Photo Credit: Honor
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഹോണർ 2023 ഡിസംബർ മാസത്തിൽ ചൈനയിൽ ഹോണർ 90 GT എന്ന മോഡൽ ലോഞ്ച് ചെയ്തിരുന്നു. ഇപ്പോൾ, അതിൻ്റെ പിൻഗാമിയായി ഒരു പുതിയ മോഡൽ ഉടൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മാസം അവസാനം പുതിയ ഹോണർ GT പ്രൊഡക്റ്റുകൾ വെളിപ്പെടുത്തുമെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന ഈ പ്രൊഡക്റ്റുകൾ ഏതൊക്കെയെന്നും അവയുടെ കൃത്യമായ പേരുകളും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അവയിലൊരു ഫോൺ ഹോണർ 100 GT എന്ന് വിളിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ഈ പ്രഖ്യാപനത്തോടൊപ്പം, ഹോണർ 100 GT എന്ന് വിശ്വസിക്കപ്പെടുന്ന ഫോണിൻ്റെ ഡിസൈൻ സംബന്ധിച്ച വിവരങ്ങളും ഹോണർ പങ്കു വെക്കുകയുണ്ടായി. ഹോണർ 90 GT-യുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പുതിയ മോഡൽ മെച്ചപ്പെട്ട സ്പെസിഫിക്കേഷനുകളോടെയാണ് വരുന്നതെന്ന് നേരത്തെ ലീക്കായ വിവരങ്ങൾ വ്യക്തമാക്കിയിരുന്നു. നവീകരണങ്ങളിൽ മികച്ച ബാറ്ററിയും കൂടുതൽ ശക്തമായ ചിപ്‌സെറ്റും ഉൾപ്പെട്ടേക്കാം. ഈ മാസം അവസാനം ഔദ്യോഗിക ലോഞ്ച് നടക്കുന്നതിനൊപ്പം കൂടുതൽ വിശദാംശങ്ങളും പ്രതീക്ഷിക്കുന്നു.
തങ്ങളുടെ പുതിയ ഹോണർ GT സീരീസിലെ പ്രൊഡക്റ്റുകൾ ഡിസംബർ 16-ന് പ്രാദേശിക സമയം വൈകുന്നേരം 7:30-ന് (5 PM IST) ചൈനയിൽ അവതരിപ്പിക്കുമെന്ന് ഒരു വെയ്‌ബോ പോസ്റ്റിലൂടെ ഹോണർ അറിയിച്ചു. ഈ പുതിയ പ്രൊഡക്റ്റുകളുടെ ഔദ്യോഗികമായ പേരുകൾ കമ്പനി ഇതുവരെ പങ്കിട്ടിട്ടില്ല. എന്നിരുന്നാലും, ഉൽപ്പന്നങ്ങളിലൊന്ന് ഹോണർ 100 GT ആയിരിക്കുമെന്ന് അഭ്യൂഹമുണ്ട്.
ഒരു ഹോണർ GT സ്മാർട്ട്‌ഫോണിൻ്റെ ഡിസൈനാണ് ടീസറിലെ ചിത്രം കാണിക്കുന്നത്. രണ്ട് ക്യാമറ സെൻസറുകളും ക്യാപ്സൂൾ ആകൃതിയിലുള്ള LED ഫ്ലാഷും ഉള്ള ദീർഘചതുരാകൃതിയിലുള്ള റിയർ ക്യാമറ മൊഡ്യൂളാണ് ഇതിൻ്റെ സവിശേഷത. മൊഡ്യൂളിൻ്റെ ഒരു മൂലയിൽ "GT" എന്ന അക്ഷരങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ഫോൺ വെള്ള അല്ലെങ്കിൽ വെള്ളി നിറത്തിലാണു കാണാൻ കഴിയുന്നത്. കൂടാതെ, ഫോൺ MagicOS-ൽ പ്രവർത്തിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വരാനിരിക്കുന്ന ഹോണർ 100 GT ഒരു സ്‌നാപ്ഡ്രാഗൺ 8 Gen 3 പ്രൊസസർ, "ഉയർന്ന ഡെൻസിറ്റിയുള്ള സിലിക്കൺ" ബാറ്ററി എന്നിവയുമായി വരുമെന്ന് അഭ്യൂഹമുണ്ട്. മികച്ച കാഴ്ചാനുഭവത്തിനായി 1.5K റെസല്യൂഷനും ഐ പ്രൊട്ടക്ഷൻ ടെക്നോളജിയും ഉള്ള ഫ്ലാറ്റ് LTPS ഡിസ്‌പ്ലേ ആകും ഇതിൽ ഉണ്ടാവുകയെന്നും പ്രതീക്ഷിക്കുന്നു.
മുമ്പത്തെ ലീക്കുകൾ അനുസരിച്ച്, ഹോണർ 100 GT ഫോണിൽ 50 മെഗാപിക്സൽ സോണി "IMX9xx" പ്രൈമറി റിയർ ക്യാമറയാകും ഉണ്ടാവുക. കൂടുതൽ സുരക്ഷയ്ക്കായി ഫോണിൽ 3D അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസറും ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
ഇതിനു മുൻപു പുറത്തു വന്ന ഹോണർ 90 GT ഫോണിൽ സോണി IMX800 സെൻസർ ഉൾപ്പെടുന്ന 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സംവിധാനമുണ്ട്. 2,664 x 1,200 പിക്സൽ ഫുൾ HD+ റെസല്യൂഷനുള്ള 6.7 ഇഞ്ച് OLED സ്‌ക്രീനാണ് ഇതിൻ്റെ സവിശേഷത. സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രൊസസറാണ് ഹോണർ 90 GT ഫോണിനു കരുത്തു നൽകുന്നത്. 100W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയും ഇതിലുണ്ട്. സുരക്ഷയ്ക്കായി, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസറുമായാണ് ഈ ഫോൺ വരുന്നത്.
പരസ്യം
പരസ്യം