ചൈനയിൽ ലോഞ്ച് ചെയ്ത ഹോണർ മാജിക് 8, മാജിക് 8 പ്രോ ഫോണുകളുടെ സവിശേഷതകൾ അറിയാം
Photo Credit: Honor
ഹോണർ മാജിക് 8 സീരീസ് ചൈനയിൽ അവതരിപ്പിച്ചു; ഫ്ലാഗ്ഷിപ്പ് സവിശേഷതകൾ, ഉയർന്ന വില
പ്രശസ്ത സ്മാർട്ട്ഫോൺ നിർമാതാക്കളായ ഹോണർ ബുധനാഴ്ച ചൈനയിൽ ഹോണർ മാജിക് 8, മാജിക് 8 പ്രോ എന്നീ പുതിയ മോഡലുകൾ ലോഞ്ച് ചെയ്തു. മാജിക് സീരീസിലെ ഏറ്റവും പുതിയ മോഡലുകളായ ഇവ നാല് കളർ ഓപ്ഷനുകളിലാണ് വിപണിയിലേക്ക് എത്തുന്നത്. രണ്ട് ഫോണുകൾക്കും ക്വാൽകോമിന്റെ ഫ്ലാഗ്ഷിപ്പ് പ്രോസസറായ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പ് കരുത്തു നൽകുന്നു. 16 ജിബി വരെ റാമും 1 ടിബി വരെ ഇന്റേണൽ സ്റ്റോറേജും ഇവ വാഗ്ദാനം ചെയ്യുന്നു. ഗൂഗിളിന്റെ ആൻഡ്രോയിഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 10-ൽ പ്രവർത്തിക്കുന്ന ഈ രണ്ട് ഫോണുകളിലും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഉണ്ട്. ഹോണർ മാജിക് 8 പ്രോയിൽ 7,200mAh ബാറ്ററിയാണെങ്കിൽ മാജിക് 8-ൽ അല്പം ചെറിയ 7,000mAh ബാറ്ററിയാണുള്ളത്. ചൈനയിൽ ലോഞ്ച് ചെയ്ത ഫോൺ ഉടനെ തന്നെ ഇന്ത്യ അടക്കമുള്ള വിപണികളിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലെ ഹോണർ പ്രേമികൾ.
12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹോണർ മാജിക് 8-ന്റെ വില CNY 4,499 (ഏകദേശം 55,000 രൂപ) മുതൽ ആരംഭിക്കുന്നു. 12 ജിബി + 512 ജിബി പതിപ്പിന് CNY 4,799 (ഏകദേശം 59,100 രൂപ), 16 ജിബി + 512 ജിബി പതിപ്പിന് CNY 4,999 (ഏകദേശം 61,600 രൂപ), 16 ജിബി + 1TB പതിപ്പിന് CNY 5,499 (ഏകദേശം 67,800 രൂപ) എന്നിങ്ങനെ വില വരുന്നു. വെൽവെറ്റ് ബ്ലാക്ക്, സ്നോ വൈറ്റ്, സൺറൈസ് ഗോൾഡ്, അസൂർ ഗ്ലേസ് എന്നീ നാല് നിറങ്ങളിലാണ് ഫോൺ വരുന്നത്.
ഹോണർ മാജിക് 8 പ്രോയുടെ വില അൽപ്പം കൂടുതലാണ്. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് CNY 5,699 (ഏകദേശം 70,200 രൂപ) ആണ് വില. 12GB + 512GB പതിപ്പിന് CNY 5,999 (ഏകദേശം 73,900 രൂപ), 16GB + 512GB പതിപ്പിന് CNY 6,199 (ഏകദേശം 76,400 രൂപ), 16GB + 1TB പതിപ്പിന് CNY 6,699 (ഏകദേശം 83,000 രൂപ) എന്നിങ്ങനെ വില വരുന്നു. വെൽവെറ്റ് ബ്ലാക്ക്, സ്നോ വൈറ്റ്, അസൂർ ഗ്ലേസ്, സൺറൈസ് ഗോൾഡ് സാൻഡ് എന്നീ നാല് നിറങ്ങളിലാണ് ഇതും ലഭ്യമാവുക.
ഹോണർ മാജിക് 8, ഹോണർ മാജിക് 8 പ്രോ എന്നീ ഫോണുകൾ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 10-ലാണു പ്രവർത്തിക്കുന്നത്. കൂടാതെ 5G, വൈ-ഫൈ 7, ബ്ലൂടൂത്ത് 6.0, ജിപിഎസ്, എൻഎഫ്‌സി, ഒടിജി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുൾപ്പെടെ നിരവധി സവിശേഷതകൾ ഇവ പങ്കിടുന്നു. രണ്ട് ഫോണുകളിലും ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, കോമ്പസ്, പ്രോക്‌സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്‌കാനർ തുടങ്ങിയ സെൻസറുകൾ ഉൾപ്പെടുന്നു. പൊടി, ജലം എന്നിവയെ പ്രതിരോധിക്കാൻ IP68, IP69, IP69K റേറ്റിംഗുകളും ഇവയ്ക്കുണ്ട്.
മാജിക് 8 പ്രോയ്ക്ക് 6.71 ഇഞ്ച് 1.5K LTPO OLED ഡിസ്‌പ്ലേയുണ്ട്, അതേസമയം മാജിക് 8-ന് അല്പം ചെറിയ 6.58 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേയാണു വരുന്നത്. രണ്ട് സ്‌ക്രീനുകളും 120Hz റിഫ്രഷ് റേറ്റും 6,000nits എച്ച്ഡിആർ പീക്ക് ബ്രൈറ്റ്‌നെസും പിന്തുണയ്ക്കുന്നു. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് ഈ ഫോൺകൾക്കു കരുത്തു നൽകുന്നത്. മാജിക് പോയിൽ 16 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജും സ്റ്റാൻഡേർഡ് മോഡലിൽ അതിനേക്കാൾ കുറഞ്ഞ സ്റ്റോറേജും ഉണ്ടാകും.
രണ്ട് ഫോണുകളിലും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്. മാജിക് 8 പ്രോയിൽ കൂടുതൽ മികച്ച ടെലിഫോട്ടോ സെൻസറാണുള്ളത്, അതേസമയം സ്റ്റാൻഡേർഡ് മാജിക് 8 സൂപ്പർ നൈറ്റ് ടെലിഫോട്ടോ സെൻസറുമായി വരുന്നു.
മാജിക് 8 പ്രോ 100W വയേർഡ് ഫാസ്റ്റ് ചാർജിങ്ങ് പിന്തുണയുള്ള 7,200mAh ബാറ്ററിയുമായും മാജിക് 8 മോഡൽ 90W ഫാസ്റ്റ് ചാർജിങ്ങുള്ള 7,000mAh ബാറ്ററിയുമായും വരുന്നു. രണ്ടു ഫോണുകളും 80W വയർലെസ് ചാർജിങ്ങിനെ പിന്തുണയ്ക്കും. പ്രോയ്ക്ക് 161.15×75×8.32mm വലിപ്പവും 219 ഗ്രാം ഭാരവുമുള്ളപ്പോൾ സ്റ്റാൻഡേർഡ് പതിപ്പിന് 157.12×74.03×7.95mm വലിപ്പവും 205 ഗ്രാം ഭാരവുമാണുണ്ടാവുക.
പരസ്യം
പരസ്യം