Photo Credit: Oppo
Oppo ഫൈൻഡ് N5 ചൈനയിൽ Oppo വാച്ച് X2 നൊപ്പം അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്നു
പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ ഫോൾഡബിൾ ഫോണായ ഫൈൻഡ് N5 അടുത്തയാഴ്ച ചൈനയിലും മറ്റ് ആഗോള വിപണികളിലും ഒരേ സമയം അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കമ്പനിയിൽ നിന്നുള്ള നിരവധി ടീസറുകൾക്ക് ശേഷമാണ് ഇതിൻ്റെ ലോഞ്ചിങ്ങിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. ഓപ്പോ ഫൈൻഡ് N5-ൻ്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന് അതിലെ 3D പ്രിൻ്റഡ് ടൈറ്റാനിയം അലോയ് ഹിംഗാണ്. ഫോട്ടോഗ്രഫിക്കായി റിയർ പാനലിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണവും ഈ ഫോണിന് ഉണ്ടാകുമെന്ന് അഭ്യൂഹമുണ്ട്. കൂടാതെ, മൂന്ന് വ്യത്യസ്ത നിറങ്ങളിലുള്ള ഫൈൻഡ് N5-ൻ്റെ ചിത്രങ്ങളും ഓപ്പോ പങ്കിട്ടിരുന്നു. എന്നാൽ, ഈ കളർ ഓപ്ഷനുകളിലൊന്ന് ചൈനയ്ക്ക് മാത്രമായിരിക്കാമെന്നും മറ്റ് വിപണികളിൽ ലഭ്യമായേക്കില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ലോഞ്ചിലൂടെ, മറ്റ് പ്രീമിയം ഫോൾഡബിൾ ഫോണുകളുമായി മത്സരിക്കാൻ ഓപ്പോ ലക്ഷ്യമിടുന്നുണ്ട്.
ഫെബ്രുവരി 20-ന് സിംഗപ്പൂരിൽ നടക്കുന്ന ചടങ്ങിൽ ഓപ്പോ അവരുടെ പുതിയ ഫോൾഡബിൾ ഫോണായ ഫൈൻഡ് N5 അവതരിപ്പിക്കും. ഇവൻ്റ് സിംഗപ്പൂർ സമയം വൈകുന്നേരം 7 മണിക്ക് (4:30 PM IST) ആരംഭിക്കും. ചൈനയിലും ആഗോള വിപണികളിലും ഒരേ സമയം ഫോൺ പുറത്തിറങ്ങും.
ചൈനയിൽ നടക്കുന്ന അതേ പരിപാടിയിൽ തങ്ങളുടെ മറ്റൊരു പ്രൊഡക്റ്റായ ഓപ്പോ വാച്ച് X2 അവതരിപ്പിക്കുമെന്ന് ഓപ്പോ സ്ഥിരീകരിച്ചു.
ഓപ്പോ ഫൈൻഡ് N5 മൂന്ന് നിറങ്ങളിൽ വരുമെന്ന് വെയ്‌ബോയിലെ ഒരു ടീസർ കാണിക്കുന്നു. ജേഡ് വൈറ്റ്, സാറ്റിൻ ബ്ലാക്ക്, ട്വിലൈറ്റ് പർപ്പിൾ എന്നിവയാണ് മൂന്നു നിറങ്ങൾ. എന്നിരുന്നാലും, യുട്യൂബിലെ ആഗോള ലോഞ്ചിങ്ങുമായി ബന്ധപ്പെട്ടുള്ള ഒരു ടീസറിൽ പർപ്പിൾ നിറം കാണിക്കുന്നില്ല.
ഓപ്പോ ഫൈൻഡ് N5 ഫോണിൻ്റെ "എബൗട്ട്" വിഭാഗത്തിൻ്റെ ലീക്കായ സ്‌ക്രീൻഷോട്ട് (ഗിസ്മോച്ചിന ഷെയർ ചെയ്തത്) വരാനിരിക്കുന്ന ഉപകരണത്തെ കുറിച്ചുള്ള പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു. ഏഴ് കോറുകളുള്ള, ക്വാൽകോം പുതുതായി പുറത്തിറക്കിയ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് പ്രോസസറുമായാണ് ഇത് വരുന്നത്. ഫോണിന് 512 ജിബി സ്റ്റോറേജും 16 ജിബി റാമും ഉണ്ടായിരിക്കും, വെർച്വൽ റാമായി സൗജന്യ സ്റ്റോറേജ് സ്‌പെയ്‌സ് ഉപയോഗിച്ച് 12 ജിബി കൂടുതൽ ചേർക്കാൻ കഴിയുമെന്നുള്ള ഓപ്ഷനുമുണ്ട്.
ഓപ്പോ ഫൈൻഡ് N5-ന് മൂന്ന് റിയർ ക്യാമറകളുണ്ടാകും. പ്രധാന ക്യാമറ 50 മെഗാപിക്സൽ ആയിരിക്കും, കൂടാതെ സൂമിനും വൈഡ് ആംഗിൾ ഷോട്ടുകൾക്കും വേണ്ടിയുള്ള 50 മെഗാപിക്സൽ, 8 മെഗാപിക്സൽ ക്യാമറകളും ഉണ്ടാകും. കൂടാതെ, ഈ ഫോണിന് രണ്ട് 8 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറകൾ ഉണ്ടായിരിക്കും. ഇവയിൽ ഒന്ന് പുറം സ്ക്രീനിലും ഒന്ന് അകത്തെ സ്ക്രീനിലുമായിരിക്കും.
ആൻഡ്രോയിഡ് 15 അധിഷ്ഠിതമായ ഓപ്പോയുടെ ColorOS 15 സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഫോൺ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലീക്കായ സ്‌ക്രീൻഷോട്ടിൽ ഇതിന് 5,600mAh ബാറ്ററി ഉണ്ടായിരിക്കുമെന്നും ബാറ്ററി 80W ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും പിന്തുണയ്‌ക്കുമെന്നും കാണിക്കുന്നു. ഈ ലീക്കുകൾ ശരിയാണെങ്കിൽ, ഫെബ്രുവരി 20-ന് ലോഞ്ച് ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഓപ്പോ ഫൈൻഡ് N5 ഫോണിൻ്റെ സവിശേഷതകളെ കുറിച്ച് കൃത്യമായ ധാരണ ലഭിച്ചിട്ടുണ്ട്.
പരസ്യം
പരസ്യം