റെഡ്മി നോട്ട് 16 പ്രോ+, റിയൽമി 16 പ്രോ+ എന്നിവ ഉടനെ ലോഞ്ച് ചെയ്യും; വിശേഷങ്ങൾ അറിയാം
റിയൽമി 16 സീരീസ് സ്മാർട്ട്‌ഫോണുകൾ ചൈനയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
സ്മാർട്ട്ഫോൺ ഇൻഡസ്ട്രിയിലെ പ്രധാനപ്പെട്ട രണ്ട് കമ്പനികളായ റിയൽമിയും റെഡ്മിയും സമീപഭാവിയിൽ പുതിയ സ്മാർട്ട്‌ഫോണുകൾ ലോഞ്ച് ചെയ്യാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഒരു ടിപ്‌സ്റ്റർ പറയുന്നതനുസരിച്ച്, രണ്ട് ബ്രാൻഡുകളും 200 മെഗാപിക്സൽ മെയിൻ ക്യാമറയുള്ള "പ്രോ+" മോഡൽ പുറത്തിറക്കാൻ പ്രവർത്തിക്കുന്നു എന്നാണ്. പുതിയ ഫോണുകൾ റിയൽമി 16 പ്രോ+, റെഡ്മി നോട്ട് 16 പ്രോ+ എന്നീ പേരുകളിൽ വിളിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. റിയൽമി 14 പ്രോ+ മോഡലിനു ശേഷം പ്രോ+ സീരീസിലേക്കുള്ള കമ്പനിയുടെ തിരിച്ചു വരവു കൂടിയാണിത്. റിയൽമി 16 പ്രോ+ ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങുമെന്ന് പറയപ്പെടുന്നു. കൂടാതെ ഇത് മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമായേക്കാം. ഈ വരാനിരിക്കുന്ന സ്മാർട്ട്‌ഫോണുകൾ ഇന്ത്യൻ സ്മാർട്ട്‌ഫോൺ ആരാധകർക്കിടയിൽ, പ്രത്യേകിച്ച് മിഡ്-റേഞ്ച് വിഭാഗത്തിൽ മികച്ച നിലവാരമുള്ള ക്യാമറ ഫീച്ചറുകൾ തിരയുന്നവരിൽ ആവേശം ജനിപ്പിക്കുന്നു. ലോഞ്ച് വിപണിയിൽ വളരെയധികം ശ്രദ്ധ ആകർഷിക്കുമെന്നും പ്രതീക്ഷിക്കുന്നു. ലോഞ്ചിങ്ങ് അടുക്കുമ്പോൾ ഇവയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണു പ്രതീക്ഷിക്കുന്നത്.
സ്മാർട്ട് പിക്കാച്ചു (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്തത്) എന്ന ടിപ്‌സ്റ്റർ വരാനിരിക്കുന്ന ഒരു മിഡ്-റേഞ്ച് റെഡ്മി സ്മാർട്ട്‌ഫോണിന്റെ ക്യാമറയെക്കുറിച്ചുള്ള വിശദാംശങ്ങൾ അടുത്തിടെ ഷെയർ ചെയ്യുകയും അത് ടെസ്റ്റിങ്ങിലാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഗിസ്‌മോചിനയുടെ അഭിപ്രായത്തിൽ, ഈ ലീക്ക് റെഡ്മി നോട്ട് 16 പ്രോ+ ഫോണുമായി ബന്ധപ്പെട്ടിരിക്കുന്നു. വിവരങ്ങൾ ശരിയാണെങ്കിൽ, ഫോണിന് 200 മെഗാപിക്സൽ മെയിൻ റിയ ക്യാമറയുണ്ടാകാം. ഒരു മിഡ്-റേഞ്ച് ഫോണിനെ സംബന്ധിച്ച് ഇതൊരു മികച്ച സവിശേഷതയാണ്.
ഷവോമിയുടെ അറിയപ്പെടുന്ന എതിരാളിയായ റിയൽമി, 200 മെഗാപിക്സൽ റിയർ ക്യാമറയുള്ള ഒരു മിഡ്-റേഞ്ച് ഫോൺ പുറത്തിറക്കാൻ പദ്ധതിയിടുന്നുണ്ടെന്നും ടിപ്‌സ്റ്റർ പരാമർശിച്ചു. ഈ ഫോൺ റിയൽമി 16 പ്രോ+ ആയിരിക്കാം, ഇതിന് 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും ടെലിഫോട്ടോ ക്യാമറയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ടെലിഫോട്ടോ ലെൻസിന്റെ കൃത്യമായ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
എന്നാൽ, റിയൽമിയോ റെഡ്മിയോ ഈ റിപ്പോർട്ടുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ, ഈ വിവരങ്ങളെ ജാഗ്രതയോടെ സമീപിക്കുകയും കമ്പനികളിൽ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയും വേണം.
വരാനിരിക്കുന്ന റെഡ്മി നോട്ട് 16 പ്രോ+ ഫോണിനെക്കുറിച്ച് ഇതുവരെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പക്ഷേ, ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത് റിയൽമി 16 പ്രോ+ ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ്. റിയൽമി ഫോൺ നാല് റാം + സ്റ്റോറേജ് ഓപ്ഷനുകളിൽ പുറത്തു വരുമെന്നു പ്രതീക്ഷിക്കുന്നു. 8GB റാം + 128GB സ്റ്റോറേജ്, 8GB റാം + 256GB സ്റ്റോറേജ്, 12GB റാം + 256GB സ്റ്റോറേജ്, 12GB റാം + 512GB സ്റ്റോറേജ് എന്നിവയായിരിക്കും അത്. മാസ്റ്റർ ഗ്രേ, മാസ്റ്റർ ഗോൾഡ്, കാമെലിയ പിങ്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകാൻ സാധ്യതയുണ്ട്. ഇന്ത്യയിലെ കൃത്യമായ ലോഞ്ച് തീയതി, ഫുൾ സ്പെസിഫിക്കേഷനുകൾ, വില എന്നിവ വരും ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
റെഡ്മി നോട്ട് 16 പ്രോ+ ഈ മാസം അവസാനം ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന റെഡ്മി നോട്ട് 15 പ്രോ+ ഫോണിനു പിന്നാലെ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഓഗസ്റ്റ് 21-ന് ചൈനയിലാണ് നോട്ട് 15 പ്രോ+ ആദ്യമായി ലോഞ്ച് ചെയ്തത്. ചൈനയിൽ, 1,280×2,772 പിക്സൽ റെസല്യൂഷനോടുകൂടിയ 6.83 ഇഞ്ച് 1.5K ഡിസ്പ്ലേയും, 120Hz റിഫ്രഷ് റേറ്റ്, 3,200nits പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിനുണ്ട്. 16GB വരെ LPDDR4x റാമും 512GB UFS 2.2 സ്റ്റോറേജുമായി ജോടിയാക്കിയ ക്വാൽകോം സ്നാപ്ഡ്രാഗൺ 7s ജെൻ 4 ആണ് ഇതിന് കരുത്ത് പകരുന്നത്.
പരസ്യം
പരസ്യം