ഗീക്ബെഞ്ചിൽ പ്രത്യക്ഷപ്പെട്ട് റെഡ്മി K90 പ്രോ; വിശദമായി അറിയാം
                Photo Credit: Redmi
റെഡ്മി കെ 80 പ്രോയുടെ പിൻഗാമിയാണെന്ന് കരുതപ്പെടുന്ന ഫോണാണ് റെഡ്മി കെ 90 പ്രോ (മുകളിൽ കാണിച്ചിരിക്കുന്നത്)
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റെഡ്മി കഴിഞ്ഞ വർഷം നവംബറിൽ പുറത്തിറങ്ങിയ റെഡ്മി K80 പ്രോ ഇന്ത്യയിൽ ശ്രദ്ധിക്കപ്പെട്ട ഫോണായിരുന്നു. മത്സരാത്മകമായ വിലയിൽ ഫ്ലാഗ്ഷിപ്പ് നിലവാരമുള്ള ഒരു ഫോൺ എന്ന നിലയിലാണ് റെഡ്മി K80 പ്രോ ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. അതിൻ്റെ ലോഞ്ചിങ്ങ് കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ കമ്പനി അതേ സീരീസിൻ്റെ ഭാഗമായുള്ള ഫോണായ റെഡ്മി K90 പ്രോ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അടുത്തിടെ, ഈ ഫോൺ ഒരു ബെഞ്ച്മാർക്കിംഗ് വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെടുകയും അതിന്റെ ചില സവിശേഷതകൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ഫോണിൻ്റെ ലോഞ്ചിങ്ങ് അടുത്തായിരിക്കുമെന്ന സൂചന നൽകുന്നു. ലിസ്റ്റിംഗ് അനുസരിച്ച്, റെഡ്മി K90 പ്രോയിൽ ഒക്ടാ കോർ പ്രോസസർ ആയിയിരിക്കും, ഇത് ക്വാൽകോമിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മൊബൈൽ ചിപ്‌സെറ്റ് ആയിരിക്കാനും സാധ്യതയുണ്ട്. 16 ജിബി റാമുമായി വരുന്ന ഫോൺ ഏറ്റവും പുതിയ ആൻഡ്രോയിഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
"Xiaomi 25102RKBEC" എന്ന മോഡൽ നമ്പറുള്ള ഒരു റെഡ്മി സ്മാർട്ട്‌ഫോൺ ഗീക്ക്ബെഞ്ചിൽ പ്രത്യക്ഷപ്പെട്ടതായി @yabhishekhd എന്ന ഐഡിയുള്ള ടിപ്സ്റ്ററാണു റിപ്പോർട്ട് ചെയ്തത്. 3.63GHz ബേസ് ഫ്രീക്വൻസിയുള്ള ARMv8 ആർക്കിടെക്ചർ ഉപയോഗിക്കുന്ന ഒക്ടാ-കോർ പ്രോസസർ ഫോണിനുണ്ടെന്ന് ലിസ്റ്റിംഗ് കാണിക്കുന്നു. 4.61GHz-ൽ പ്രവർത്തിക്കുന്ന രണ്ട് ഹൈ പെർഫോമോൻസ് കോറുകളും 3.63GHz ബേസ് സ്പീഡിൽ പ്രവർത്തിക്കുന്ന ആറ് കോറുകളും ഈ പ്രോസസറിലുണ്ട്.
മേൽപ്പറഞ്ഞ കോൺഫിഗറേഷൻ സൂചിപ്പിക്കുന്നത് ഫോണിന് പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റാണു കരുത്ത് പകരുന്നത് എന്നാണ്. ഇതേ കോർ സെറ്റപ്പാണ് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പിനുമുള്ളത്. മോഡൽ നമ്പറിൽ നിന്നും ഇത് റെഡ്മി K90 പ്രോ ആയിരിക്കുമെന്ന കാര്യവും സ്ഥിരീകരിക്കുന്നുണ്ട്.
ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് പ്രകാരം ഫോണിൽ ഏകദേശം 14.66GB റാമുള്ളതായാണു കാണിക്കുന്നത്. അതിനാൽ 16GB RAM ആയിരിക്കും ഇതിലുണ്ടാവുക. ആൻഡ്രോയ്ഡ് 16-ൽ പ്രവർത്തിക്കുന്ന ഈ ഫോൺ ഷവോമിയുടെ ഏറ്റവും പുതിയ HyperOS 3 സോഫ്റ്റ്‌വെയറുമായി വന്നേക്കാം. ഫോണിനുള്ളിലെ മദർബോർഡ് "canoe" എന്ന കോഡ് നാമത്തിലാണു തിരിച്ചറിയപ്പെടുന്നത്.
റെഡ്മി K90 പ്രോ എത്രത്തോളം മികച്ച പെർഫോമൻസ് കാഴ്ച വെക്കുമെന്ന് ബെഞ്ച്മാർക്ക് റിസൾട്ടുകളിൽ നിന്നും ഒരു ധാരണ ലഭിക്കുന്നുണ്ട്. ആൻഡ്രോയിഡ് AArch64 ടെസ്റ്റിനുള്ള ഗീക്ക്ബെഞ്ച് 6.5.0-ൽ, സിംഗിൾ-കോർ പെർഫോമൻസിൽ ഈ ഫോൺ 3,559 പോയിന്റുകളും മൾട്ടി-കോർ പെർഫോമൻസിൽ 11,060 പോയിന്റുകളും നേടി. ഈ റിസൾട്ടുകൾ സൂചിപ്പിക്കുന്നത് റെഡ്മി K90 പ്രോ സെപ്തംബറിൽ ലോഞ്ച് ചെയ്ത ഷവോമി 17-ന് സമാനമായ പെർഫോമൻസ് വാഗ്ദാനം ചെയ്യുമെന്നാണ്. രണ്ടു ഫോണുകളും ഒരേ ചിപ്‌സെറ്റ് ആണ് ഉപയോഗിക്കുന്നതും. ഷവോമി 17-ന്റെ ഗീക്ക്ബെഞ്ച് സ്കോർ സിംഗിൾ-കോറിന് 3,621, മൾട്ടി-കോറിന് 11,190 എന്നിങ്ങനെയാണ്.
റെഡ്മി K90 പ്രോയുടെ ഔദ്യോഗിക ലോഞ്ച് തീയതി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മുൻകാല പാറ്റേണുകൾ പ്രകാരം 2025-ന്റെ നാലാം പാദത്തിൽ, അതായത് നവംബറിൽ തന്നെ ലോഞ്ച് ചെയ്തേക്കാം എന്നാണ്. ഈ ഫോൺ പോക്കോ F8 അൾട്രാ എന്ന പേരിലാകും ആഗോളതലത്തിൽ വിപണനം ചെയ്യപ്പെടുക.
പരസ്യം
പരസ്യം