Photo Credit: Realme
റിയൽമിയുടെ മിഡ് റേഞ്ച് സ്മാർട്ട്ഫോണായ നാർസോ 70 കർവ് ഉടനെ തന്നെ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പേരു പോലെത്തന്നെ കർവ്ഡ് ഡിസ്പ്ലേയാണ് ഈ ഫോണിനുണ്ടാവുക. ഇതുവരെ ഫോണിൻ്റെ റിലീസ് റിയൽമി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പുതിയതായി ലീക്കായ വിവരങ്ങൾ അതിൻ്റെ റാം, സ്റ്റോറേജ് ഓപ്ഷനുകൾ, നിറങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തുന്നതായ. ലീക്കായ വിവരങ്ങൾ അനുസരിച്ച്, നാർസോ 70 കർവ് നാല് വ്യത്യസ്ത റാം, സ്റ്റോറേജ് കോമ്പിനേഷനുകളിലാണ് വരുന്നത്. അതേ സമയം ഈ ഫോൺ രണ്ട് നിറങ്ങളിൽ ലഭ്യമാകും. റിയൽമി നാർസോ 70 സീരീസിൽ ഇതിനകം തന്നെ നാല് മോഡലുകൾ ഉൾപ്പെടുന്നുണ്ട്. ഈ മോഡലുകൾക്കെല്ലാം മീഡിയാടെക് ഡൈമൻസിറ്റി ചിപ്‌സെറ്റുകളാണ് കരുത്തു നൽകുന്നത്. മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ ഉപയോക്താക്കൾക്ക് കൂടുതൽ ചോയ്‌സുകൾ വാഗ്ദാനം ചെയ്താണ് ഈ ലൈനപ്പിലേക്ക് നാർസോ 70 കർവ് കൂടി ചേർക്കുന്നത്.
ഇൻഡസ്ട്രി സോഴ്സുകളെ അടിസ്ഥാനമാക്കി കഴിഞ്ഞ ദിവസം 91മൊബൈൽസാണ് റിയൽമി നാർസോ 70 കർവിൻ്റെ റാം, സ്റ്റോറേജ്, കളർ എന്നിവയെക്കുറിച്ച് വെളിപ്പെടുത്തിയത്. റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ നാല് വ്യത്യസ്ത റാമിലും സ്റ്റോറേജ് കോമ്പിനേഷനുകളിലും ഈ ഫോൺ അവതരിപ്പിക്കാനാണ് സാധ്യത. 8GB റാം + 128GB സ്റ്റോറേജ്, 8GB റാം + 256GB സ്റ്റോറേജ്, 12GB റാം + 256GB സ്റ്റോറേജ്, 12GB റാം + 512GB സ്റ്റോറേജ് എന്നീ ഓപ്ഷനുകൾ ലഭിക്കും.
ഡീപ് വയലറ്റ്, ഡീപ് സ്‌പേസ് ടൈറ്റാനിയം എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ റിയൽമി നാർസോ 70 കർവ് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. RMX3990 എന്ന മോഡൽ നമ്പറാണ് ഫോണിനുള്ളതെന്നും റിപ്പോർട്ടുകൾ പറയുന്നു.
നാർസോ 70 സീരീസിൻ്റെ ഭാഗമായി ഒരു പുതിയ ഫോൺ ലോഞ്ച് ചെയ്യുന്നത് റിയൽമി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, എന്നാൽ അടുത്ത മാസം അവസാനത്തോടെ ഇത് ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഫോണിൻ്റെ വില 15,000 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയിലായിരിക്കുമെന്നാണ്. നാർസോ 70, നാർസോ 70 പ്രോ, നാർസോ 70x, നാർസോ 70 ടർബോ 5G എന്നീ മോഡൽ ഫോണുകൾ ഉൾപ്പെടുന്നതാണ് റിയൽമി നാർസോ 70 സീരീസ്. ഇതിലെ മറ്റ് മോഡലുകൾക്ക് സമാനമായ ഡിസൈനും സവിശേഷതകളും പുതിയ മോഡലിനും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.
റിയൽമി നാർസോ 70 5G-യിൽ മീഡിയാടെക് ഡൈമൻസിറ്റി 7050 പ്രോസസറാണുള്ളത്. നാർസോ 70 പ്രോ 5G മോഡലും അതേ ചിപ്‌സെറ്റ് തന്നെ ഉപയോഗിക്കുന്നു. അതേസമയം നാർസോ 70 ടർബോ 5G ഡൈമെൻസിറ്റി 7300 എനർജി 5G പ്രോസസറുമായാണ് വരുന്നത്. നാർസോ 70x മീഡിയാടെക് ഡൈമൻസിറ്റി 6100+ ചിപ്പ്സെറ്റ് ഉപയോഗിക്കുന്നു. നാല് മോഡലുകളിലും 50 മെഗാപിക്സൽ മെയിൻ റിയർ ക്യാമറ ഉൾപ്പെടുന്നു. കൂടാതെ 5,000mAh ബാറ്ററിയാണ് ഈ ഫോണുകളിലുള്ളത്.
പരസ്യം
പരസ്യം