എഫ്സിസി സർട്ടിഫിക്കേഷൻ സൈറ്റിൽ വൺപ്ലസ് പാഡ് ഗോ 2; ലോഞ്ചിങ്ങ് ഈ മാസമുണ്ടാകും
പാഡ് ഗോ 2 ന് ഒറ്റ പിൻ ക്യാമറ മാത്രമേ ഉണ്ടാകൂ, 8 ജിബി റാമിൽ ലഭ്യമാകും.
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസ് ഇന്ത്യയിലും മറ്റുള്ള ആഗോള വിപണികളിലും മറ്റൊരു ടാബ്‌ലെറ്റ് മോഡൽ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വൺപ്ലസ് പാഡ് ഗോ 2 എന്ന പേരിലുള്ള ടാബ്‌ലറ്റിൻ്റെ ഔദ്യോഗിക ലോഞ്ച് ഡിസംബർ 17-ന് നടക്കും. പുതിയ ടാബ്‌ലറ്റിൽ കമ്പനി എന്തൊക്കെ സവിശേതകളാണു വാഗ്ദാനം ചെയ്യുന്നതെന്ന് അറിയാൻ നിരവധി ടെക് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലോഞ്ചിങ്ങിനു മുന്നോടിയായി, ഈ ടാബ്‌ലെറ്റ് ഒരു സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ ലിസ്റ്റിംഗ് ടാബ്‌ലറ്റ് യഥാർത്ഥത്തിൽ പുറത്തു വരാനിരിക്കുന്ന കാര്യം സ്ഥിരീകരിക്കുന്നതിനു പുറമെ, അതിന്റെ സവിശേഷതകളെക്കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങളും വെളിപ്പെടുത്തുന്നു. വിവരങ്ങൾ അനുസരിച്ച്, വൺപ്ലസ് പാഡ് ഗോ 2 പുതിയ ആൻഡ്രോയിഡ് 16 സോഫ്റ്റ്‌വെയറിനെ അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 16-ൽ പ്രവർത്തിക്കും. ബ്ലൂടൂത്ത്, വൈ-ഫൈ 6 എന്നിവയെ ഈ ടാബ്‌ലെറ്റ് പിന്തുണയ്ക്കുമെന്നും പറയപ്പെടുന്നു. വൺപ്ലസ് പാഡ് ഗോ 2 ടാബ്‌ലെറ്റിന് മെച്ചപ്പെട്ട പെർഫോമൻസും മികച്ച കസ്റ്റമർ എക്സ്പീരിയൻസും നൽകാൻ കഴിയുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു.
ടെക് ഔട്ട്‌ലുക്ക് റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം, യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (FCC) വെബ്‌സൈറ്റിൽ OPD2504 എന്ന മോഡൽ നമ്പറിൽ വൺപ്ലസ് പാഡ് ഗോ 2 കണ്ടെത്തിയിട്ടുണ്ട്. FCC ഐഡി 2ABZ2-OPD2504 ഉള്ള ഡാറ്റാബേസിലാണ് ഇത് കാണപ്പെടുന്നത്. യുഎസിൽ വിൽക്കുന്നതോ നിർമ്മിക്കുന്നതോ ആയ ഏതൊരു ഉപകരണവും റേഡിയോ ഫ്രീക്വൻസി (RF) എമിഷൻ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ FCC അംഗീകാരം നേടേണ്ടതുണ്ട്, അതിനാൽ ഈ ലിസ്റ്റിംഗ് ടാബ്‌ലെറ്റ് ലോഞ്ചിന് തയ്യാറെടുക്കുന്നു എന്നാണു സ്ഥിരീകരിക്കുന്നത്.
