Photo Credit: Apple
ആപ്പിളിൻ്റെ ഫോണുകൾ എന്നതു പോലെത്തന്നെ ആപ്പിളിൻ്റെ എയർപോഡുകളും ഏവർക്കും പ്രിയങ്കരമായ ഒന്നാണ്. ഏറ്റവും മികച്ച അനുഭവം നമുക്കു നൽകുന്ന തരത്തിലാണ് അവ നിർമിച്ചിരിക്കുന്നത് എന്നതു തന്നെയാണ് അതിൻ്റെ പ്രധാനപ്പെട്ട കാരണം. ഇപ്പോൾ ആപ്പിൾ അവരുടെ ഏറ്റവും പുതിയ TWS ഇയർഫോണായ എയർപോഡ്‌സ് 4 പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കാലിഫോർണിയയിൽ നടന്ന ‘ഇറ്റ്സ് ഗ്ലോടൈം' എന്ന കമ്പനിയുടെ ഇവൻ്റിൽ വെച്ചാണ് പുതിയ എയർപോഡ് മോഡൽ ലോഞ്ച് ചെയ്തത്. ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ (ANC) ഫീച്ചർ ആദ്യമായി വരുന്ന ആപ്പിളിൻ്റെ ബേസ് എയർപോഡ്സ് മോഡൽ കൂടിയാണിത്. മെഷീൻ ലേണിംഗ്, ആംഗ്യങ്ങളിലൂടെയുള്ള നിയന്ത്രണം തുടങ്ങിയ ഫീച്ചേഴ്സും ഇതിൽ നൽകിയിരിക്കുന്നു. എയർപോഡ്സ് 4 ഇയർഫോണിൻ്റെ ലോഞ്ചിങ്ങിനൊപ്പം എയർപോഡ്സ് പ്രോ, എയർപോഡ്സ് മാക്സ് എന്നിവയിൽ നിരവധി അപ്ഗ്രേഡുകൾ നടത്തി പുറത്തിറക്കിയ വിവരവും ആപ്പിൾ അറിയിച്ചിട്ടുണ്ട്.
ANC സപ്പോർട്ട് നൽകുന്നതും, നൽകാത്തതുമായി രണ്ടു വേരിയൻ്റുകളിലാണ് ആപ്പിൾ എയർപോഡ്സ് 4 എത്തുന്നത്. ANC ഇല്ലാത്ത എയർപോഡ്സ് 4 വേരിയൻ്റിന് ഇന്ത്യയിൽ 12900 രൂപയാണു വില വരുന്നത്. അതേസമയം ആക്റ്റീവ് നോയ്സ് ക്യാൻസലേഷനുള്ള എയർപോഡ്സിന് 17900 രൂപയാണു വില. സെപ്തംബർ 9 മുതൽ ഇവയുടെ പ്രീ ഓർഡർ ആരംഭിച്ചിട്ടുണ്ട്. സെപ്തംബർ 20 മുതൽ ഈ ഇയർഫോണുകളുടെ വിൽപ്പനയും ആരംഭിക്കും.
ട്രാൻസ്പെരൻസി മോഡിനു പുറമെ ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ (ANC) ഫീച്ചറുമായാണ് എയർപോഡ്സ് 4 എത്തുന്നത്. ഇതിനു മുൻപ് ഈ ഫീച്ചറുകൾ എയർപോഡ്സ് പ്രോ (2nd ജെനറേഷൻ), എയർപോഡ്സ് മാക്സ് എന്നിവയിൽ മാത്രമായിരുന്നു. ആപ്പിളിൻ്റെ H2 ചിപ്പ് കരുത്തു നൽകുന്ന ഏയർപോഡ്സ് 4 സൗണ്ട് ക്വാളിറ്റി കൂടുതൽ മെച്ചപ്പെടുത്തുന്ന അക്കോസ്റ്റിക് ആർകിടെക്ചറുമായാണ് എത്തുന്നത്. പേഴ്സണലൈസ്ഡ് സ്പേഷ്യൽ ഓഡിയോ, അഡാപ്റ്റീവ് ഓഡിയോ, കോൺവെർസേഷണൽ അവെർനെസ് എന്നിവയും ഈ ഇയർഫോണുകൾ നൽകുന്നു.
തലയാട്ടുമ്പോൾ തന്നെ കോളുകൾ സ്വീകരിക്കാൻ കഴിയുന്ന തരത്തിലുള്ള മെഷീൻ ലേണിംഗുമായാണ് ആപ്പിളിൻ്റെ ഏറ്റവും പുതിയ TWS ഇയർഫോണുകൾ എത്തുന്നത്. എയർപോഡ്സ് പ്രോയിൽ (സെക്കൻഡ് ജെനറേഷൻ) എന്നതു പോലെ വോയ്സ് ഐസൊലേഷൻ, ഫോഴ്സ് സെൻസറുകൾ എന്നിവ ഇതിലുമുണ്ട്. 30 മണിക്കൂർ പ്ലേടൈം നൽകുന്ന USB ടൈപ്പ് സി ചാർജിംഗ് കെയ്സിനു പുറമെ വയർലെസ് ചാർജിംഗിനെയും ഈ മോഡൽ പിന്തുണക്കുന്നു.
ആപ്പിളിൻ്റെ ഓവർ-ദി-ഇയർ ഹെഡ്ഫോണായ എയർപോഡ്സ് മാക്സ് പുതിയ നിറങ്ങളിൽ ലഭ്യമാകുമെന്ന് ഇതിനൊപ്പം അറിയിച്ചിട്ടുണ്ട്. ബ്ലൂ, മിഡ്നൈറ്റ്, സ്റ്റാർലൈറ്റ് എന്നീ നിറങ്ങളിലാണ് എയർപോഡ്സ് മാക്സ് ലഭ്യമാവുക. പേഴ്സണലൈസ്ഡ് സ്പേഷ്യൽ ഓഡിയോ ഉൾപ്പെടെ ഒറിജിനൽ മോഡലിൻ്റെ എല്ലാ സവിശേഷതകളും പുതിയ ഹെഡ്ഫോണിനുമുണ്ടാകും.
ഇതിനു പുറമെ എയർപോഡ്സ് പ്രോ (2nd ജെനറേഷൻ) ഇയർഫോണിൽ ആരോഗ്യസംബന്ധമായ ചില അപ്ഡേറ്റുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലുള്ള ഇൻ ബിൽറ്റ് ഹിയറിങ്ങ് ടെസ്റ്റ് ഫീച്ചർ വഴി നമുക്കു സ്വയം കേൾവിശക്തി പരിശോധിക്കാൻ കഴിയും. നോയ്സ് ആപ്പ് വഴിയുള്ള പേഴ്സണലൈസ്‌ഡ് ഹിയറിങ്ങ് പ്രൊഫൈൽ ഓപ്ഷനിലൂടെ ഹിയറിംഗ് എയ്ഡ് ശേഷിയേയും എയർപോഡ്സ് പ്രോ (സെക്കൻഡ് ജനറേഷൻ) പിന്തുണക്കുന്നു.
പരസ്യം
പരസ്യം