Photo Credit: 91Mobiles
റിയൽമി 14 സീരീസിൽ പുതിയൊരു കൂട്ടിച്ചേർക്കലായി റിയൽമി 14T ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമിയുടെ പുതിയ ഫോണായ റിയൽമി 14T ഇന്ത്യയിൽ ഉടൻ തന്നെ ലോഞ്ച് ചെയ്‌തേക്കാം. കമ്പനി ഇതുവരെ ഔദ്യോഗികമായി ലോഞ്ച് തീയതി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്തിടെ പുറത്തുവന്ന ലീക്കുകളിൽ നിന്നും ഇന്ത്യയിൽ ഈ ഫോണിനു പ്രതീക്ഷിക്കുന്ന വില സംബന്ധിച്ച സൂചന ലഭിച്ചിട്ടുണ്ട്. ലീക്ക് അനുസരിച്ച്, റിയൽമി 14T മോഡൽ ഫോൺ 8 ജിബി റാമുമായി വരും, കൂടാതെ 128 ജിബി, 256 ജിബി എന്നീ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യും. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. റിയൽമി 14T യുടെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന് അതിന്റെ വലിയ 6,000mAh ബാറ്ററിയാണ്, ഇത് ഒറ്റ ചാർജിൽ ദീർഘകാല ഉപയോഗം നൽകും. അതിനു പുറമെ, പൊടിയും വെള്ളവും പ്രതിരോധിക്കുന്ന കാര്യത്തിൽ IP69 റേറ്റിംഗുമായി ഫോൺ വരുമെന്നു പ്രതീക്ഷിക്കുന്നു. കൃത്യമായ ലോഞ്ച് തീയതിയും വിലയും ഉൾപ്പെടെയുള്ള കൂടുതൽ വിശദാംശങ്ങൾ റിയൽമി ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പേര് വെളിപ്പെടുത്താത്ത സ്രോതസ്സുകളെ ഉദ്ധരിച്ച്, 91Mobiles, വരാനിരിക്കുന്ന റിയൽമി 14T സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള ലീക്കായ ചില വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച്, രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ ഫോൺ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. 8GB റാമും 128GB സ്റ്റോറേജുമുള്ള പതിപ്പിന് 17,999 രൂപയും, 8GB റാമും 256GB സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയും വിലവരും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
റിയൽമി 14T ഫോണിൻ്റെ പ്രമോഷണൽ ഇമേജ് പോലെ തോന്നിക്കുന്ന ഒരു ചിത്രവും ലീക്കായി പുറത്തു വന്നിട്ടുണ്ട്. ഫോൺ വാങ്ങുമ്പോൾ 1,000 രൂപ ഉപഭോക്താക്കൾക്ക് ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കുമെന്ന് ഈ ചിത്രം സൂചിപ്പിക്കുന്നു. എന്നിരുന്നാലും, റിയൽമി ഇതുവരെ ഈ വിശദാംശങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
റിയൽമി 14 സീരീസിലെ പുതിയ സ്മാർട്ട്‌ഫോണായിരിക്കും റിയൽമി 14T. ഫോൺ ഇതുവരെ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ലെങ്കിലും, അടുത്തിടെ പുറത്തിറങ്ങിയ ഒരു പോസ്റ്റർ അതിന്റെ ചില പ്രധാന സവിശേഷതകളെ സംബന്ധിച്ചു സൂചന നൽകുന്നുണ്ട്.
പോസ്റ്റർ അനുസരിച്ച്, റിയൽമി 14T-യിൽ 2,100 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുള്ള AMOLED ഡിസ്‌പ്ലേ ഉണ്ടായിരിക്കും. അതായത് സൂര്യപ്രകാശത്തിൽ പോലും സ്‌ക്രീൻ വളരെ വ്യക്തമായിരിക്കും. പൊടിയെയും വെള്ളത്തെയും വളരെയധികം പ്രതിരോധിക്കുന്ന IP69 റേറ്റിംഗും ഫോണിനുണ്ടെന്ന് പറയപ്പെടുന്നു. ഉപയോക്താക്കൾക്ക് ദീർഘനേരം ബാറ്ററി ലൈഫ് നൽകുന്ന വലിയ 6,000mAh ബാറ്ററിയും ഇതിലുണ്ടാകും.
റിയൽമി 14T രണ്ട് നിറങ്ങളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. മൗണ്ടൻ ഗ്രീൻ, ലൈറ്റനിംഗ് പർപ്പിൾ എന്നിവയാണ് ഈ നിറങ്ങൾ.
നേരത്തെ, ഫോൺ അലിഎക്സ്പ്രസിൽ പ്രത്യക്ഷപ്പെട്ടിരുന്നു, അവിടെ അതിന്റെ ചില പ്രധാന സവിശേഷതകളും വെളിപ്പെടുത്തിയിരുന്നു. 1,080 x 2,340 പിക്സൽ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.6 ഇഞ്ച് ഫുൾ HD+ ഡിസ്പ്ലേയുമായി റിയൽമി 14T വരുമെന്ന് ലിസ്റ്റിംഗ് കാണിക്കുന്നു, ഇത് സ്ക്രോളിംഗും ആനിമേഷനുകളും സുഗമമാക്കും.
ഫോണിന് ഇരട്ട റിയർ ക്യാമറ സെറ്റപ്പ് ആയിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. പ്രധാന ക്യാമറ 50 മെഗാപിക്സലാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിൽ ഉൾപ്പെട്ടേക്കാം.
ഫോണിന്റെ ഒരു പ്രധാന സവിശേഷത അതിന്റെ 100W ഫാസ്റ്റ് ചാർജിംഗ് പിന്തുണയാണ്, ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയുമെന്ന് ഇതിലൂടെ ഉറപ്പിക്കാം. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുള്ള ഈ ഫോൺ ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള UI 6.0-യിൽ പ്രവർത്തിക്കുന്നു. ഈ ഫോണിൽ 5G, NFC തുടങ്ങി കണക്റ്റിവിറ്റി പിന്തുണകൾ ഉണ്ടാകുമെന്നാണു കിംവദന്തികൾ.
റിയൽമി 14T ഹാൻഡ്സെറ്റിന് 163.1 x 75.6 x 7.9mm വലിപ്പവും ഏകദേശം 196 ഗ്രാം ഭാരവുമുണ്ടാകുമെന്നും പറയപ്പെടുന്നു.
പരസ്യം
പരസ്യം