Photo Credit: Honor
ഹോണർ X9c 5G ഇന്ത്യയിൽ ജേഡ് സിയാൻ, ടൈറ്റാനിയം ബ്ലാക്ക് നിറങ്ങളിൽ വിൽക്കും
2024 നവംബറിൽ ആഗോള വിപണികളിൽ ലോഞ്ച് ചെയ്ത ഫോണാണ് ഹോണർ X9c 5G എങ്കിലും ഇതുവരെ അത് ഇന്ത്യയിലേക്ക് എത്തിയിരുന്നില്ല. എന്നാൽ കാത്തിരിപ്പിന്ന് അവസാനം കുറിച്ച് ഉടനെ തന്നെ ഹോണർ X9c ഇന്ത്യൻ വിപണിയിൽ അവതരിക്കാൻ പോവുകയാണ്. ജൂലൈ ആദ്യവാരം ഇന്ത്യയിൽ ഹോണർ X9c ലോഞ്ച് ചെയ്യുമെന്ന് കമ്പനി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഇതിനു പുറമെ ഫോണിൻ്റെ ചില സവിശേഷതകളും കളർ സംബന്ധിച്ച വിവരങ്ങളും കൂടി കമ്പനി പുറത്തു വിട്ടിട്ടുണ്ട്. ക്യാമറയുടെ കാര്യത്തിൽ മികച്ച നിലവാരം ഉറപ്പു നൽകുന്ന ഹോണർ X9c-യിൽ 108 മെഗാപിക്സൽ മെയിൽ ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. വിലയുടെ കാര്യത്തിൽ മിഡ്-റേഞ്ച് കാറ്റഗറിയിൽ ഉൾപ്പെടുന്ന ഈ ഫോൺ 1.5K കർവ്ഡ് AMOLED ഡിസ്പ്ലേയുമായി വരുന്നു. 2024 നവംബറിൽ ഇന്ത്യയിലെത്തിയ ഹോണർ X9b-യുടെ പിൻഗാമിയായ ഹോണർ X9c കരുത്തുറ്റ 6,600mAh ബാറ്ററിയുള്ള ഫോണാണ്. ആമസോണിലൂടെ മാത്രമാകും ഇത് ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാവുക.
ഒരു ഔദ്യോഗിക പത്രക്കുറിപ്പിലൂടെ ഹോണർ X9c 5G ജൂലൈ 7-ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ആമസോണിലൂടെ മാത്രം ലഭ്യമാകുന്ന ഈ ഫോൺ ജൂലൈ 12 മുതൽ വാങ്ങാൻ കഴിയും. ജേഡ് സിയാൻ, ടൈറ്റാനിയം ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് ഹോണർ X9c 5G ലഭ്യമാവുകയെന്നും കമ്പനി സ്ഥിരീകരിച്ചു.
സ്റ്റോറേജ്, മെമ്മറി എന്നിവ സംബന്ധിച്ച വിവരങ്ങളും കമ്പനി പുറത്തു വിട്ടിട്ടുണ്ട്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഒരേയൊരു വേരിയൻ്റിൽ മാത്രമാകും ഹോണർ X9c 5G ഇന്ത്യയിൽ എത്തുക. ലോഞ്ചിനു മുന്നോടിയായുള്ള പത്രക്കുറിപ്പിലൂടെ തന്നെയാണ് ഈ വിവരങ്ങളെല്ലാം ഹോണർ പങ്കുവെച്ചത്.
ഗ്ലോബൽ വേരിയൻ്റിനുള്ള അതേ സവിശേഷതകളോടെയായിരിക്കും ഇന്ത്യയിൽ ഹോണർ X9c 5G പുറത്തിറങ്ങുക. മികച്ച പെർഫോമൻസിനായി ഡിസൈൻ ചെയ്‌തിരിക്കുന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 പ്രോസസറാണ് ഇതിനു കരുത്തു നൽകുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 9.0-ൽ ഫോൺ പ്രവർത്തിക്കും. ആപ്പുകൾക്കിടയിൽ എളുപ്പത്തിൽ മാറാനും മൾട്ടിടാസ്കിംഗ് മെച്ചപ്പെടുത്താനും ഉപയോക്താക്കളെ സഹായിക്കുന്ന മാജിക് പോർട്ടൽ എന്ന പ്രത്യേക സവിശേഷതയും ഈ സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അടിസ്ഥാനമാക്കിയുള്ള ചില സ്മാർട്ട് സവിശേഷതകളും ഫോണിലുണ്ടാകും. മൂവ്മെൻ്റുകൾ കണ്ടെത്താനാകുന്ന AI മോഷൻ സെൻസിംഗ്, ഫോട്ടോകളിൽ നിന്ന് അനാവശ്യ വസ്തുക്കൾ നീക്കം ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന AI ഇറേസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ക്യാമറകളുടെ കാര്യത്തിൽ, ഹോണർ X9c 5G-യിൽ f/1.7 അപ്പേർച്ചറുള്ള 108 മെഗാപിക്സൽ മെയിൻ റിയർ ക്യാമറയാണ് ഉണ്ടാവുക. ഇത് 3x ലോസ്‌ലെസ് സൂം വരെ പിന്തുണയ്ക്കും, അതായത് സൂം ചെയ്താലും ചിത്രങ്ങളുടെ നിലവാരം നഷ്ടപ്പെടാതെ സഹായിക്കാൻ ഇതിനു കഴിയും. ഫോട്ടോകളിലെയും വീഡിയോകളിലെയും മങ്ങൽ കുറയ്ക്കാൻ സഹായിക്കുന്ന ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (EIS) എന്നിവയെയും ക്യാമറ പിന്തുണയ്ക്കും.
6.78 ഇഞ്ച് കർവ്ഡ് AMOLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1.5K റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ്, 3,840Hz PWM ