മോട്ടോ ജി പവർ (2026) ലോഞ്ചിങ്ങ് പൂർത്തിയായി; പ്രധാനപ്പെട്ട വിവരങ്ങൾ അറിയാം
Photo Credit: Motorola
മോട്ടോ ജി പവർ (2026): വില ഏകദേശം $299 (~₹27,000), 6.8″ 120Hz ഡിസ്‌പ്ലേ, 5200 mAh ബാറ്ററി, MediaTek Dimensity 6300, 50MP OIS ക്യാമറ, 32MP സെൽഫി, Android 16
പ്രമുഖ ബ്രാൻഡായ മോട്ടറോള തിരഞ്ഞെടുത്ത ആഗോള വിപണികളിൽ മോട്ടോ ജി പവർ (2026) എന്ന പുതിയ ഫോൺ ലോഞ്ച് ചെയ്തു. ചൊവ്വാഴ്ചയാണ് ഫോൺ ഔദ്യോഗികമായി പുറത്തിറക്കിയത്. മോട്ടോ ജി പവർ (2025) മോഡലിൻ്റെ പിൻഗാമിയായി വരുന്ന ഈ മോഡലിന് വില ഉയർന്നിട്ടുണ്ട്. ചില ചെറിയ മാറ്റങ്ങൾ ഈ ഫോണിൽ ഉണ്ടാകുമെങ്കിലും വലിയ ഹാർഡ്‌വെയർ അപ്‌ഗ്രേഡുകളൊന്നും വാഗ്ദാനം ചെയ്യുന്നില്ലെന്നതു നിരാശയാണ്. കഴിഞ്ഞ വർഷത്തെ പതിപ്പിൽ ഉപയോഗിച്ച അതേ മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറിലാണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. മുൻ മോഡലിനെ അപേക്ഷിച്ച് ബാറ്ററി കപ്പാസിറ്റിയും ചാർജിംഗ് സവിശേഷതകളും വലിയ മാറ്റമില്ലാതെ തുടരുന്നു. രണ്ട് പുതിയ കളർ ഓപ്ഷനുകളിലാണ് മോട്ടറോള ജി പവർ വരുന്നത്. സെൽഫി ക്വാളിറ്റിയും വീഡിയോ കോളുകളും മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷ നൽകി ഫോണിന് അൽപ്പം അപ്‌ഗ്രേഡ് ചെയ്ത ഫ്രണ്ട് ഫേസിംഗ് ക്യാമറയുണ്ട്. മറ്റൊരു പ്രധാന മാറ്റം ശക്തമായ ഡിസ്പ്ലേ പ്രൊട്ടക്ഷനാണ്. കനേഡിയൻ, യുഎസ് വിപണികൾക്കായാണ് മോട്ടോ ജി പവർ (2026) ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
മോട്ടോ ജി പവർ (2026) ഫോണിന് യുഎസിൽ $299.99 ആണ് വില, അതായത് ഏകദേശം 27,100 രൂപ. കാനഡയിൽ CAD 449.99 (ഏകദേശം 29,550 രൂപ) ആണ് ഇതിനു വില. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിലാണ് ഈ ഫോൺ വരുന്നത്. വാങ്ങുന്നവർക്ക് ഈവനിംഗ് ബ്ലൂ, പ്യുവർ കാഷ്മീർ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഒന്ന് തിരഞ്ഞെടുക്കാം. ജനുവരി 8 മുതൽ യുഎസിലും കാനഡയിലും ഫോൺ വിൽപ്പനയ്‌ക്കെത്തും. മോട്ടറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും തിരഞ്ഞെടുത്ത ഓൺലൈൻ സ്റ്റോറുകളിൽ നിന്നും ഓഫ്‌ലൈൻ റീട്ടെയിൽ ഷോപ്പുകളിൽ നിന്നും ഇത് വാങ്ങാൻ ലഭ്യമാകും.
മോട്ടോ ജി പവർ (2026) 2388 × 1080 പിക്സൽ റെസല്യൂഷനുള്ള വലിയ 6.8 ഇഞ്ച് ഫുൾ HD+ LCD ഡിസ്പ്ലേയുമായാണ് വരുന്നത്. സ്ക്രീൻ 120Hz റീഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്നു. 1,000nits വരെ എത്താൻ കഴിയുന്ന പീക്ക് ബ്രൈറ്റ്നസ് മോഡും ഇതിനുണ്ട്. ഈ ഫോണിൻ്റെ ഡിസ്പ്ലേ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i ഉപയോഗിച്ച് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഫോണിലുള്ള ഡോൾബി അറ്റ്‌മോസ് സ്റ്റീരിയോ സ്പീക്കറുകൾ മികച്ച ഓഡിയോ അനുഭവം നൽകുന്നു.
ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത് ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറാണ്. ഇത് 8GB റാമും 128GB ബിൽറ്റ്-ഇൻ സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു. സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1TB വരെ വികസിപ്പിക്കാൻ കഴിയും. ഫോൺ ആൻഡ്രോയിഡ് 16-ൽ തന്നെ പ്രവർത്തിക്കുന്നു.
ഫോട്ടോഗ്രാഫിക്കായി, മോട്ടോ ജി പവറിൽ (2026) ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ മെയിൽ ക്യാമറയും 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും ഇതിനോടൊപ്പമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 32 മെഗാപിക്സൽ ക്യാമറയുണ്ട്. മികച്ച ഫോട്ടോകൾ എടുക്കാൻ സഹായിക്കുന്നതിന് ഓട്ടോ നൈറ്റ് വിഷൻ, പോർട്രെയിറ്റ് മോഡ്, ഓട്ടോ സ്മൈൽ ക്യാപ്ചർ, ഷോട്ട് ഒപ്റ്റിമൈസേഷൻ തുടങ്ങിയ AI സവിശേഷതകളും ഈ ക്യാമറകളിൽ ഉൾപ്പെടുന്നു.
5,200mAh ബാറ്ററിയാണ് ഫോണിന് കരുത്ത് പകരുന്നത്. 30W വയർഡ് ചാർജിംഗും 15W വയർലെസ് ചാർജിംഗും ഇത് പിന്തുണയ്ക്കുന്നു. 3.5mm ഹെഡ്‌ഫോൺ ജാക്ക്, NFC പിന്തുണ, FM റേഡിയോ, സുരക്ഷയ്ക്കായി ഒരു സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ എന്നിവ മറ്റു സവിശേഷതകളാണ്.
പരസ്യം
പരസ്യം