ഇന്ത്യയിലെ ടെലികോം സേവന രംഗത്ത് വലിയ രീതിയിൽ വിപ്ലവമുണ്ടാക്കിയ ജിയോ ഉപയോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനൊപ്പം വിപണിയിലുള്ള മറ്റുള്ള എതിരാളികളുടെ മുന്നിൽ കടക്കാനും ശക്തമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. അതിൻ്റെ ഭാഗമായി ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ നൽകി കൂടുതൽ ജനകീയമായി മാറുകയാണ് ജിയോടിവി+ ആപ്പ്. സബ്സ്ക്രൈബേഴ്സിന് ഒന്നിലധികം ഉപകരണങ്ങളിൽ ടിവി കാണുന്നത് എളുപ്പമാക്കിയാണ് ജിയോടിവി+ ആപ്പ് കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തത്.
ആൻഡ്രോയ്ഡ് ടിവി, ആപ്പിൾ ടിവി, ആമസോൺ ഫയർ OS ൽ പ്രവർത്തിക്കുന്ന മറ്റു ടിവികൾ തുടങ്ങിയവയിലെല്ലാം ജിയോടിവി+ ലഭ്യമാകും. ജിയോ ഫൈബർ, ജിയോ എയർ ഫൈബർ എന്നിവയുടെ കണക്ഷൻ്റെ കൂടെ വന്നിരുന്ന ജിയോ സെറ്റ് ടോപ് ബോക്സിലൂടെ (STB) മാത്രം ലഭ്യമായിരുന്ന ജിയോടിവി+ ആപ്പാണ് ഇപ്പോൾ മറ്റു സ്മാർട്ട് ടിവികൾക്കു കൂടി ലഭ്യമാകുന്ന തരത്തിൽ വന്നിരിക്കുന്നത്. നിരവധി ഭാഷകളിലും തരത്തിലുമുള്ള 800 ൽ അധികം ഡിജിറ്റൽ ചാനലുകൾ ഒരൊറ്റ ലോഗിനിലൂടെ ജിയോടിവി+ ആപ്പിൽ സബ്സ്ക്രൈബേഴ്സിനു നേടാൻ കഴിയുമെന്ന് കഴിഞ്ഞ ദിവസം ലോഞ്ചിംഗിനിടെ ടെലികോം കമ്പനി വ്യക്തമാക്കിയിരുന്നു.
ആൻഡ്രോയ്ഡ് ടിവി, ആപ്പിൾ ടിവി, ആമസോൺ ഫയർ OS എന്നിവയിൽ ജിയോടിവി+ ആപ്പ് ഇപ്പോൾ ലഭ്യമാണ്:
പ്രധാനപ്പെട്ട എല്ലാ സ്മാർട്ട് ടിവി പ്ലാറ്റ്ഫോമുകളിലും ജിയോടിവി+ സ്ട്രീമിംഗ് ആപ്പ് ലഭ്യമാകുമെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ റിലയൻസ് ജിയോ അറിയിച്ചിരുന്നു. ഒരൊറ്റ ലോഗിനിലൂടെ എല്ലാ ഓവർ ദി ടോപ് (OTT) ആപ്പുകളിലേക്കും പ്രവേശനം നേടാൻ കഴിയുന്ന ഈ ആപ്പിൽ മോഡേൺ ഗൈഡുകൾ, സ്മാർട്ട് റിമോട്ട് സൗകര്യം, വ്യക്തിഗത ശുപാർശകൾ തുടങ്ങി നിരവധി ഫീച്ചറുകളുണ്ട്. ഭാഷ, കാറ്റഗറി എന്നിങ്ങനെയുള്ള ഫിൽറ്ററുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ആവശ്യമുള്ള ഉള്ളടക്കങ്ങൾ വേഗത്തിൽ കണ്ടെത്താനും കഴിയും.
