ഐക്യൂ നിയോ 11 ഫോണിൻ്റെ പ്രധാന സവിശേഷതകൾ ലീക്കായി പുറത്ത്
Photo Credit: iQOO
സ്നാപ്ഡ്രാഗൺ 8s Gen 4 SoC പ്രോസസറുമായി ഐക്യുഒ നിയോ 10 ഇന്ത്യയിൽ പുറത്തിറങ്ങി
സ്മാർട്ട്ഫോൺ പ്രേമികളിൽ നിരവധി പേരുടെ പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നായ ഐക്യൂ നിയോ 11 ലോഞ്ചിങ്ങിനു തയ്യാറെടുക്കുന്നതായി സൂചനകൾ. ഇത് ആദ്യം ചൈനയിൽ എത്തിയതിനു ശേഷമാകും മറ്റുള്ള ആഗോള വിപണികളിൽ ലഭ്യമാവുക. വിവോയുടെ സബ് ബ്രാൻഡായ ഐക്യൂ പുതിയ നിയോ സീരീസ് ഫോൺ പുറത്തിറക്കാനുള്ള പദ്ധതികളൊന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, പുതിയ ഫോണിനെ കുറിച്ചുള്ള ചില വിവരങ്ങൾ ഒരു ടിപ്സ്റ്റർ പങ്കുവെച്ചിട്ടുണ്ട്. മുൻഗാമിയായ നിയോ 10 മോഡലിനെ അപേക്ഷിച്ച് ഇതിൽ വലിയ അപ്‌ഗ്രേഡ് ഉണ്ടാകുമെന്നാണ് വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. വരാനിരിക്കുന്ന ഐക്യൂ നിയോ 11 ഉയർന്ന റെസല്യൂഷനുള്ള 2K ഡിസ്‌പ്ലേയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം ഇറങ്ങിയ ക്വാൽകോമിന്റെ ഏറ്റവും മികച്ച സ്‌നാപ്ഡ്രാഗൺ പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നതെന്നും അഭ്യൂഹമുണ്ട്. കൃത്യമായ സ്പെസിഫിക്കേഷനുകളും വിലയും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഔദ്യോഗിക ലോഞ്ച് തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിനായി ഐക്യൂ നിയോ സീരീസിന്റെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ചൈനീസ് സോഷ്യൽ മീഡിയയായ വെയ്ബോയിൽ സ്മാർട്ട് പിക്കാച്ചു എന്ന പേരിലുള്ള ടിപ്സ്റ്റർ പുറത്തു വിട്ട വിവരങ്ങൾ പ്രകാരം "ഫ്ലാഗ്ഷിപ്പ്" പെർഫോമൻസും പ്രീമിയം ഡിസൈനും വാഗ്ദാനം ചെയ്തു കൊണ്ടുള്ള മികച്ച അപ്ഗ്രേഡ് ഐക്യൂ നിയോ 11-ന് ലഭിക്കും. അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്‌കാനറുള്ള 2K റെസല്യൂഷൻ ഡിസ്‌പ്ലേ ഈ ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പിനു മുൻപു പുറത്തു വന്ന സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റിലാണ് ഇത് പ്രവർത്തിക്കുകയെന്നാണ് റിപ്പോർട്ട്.
ഐക്യൂ നിയോ 11 ഫോണിൽ 7,500mAh ബാറ്ററിയാകും ഉണ്ടാവുകയെന്നാണു പറയപ്പെടുന്നത്. ഗെയിമിംഗ് പെർഫോമൻസും ഫ്രെയിം റേറ്റുകളും മെച്ചപ്പെടുത്തുമെന്ന് കരുതുന്ന, ഐക്യൂ 15-ലുള്ള അതേ 'മോൺസ്റ്റർ സൂപ്പർകോർ എഞ്ചിൻ' ഇതിലും ഉൾപ്പെടുത്തുമെന്ന് ടിപ്‌സ്റ്റർ കൂട്ടിച്ചേർക്കുന്നു.
ഐക്യുഒ നിയോ 11 പ്രോയുടെ ഒപ്പം നവംബർ അല്ലെങ്കിൽ ഡിസംബറോടെ ചൈനയിൽ ഫോൺ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്. രണ്ട് മോഡലുകൾക്കും 6.8 ഇഞ്ചിൽ കൂടുതൽ വലിപ്പമുള്ള സ്‌ക്രീനും മെറ്റൽ ഫ്രെയിമും 100W വയർഡ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന ബാറ്ററിയും ആകുമെന്നു നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. പ്രോ പതിപ്പിൽ ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റ് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് ഫോണുകളും ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ OriginOS 6-ൽ പ്രവർത്തിച്ചേക്കാം.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐക്യൂ നിയോ 10-ന്റെ അടുത്ത പതിപ്പായിട്ടാണ് ഐക്യൂ നിയോ 11 വരുന്നത്, 6.78 ഇഞ്ച് കർവ്ഡ് 8T LTPO AMOLED ഡിസ്‌പ്ലേ, 1,260×2,800 പിക്‌സൽ റെസല്യൂഷൻ എന്നിവയായിരുന്നു ഇതിനുള്ളത്. നിയോ 10-ന് 50 മെഗാപിക്‌സൽ ഡ്യുവൽ റിയർ ക്യാമറകൾ, 16 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ, 120W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,100mAh ബാറ്ററി എന്നിവ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ചൈനയിൽ ലോഞ്ച് ചെയ്ത ഇത് ഗെയിമിംഗിനായുള്ള ഐക്യൂവിൻ്റെ സ്വന്തം ക്യു2 ചിപ്പ്, സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസർ എന്നിവയുമായാണ് എത്തിയത്.
ഈ വർഷം മെയ് മാസത്തിൽ ഐക്യൂ നിയോ 10 ഇന്ത്യയിലും എത്തി. 8 ജിബി + 128 ജിബി പതിപ്പിന് ഇന്ത്യയിൽ 31,999 രൂപ ആയിരുന്നു. സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 പ്രോസസറാണ് ഇതിലുള്ളത്. 32 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയും 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,000mAh ബാറ്ററിയും ഇതിലുണ്ട്.
പരസ്യം
പരസ്യം