Photo Credit: Vivo
വിവോ സമീപകാലത്ത് വളരെ മുന്നേറ്റമുണ്ടാക്കുന്ന സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ്. വിവോയും അവരുടെ തന്നെ മറ്റൊരു ബ്രാൻഡായ ഐക്യൂവും വലിയൊരു വിഭാഗത്തിൻ്റെ വിശ്വസ്തമായ ബ്രാൻഡുകളായി മാറിയിരിക്കുന്നു. മികച്ച ഫോണുകൾ ഇറക്കി ആ വിശ്വസ്തത നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തുന്ന വിവോ അവരുടെ Y സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ വിവോ Y19s കഴിഞ്ഞ ദിവസം പുറത്തിറക്കി. 6GB RAM + 128GB ഇൻ്റേണൽ സ്റ്റോറേജുമുള്ള വിവോ Y19s ഹാൻഡ്സെറ്റിൽ ഒക്ടാ കോർ യൂണിസോക്ക് പ്രോസസറാണ് നൽകിയിരിക്കുന്നത്. മികച്ച ദൃശ്യഭംഗി നൽകുന്ന 90Hz റീഫ്രഷ് റേറ്റുള്ള 6.68 ഇഞ്ച് LCD ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 50 മെഗാപിക്സൽ റിയർ ക്യാമറയും 5500mAh ബാറ്ററിയും ഫോണിനുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വിവോയുടെ തന്നെ Funtouch OS 14 ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.
വിവോ Y19s സ്മാർട്ട്ഫോണിൻ്റെ ലോഞ്ചിംഗ് കഴിഞ്ഞെങ്കിലും വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, കൂടാതെ കമ്പനിയുടെ ഓൺലൈൻ സ്റ്റോറുകളിലും ഫോൺ ലിസ്റ്റ് ചെയ്തിട്ടില്ല. ബംഗ്ലാദേശ്, യുഎഇ, റഷ്യ, വിയറ്റ്നാം, മ്യാൻമർ, പാകിസ്ഥാൻ, സൗദി അറേബ്യ, കംബോഡിയ, ഈജിപ്ത്, തായ്‌ലൻഡ്, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ബ്ലാക്ക്, ബ്ലൂ, സിൽവർ എന്നീ മൂന്നു നിറങ്ങളിൽ ഇത് ലഭ്യമാകും. ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ എന്നതിനെക്കുറിച്ച് വിവോ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Funtouch OS 14 ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം ഫോണാണ് വിവോ Y19s. രണ്ടു സിം സ്ലോട്ടിലും നാനോ സിമ്മാണ് ഉപയോഗിക്കാനാവുക. 90Hz റീഫ്രഷ് റേറ്റും 264ppi പിക്സൽ ഡെൻസിറ്റിയുമുള്ള 6.68 ഇഞ്ച് HD+ (720x1,608 pixels) LCD സ്‌ക്രീനാണ് ഇതിലുള്ളത്. 6GB LPDDR4X റാമുമായി ജോടിയാക്കിയ 12nm ഒക്ടാ കോർ യൂണിസോക്ക് T612 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്.
ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, വിവോ Y19s സ്മാർട്ട്ഫോണിന് f/1.8 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറയും f/3.0 അപ്പേർച്ചറുള്ള 0.08 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഡിസ്പ്ലേ സ്‌ക്രീനിൻ്റെ മുകളിൽ, മധ്യഭാഗത്തുള്ള ഒരു ഹോൾ-പഞ്ച് കട്ടൗട്ടിൽ 5 മെഗാപിക്‌സൽ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.
വിവോ Y19s 128GB eMMC 5.1 സ്റ്റോറേജുമായാണ് വരുന്നത്, മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഇത് 1TB വരെ വർദ്ധിപ്പിക്കാം. ഫോൺ 4G LTE, ഡ്യുവൽ-ബാൻഡ് Wi-Fi, ബ്ലൂടൂത്ത് 5.2, GPS എന്നിവയെ പിന്തുണയ്ക്കുന്നു, കൂടാതെ ഒരു USB ടൈപ്പ്-C പോർട്ടും ഉണ്ട്. ആക്സിലറോമീറ്റർ, ആംബിയൻ്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, പ്രോക്സിമിറ്റി സെൻസർ, വെർച്വൽ ഗൈറോസ്കോപ്പ് എന്നിവ ഈ ഫോണിലെ സെൻസറുകളിൽ ഉൾപ്പെടുന്നു.
5500mAh ബാറ്ററിയാണ് ഫോണിലുള്ളത്, ഫോണിനൊപ്പം ലഭിക്കുന്ന ചാർജർ ഉപയോഗിച്ച് ഇത് 15W ചാർജുചെയ്യാനാകും. എന്നാൽ തായ്‌ലൻഡിലെയും ഫിലിപ്പീൻസിലെയും ഉപഭോക്താക്കൾക്ക് ബോക്സിൽ ചാർജർ ലഭിക്കില്ലെന്ന് കമ്പനി അറിയിച്ചു. സുരക്ഷയ്ക്കായി, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ ഇതിലുണ്ട്. ഫോണിൻ്റെ വലിപ്പം 165.75×76.10×8.10 മില്ലിമീറ്ററും ഭാരം 198 ഗ്രാമും ആണ്.
പരസ്യം
പരസ്യം