ലിസ്റ്റിംഗ് അനുസരിച്ച്, പുതിയ വൺപ്ലസ് ടാബ്‌ലെറ്റ് ഓക്സിജൻഒഎസ് 16-ൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്യുവൽ-ബാൻഡ് വൈഫൈ (2.4GHz, 5GHz) ഉൾപ്പെടെ വൈഫൈ 6, ബ്ലൂടൂത്ത് എന്നിവയെയും ഇത് പിന്തുണച്ചേക്കാം. ലിസ്റ്റിംഗിൽ 2G, 3G, 4G, 5G നെറ്റ്‌വർക്കുകൾക്കുള്ള സപ്പോർട്ട് കാണിക്കുന്നതിനാൽ, വൺപ്ലസ് പാഡ് ഗോ 2-ന്റെ 5G വേർഷൻ പുറത്തിറക്കിയേക്കാം.
FCC ലിസ്റ്റിംഗ് കൂടുതൽ സ്പെസിഫിക്കേഷനുകളൊന്നും വ്യക്തമാക്കുന്നില്ല. പക്ഷേ ടാബ്‌ലെറ്റിന്റെ ഹാർഡ്‌വെയർ വേർഷൻ "11" എന്ന് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അതിൽ പരാമർശിക്കുന്നു.
വൺപ്ലസ് പാഡ് ഗോ 2 ഡിസംബർ 17-ന് ഇന്ത്യയിലും ആഗോള വിപണികളിലും പുറത്തിറങ്ങുമെന്ന് വൺപ്ലസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മിഡ്-റേഞ്ച് വിഭാഗത്തിൽ "ഉയർന്ന നിലവാരമുള്ളതും എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്നതുമായ" അനുഭവം ഈ പുതിയ ടാബ്‌ലെറ്റ് നൽകുമെന്ന് കമ്പനി പറയുന്നു. ലാവെൻഡർ ഡ്രിഫ്റ്റ്, ഷാഡോ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ വൺപ്ലസ് പാഡ് ഗോ 2 വിൽക്കും. 5G കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന ആദ്യത്തെ വൺപ്ലസ് ടാബ്‌ലെറ്റാണിതെന്ന് പറയപ്പെടുന്നതിനാൽ ഷാഡോ ബ്ലാക്ക് പതിപ്പ് പ്രത്യേകിച്ചും ശ്രദ്ധേയമാണ്.
മറ്റൊരു പ്രധാന കൂട്ടിച്ചേർക്കൽ വൺപ്ലസ് പാഡ് ഗോ 2 സ്റ്റൈലോ ആണ്. പാഡ് ഗോ സീരീസിൽ അവതരിപ്പിച്ച ആദ്യത്തെ സ്റ്റൈലസാണിത്. വിദ്യാർത്ഥികൾ, കലാകാരന്മാർ എന്നിവർക്കും എഴുത്ത്, വരയ്ക്കൽ അല്ലെങ്കിൽ പ്രൊഡക്റ്റിവിറ്റി ജോലികൾക്കായി ഒരു ഡിവൈസ് ആവശ്യമുള്ളവർക്കും വേണ്ടി ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ടാബ്‌ലെറ്റിൽ സിംഗിൾ റിയർ ക്യാമറ സെറ്റപ്പും ഉണ്ടായിരിക്കും.
2023 ഒക്ടോബറിൽ പുറത്തിറങ്ങിയ വൺപ്ലസ് പാഡ് ഗോയുടെ പിൻഗാമിയായി വൺപ്ലസ് പാഡ് ഗോ 2 എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. മെച്ചപ്പെടുത്തിയ സവിശേഷതകൾ, പുതിയ ആക്‌സസറികൾ, അപ്‌ഗ്രേഡു ചെയ്‌ത കണക്റ്റിവിറ്റി ഓപ്ഷനുകൾ എന്നിവ ഉപയോഗിച്ച്, പാഡ് ഗോ 2 മിഡ്-റേഞ്ച് ടാബ്‌ലെറ്റ് വിപണിയിൽ മികച്ച കസ്റ്റമർ എക്സ്പീരിയൻസ് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
പരസ്യം
പരസ്യം