Photo Credit: Samsung
സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരിക്കുന്ന സാംസങ്ങിൻ്റെ ഗാലക്‌സി അൺപാക്ക്ഡ് ഇവൻ്റ് ജനുവരി 22-ന് നടക്കാൻ പോവുകയാണ്. ഈ ഇവൻ്റിൽ സാംസങ്ങിൻ്റെ സാംസങ് ഗാലക്‌സി S25 സീരീസ് ഫോണുകൾ അവതരിപ്പിക്കും എന്നു പ്രതീക്ഷിക്കുന്നു. ഈ ലൈനപ്പിൽ ഗാലക്സി S25, ഗാലക്സി S25+, ഗാലക്സി S25 അൾട്രാ എന്നീ ഫോണുകൾ ഉൾപ്പെടാൻ സാധ്യതയുണ്ട്. ലോഞ്ച് തീയതി അടുത്തു വരുമ്പോൾ ഈ ഫോണുകളെക്കുറിച്ചുള്ള കൂടുതൽ ലീക്കുകളും അഭ്യൂഹങ്ങളും പുറത്തു വരുന്നുണ്ട്. ഏറ്റവും പുതിയ ചോർച്ചകളിൽ ഗാലക്‌സി S25 സീരീസിൻ്റെ വിലയെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു. ഏതു സ്റ്റോറേജ്, കോൺഫിഗറേഷൻ ഓപ്ഷനുകളിലുള്ള മോഡൽ ആയാലും വരാനിരിക്കുന്ന സീരീസിന് മുൻഗാമിയായ ഗാലക്‌സി S24 മോഡലുകളേക്കാൾ ഉയർന്ന വിലയുണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വില വർദ്ധനവ് ഹാർഡ്‌വെയർ അല്ലെങ്കിൽ ഡിസൈൻ എന്നിവയിലെ അപ്‌ഗ്രേഡുകളെ പ്രതിഫലിപ്പിച്ചേക്കാം. സാംസങ്ങിൻ്റെ മുൻനിര ഫോണുകളുടെ ആരാധകർ ഈ വിശദാംശങ്ങൾ സ്ഥിരീകരിക്കുന്നതിന് ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടി വരും.
സാമൂഹ്യമാധ്യമമായ എക്സ് (മുമ്പ് ട്വിറ്റർ) ഉപയോക്താവ് തരുൺ വാട്ട്‌സ് (@tarunvats33) അടുത്തിടെ പുറത്തു വിട്ട വിവരങ്ങളിൽ വരാനിരിക്കുന്ന സാംസങ് ഗാലക്‌സി S25 സീരീസിന് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില എത്രയാണെന്നു വെളിപ്പെടുത്തി. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന ഗാലക്‌സി S25 മോഡലിന് 84,999 രൂപയും 12 ജിബി + 512 ജിബി വേരിയൻ്റിന് 94,999 രൂപയും വില വരുമെന്ന് ലീക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സാംസങ്ങ് ഗാലക്സി S24 ആയി താരതമ്യം ചെയ്യുമ്പോൾ, അതിൻ്റെ 8GB+128GB വേരിയൻ്റിന് 74,999 രൂപ ആയിരുന്നു പ്രാരംഭ വില.
ഗാലക്സി S25+ ഫോണിൻ്റെ 12GB+256GB മോഡലിന് 1,04,999 രൂപയിൽ വില ആരംഭിക്കുമെന്ന് അഭ്യൂഹമുണ്ട്. ഇത് ഗാലക്സി S24+ മോഡലിൻ്റെ പ്രാരംഭ വിലയായ 99,999 രൂപയേക്കാൾ കൂടുതലാണ്. S25+ ൻ്റെ 12GB+512GB പതിപ്പിൻ്റെ വില 1,14,999 രൂപ ആയിരിക്കും.
അതേസമയം, ഇതിലെ മുൻനിര ഫോണായ ഗാലക്‌സി S25 അൾട്രായുടെ 12 ജിബി + 256 ജിബി മോഡലിന് 1,34,999 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. 16GB+512GB പതിപ്പിന് 1,44,999 രൂപയും 16GB+1TB വേരിയൻ്റിന് 1,64,999 രൂപയും വിലവരും. താരതമ്യപ്പെടുത്തുമ്പോൾ, ഗാലക്‌സി S24 അൾട്രായുടെ 256 ജിബി മോഡലിന് 1,29,999 രൂപയായിരുന്നു പുറത്തിറങ്ങുമ്പോൾ വില ഉണ്ടായിരുന്നത്.
പുതിയ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്‌സെറ്റ് ഉൾപ്പെടുത്തിയതു കൊണ്ടാകാം ഗാലക്‌സി S25 സീരീസിൻ്റെ എല്ലാ വേരിയൻ്റുകളിലും നേരിയ വില വർദ്ധനവ് ഉണ്ടാകുന്നതെന്ന് ഈ ലീക്ക് സൂചിപ്പിക്കുന്നു. ഈ നൂതന ചിപ്‌സെറ്റ് വില വർദ്ധനയെ നയിക്കുന്ന ഒരു പ്രധാന ഘടകമായി കരുതപ്പെടുന്നു.
ജനുവരി 22-ന് നടക്കുന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവൻ്റിൽ സാംസങ് ഗാലക്‌സി S25 സീരീസ് അനാച്ഛാദനം ചെയ്യാൻ ഒരുങ്ങുകയാണ്. ഫോണുകൾക്കായുള്ള പ്രീ-റിസർവേഷനുകൾ സാംസങ്ങിൻ്റെ ഇന്ത്യൻ വെബ്‌സൈറ്റ്, സാംസങ് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകൾ, ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയിലൂടെ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
പരസ്യം
പരസ്യം