വൺപ്ലസ് 15R ലോഞ്ചിങ്ങ് അടുത്തു; ഫോണിൻ്റെ വിലയെ കുറിച്ചുള്ള സൂചനകൾ പുറത്ത്
Photo Credit: OnePlus
വൺപ്ലസ് 15R ഉടൻ ലോഞ്ച് ശക്തമായ പ്രോസസർ മികച്ച ക്യാമറ ഫാസ്റ്റ് ചാർജിംഗ്
ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡായ വൺപ്ലസ് ഈ ആഴ്ച അവസാനത്തോടെ ഇന്ത്യയിലും മറ്റ് അന്താരാഷ്ട്ര വിപണികളിലും വൺപ്ലസ് 15R ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, ഫോണിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ വെളിപ്പെടുത്തുന്ന നിരവധി ടീസറുകൾ കമ്പനി ഇതിനകം പങ്കിടുകയുണ്ടായി. ഈ ടീസറുകൾ ഫോണിൻ്റെ പ്രധാന സവിശേഷതകൾ, ഡിസൈൻ, ലഭ്യമാകുന്ന കളർ ഓപ്ഷനുകൾ എന്നിവ എടുത്തു കാണിക്കുന്നു. അതേസമയം, ഇന്ത്യയിൽ വൺപ്ലസ് 15R-നു പ്രതീക്ഷിക്കുന്ന വിലയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഒരു ടിപ്‌സ്റ്റർ പങ്കുവെച്ചിട്ടുണ്ട്. രണ്ട് വ്യത്യസ്ത റാമിലും സ്റ്റോറേജ് വേരിയന്റുകളിലും സ്മാർട്ട്‌ഫോൺ വാഗ്ദാനം ചെയ്യുമെന്നു ലീക്കുകൾ പരാമർശിക്കുന്നു. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് പുതിയ ഫോൺ എങ്ങനെ വാങ്ങാൻ കഴിയുമെന്ന വിവരവും വൺപ്ലസ് സ്ഥിരീകരിച്ചു. വൺപ്ലസ് 15R ഒരു ജനപ്രിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയും ഇന്ത്യയിലെ ഔദ്യോഗിക വൺപ്ലസ് വെബ്‌സൈറ്റിലൂടെയും വാങ്ങാൻ കഴിയും. ഫോണിൻ്റെ ലോഞ്ച് ദിവസം ഇതുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സ്മാർട്ട്ഫോൺ പ്രേമികൾ.
@passionategeekz എന്ന ഹാൻഡിൽ ഉപയോഗിക്കുന്ന ടെക് ബ്ലോഗർ പരാസ് ഗുഗ്ലാനി എക്സിൽ പങ്കിട്ട ഒരു പോസ്റ്റ് അനുസരിച്ച്, വരാനിരിക്കുന്ന വൺപ്ലസ് 15R-ന്റെ വിലയും മെമ്മറി വിശദാംശങ്ങളും ലീക്കായിട്ടുണ്ട്. വിവരങ്ങൾ ഒരു ഇൻ്റേണൽ സോഴ്സിൽ നിന്നാണ് വരുന്നതെന്ന് പറയപ്പെടുന്നു. ലീക്കുകൾ പ്രകാരം, വൺപ്ലസ് 15R രണ്ട് റാം + സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാകും. 12GB റാം + 256GB സ്റ്റോറേജ്, 12GB റാം + 512GB സ്റ്റോറേജ് എന്നിവയാണത്.
512GB ഇന്റേണൽ സ്റ്റോറേജുള്ള ഉയർന്ന വേരിയന്റിന് ഇന്ത്യയിൽ 52,000 രൂപ വില പ്രതീക്ഷിക്കുന്നു. 256GB സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് 47,000 മുതൽ 49,000 രൂപ വരെ വിലയുണ്ടാകുമെന്ന് പറയപ്പെടുന്നു.
