദ്ധിച്ചിട്ടുണ്ട്.
അതേസമയം യൂട്യൂബ് പ്രീമിയത്തിലെ ഫാമിലി പ്ലാനിൻ്റെ നിരക്ക് വലിയ തോതിലാണു വർദ്ധിച്ചത്. നേരത്തെ 189 രൂപയായിരുന്ന ഫാമിലി പ്ലാനിന് ഇപ്പോൾ 299 രൂപയായി ഉയർത്തിയിരിക്കുന്നു. ഫാമിലി പ്ലാനിലൂടെ അഞ്ച് പേർക്ക് യുട്യൂബ് പ്രീമിയം ആസ്വദിക്കാൻ കഴിയും.
നിരക്ക് വർദ്ധനവിനു ശേഷവും യുട്യൂബ് വീഡിയോസ് പരസ്യങ്ങൾ ഇല്ലാതെ ആസ്വദിക്കാൻ കഴിയുന്ന ഏറ്റവും വില കുറഞ്ഞ പ്ലാൻ സ്റ്റുഡൻ്റ് പ്ലാൻ തന്നെയാണ്. 79 രൂപയായിരുന്ന സ്റ്റുഡൻ്റ് പ്ലാനിന് 89 രൂപയായാണ് നിരക്കു വർദ്ധിച്ചിരിക്കുന്നത്. പ്രീ പെയ്ഡ് പ്ലാനുകളുടെ നിരക്കും സമാനമായ രീതിയിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രീ പെയ്ഡ് യുട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷനുകൾ സ്വയമേവ പുതുക്കപ്പെടില്ലെന്നതു ശ്രദ്ധേയമാണ്.
പുതിയ ഉപയോക്താക്കൾ യുട്യൂബ് പ്രീമിയം എടുക്കുന്നതിനു മുൻപ് ഒരു മാസത്തെ ഫ്രീ ട്രയൽ തിരഞ്ഞെടുക്കാവുന്നതാണ്. ഇൻഡിവിജ്വൽ, ഫാമിലി, സ്റ്റുഡൻ്റ് എന്നിങ്ങനെ എല്ലാ പ്ലാനിനും ഈ ട്രയൽ ലഭ്യമാണ്. ട്രയൽ കാലാവധിക്കു ശേഷം അവർ യുട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ നിരക്കുകൾ നൽകേണ്ടി വരും.
യുട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ എടുത്താൽ പരസ്യങ്ങളില്ലാതെ വീഡിയോകൾ ആസ്വദിക്കാം എന്നതിനു പുറമെ ബാക്ക്ഗ്രൗണ്ടിൽ സംഗീതം കേൾക്കാനും വീഡിയോ കാണാനുമുള്ള കഴിവ്, പിക്ചർ ഇൻ പിക്ചർ (PiP) മോഡ്, എൻഹാൻസ്ഡ് ഹൈ ഡെഫനിഷൻ വീഡിയോ സ്ട്രീമിങ്ങ് എന്നിവയും ലഭിക്കുന്നു.
പരസ്യം
പരസ്യം