ന്യൂസ്, എൻ്റർടെയിൻമെൻ്റ്, സ്പോർട്സ്, മ്യൂസിക്, കിഡ്സ് എന്നിങ്ങനെ നിരവധി വിഭാഗത്തിൽ ഉൾപ്പെടുന്ന 800 ലധികം ഡിജിറ്റൽ ടിവി ചാനലുകളാണു ജിയോടിവി+ ആപ്പ് വാഗ്ദാനം ചെയ്യുന്നത്. ജിയോ സിനിമ പ്രീമിയം, ഡിസ്നി + ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ5, ഫാൻകോഡ് തുടങ്ങി 13 പ്രധാനപ്പെട്ട ഒടിടി പ്ലാറ്റ്ഫോമുകൾ ജിയോ ഫൈബർ, ജിയോ എയർ ഫൈബർ സബ്സ്ക്രൈബേഴ്സിന് ഈ ആപ്പിലൂടെ ലഭിക്കും. കുട്ടികൾക്കു മാത്രമായുള്ള വിഭാഗവും ജിയോടിവി+ ആപ്പിൽ ലഭ്യമാണ്.
ആൻഡ്രോയ്ഡ് ടിവി ഉള്ളവർക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ജിയോടിവി+ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ആപ്പിൾ ടിവി, ആമസോൺ ഫയർ OS ഉള്ള മറ്റു ടിവികൾ എന്നിവ ഉപയോഗിക്കുന്നവർക്കും സമാനമായ രീതി തന്നെ പിന്തുടരാം.ജിയോടിവി+ ആപ്പ് ലഭ്യമാകുന്നത് ആർക്കൊക്കെ:
ജിയോ എയർ ഫൈബറിൻ്റെ ഏതു പ്ലാൻ സബ്സ്ക്രൈബ് ചെയ്തവർക്കും ജിയോടിവി+ ഉപയോഗിക്കാൻ കഴിയുമെങ്കിലും ജിയോ ഫൈബർ സബ്സ്ക്രൈബേഴ്സിൻ്റെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്. ജിയോ ഫൈബർ പോസ്റ്റ്പെയ്ഡിലാണെങ്കിൽ 599 രൂപക്കും 899 രൂപക്കും അതിനു മുകളിലുമുള്ള പ്ലാനുകൾക്കാണ് ഈ ആപ്പ് ലഭ്യമാവുക. ജിയോ ഫൈബർ പ്രീപെയ്ഡ് ആണെങ്കിൽ ഇതു 999 രൂപയും അതിനു മുകളിലുള്ള പ്ലാനുകളാണ്.
നിലവിൽ ആപ്പിൾ ടിവി, ആൻഡ്രോയ്ഡ് ടിവി, ആമസോൺ ഫയർ സ്റ്റിക്ക് തുടങ്ങിയ സ്മാർട്ട് ടിവികളിലാണ് ജിയോടിവി+ ഡൗൺലോഡിനായി ലഭ്യമാവുകയെന്നാണ് റിലയൻസ് ജിയോ അറിയിച്ചിരിക്കുന്നത്. LG OS ൽ പ്രവർത്തിക്കുന്ന ടിവികളിലും ഇത് ഉടനെയെത്തുമെന്നും അവർ വ്യക്തമാക്കി. അതേസമയം സാംസങ്ങിൻ്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ സപ്പോർട്ട് ചെയ്യാത്തതു കാരണം ആൻഡ്രോയ്ഡ് ടിവി അല്ലാത്ത സാംസങ്ങ് ടിവി ഉപയോഗിക്കുന്നവർക്ക് ഈ ആപ്പ് ലഭ്യമാകില്ല. സ്മാർട്ട് ടിവി ഉപയോഗിക്കാതെ ജിയോടിവി+ ലഭ്യമാകണമെങ്കിൽ പ്രത്യേക സെറ്റ് ടോപ്പ് ബോക്സ് വാങ്ങേണ്ടതുണ്ട്.