വിലനിർണ്ണയത്തിന് പുറമേ, വൺപ്ലസ് ബാങ്ക് ഓഫറുകൾ നൽകിയേക്കാമെന്നും ലീക്കുകൾ സൂചിപ്പിക്കുന്നു. തിരഞ്ഞെടുത്ത ബാങ്കുകളിൽ നിന്ന് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ വാങ്ങുന്നവർക്ക് 3,000 രൂപ അല്ലെങ്കിൽ 4,000 രൂപ വരെ കിഴിവുകൾ ലഭിക്കും.
ഈ വിശദാംശങ്ങൾ കൃത്യമാണെങ്കിൽ, വൺപ്ലസ് 15R-ന്റെ വില വൺപ്ലസ് 13R-നേക്കാൾ വളരെ കൂടുതലായിരിക്കും. വൺപ്ലസ് 13R-ൻ്റെ 12GB RAM + 256GB സ്റ്റോറേജ് പതിപ്പ് 42,999 രൂപയ്ക്കും, 16GB RAM + 512GB സ്റ്റോറേജ് മോഡൽ 49,999 രൂപയ്ക്കുമാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.
ചൈനയിൽ അടുത്തിടെ പുറത്തിറക്കിയ വൺപ്ലസ് ഏയ്സ് 6T-യുടെ റീബ്രാൻഡഡ് പതിപ്പായിരിക്കും വൺപ്ലസ് 15R എന്ന് പ്രതീക്ഷിക്കുന്നു. 12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് CNY 2,599 (ഏകദേശം 33,000 രൂപയോളം) എന്ന പ്രാരംഭ വിലയിലാണ് ഫോൺ അവതരിപ്പിച്ചത്. 16GB റാമും 1TB സ്റ്റോറേജും ഉൾപ്പെടുന്ന വൺപ്ലസ് എയ്സ് 6T-യുടെ ഏറ്റവും ഉയർന്ന വേരിയന്റിന്, ലോഞ്ച് സമയത്ത് CNY 3,699 (ഏകദേശം 47,000 രൂപ) ആയിരുന്നു വില.
ഇന്ത്യയിൽ, വൺപ്ലസ് 15R ഡിസംബർ 17-ന് ലോഞ്ച് ചെയ്യാൻ തീരുമാനിച്ചിരുന്നു. ലോഞ്ചിന് ശേഷം, ആമസോണിലൂടെയും ഔദ്യോഗിക വൺപ്ലസ് ഇന്ത്യ ഓൺലൈൻ സ്റ്റോറിലൂടെയും ഇത് വാങ്ങാൻ ലഭ്യമാകും. ചാർക്കോൾ ബ്ലാക്ക്, മിന്റ് ഗ്രീൻ, ഇലക്ട്രിക് വയലറ്റ് എന്നീ മൂന്ന് നിറങ്ങളിലാണ് ഈ സ്മാർട്ട്‌ഫോൺ വിൽക്കുന്നത്.
നവംബർ 26-ന് അനാച്ഛാദനം ചെയ്ത 3nm ടെക്നോളജിയിൽ നിർമ്മിച്ച ക്വാൽകോമിന്റെ ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസറാണ് വൺപ്ലസ് 15R-ന് കരുത്ത് പകരുന്നതെന്ന് കമ്പനി സ്ഥിരീകരിച്ചു. പുതിയ G2 Wi-Fi ചിപ്പും ടച്ച് റെസ്‌പോൺസ് ചിപ്പും ഈ ചിപ്‌സെറ്റുമായി ജോടിയാക്കും. 7,400mAh ബാറ്ററിയും ഫോണിലുണ്ടാകും. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമായി വരുന്ന ഈ ഫോണിൽ ഓട്ടോഫോക്കസുള്ള 32 മെഗാപിക്സൽ ക്യാമറ സെൻസർ ഉൾപ്പെടുമെന്ന് കമ്പനി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
പരസ്യം
പരസ്യം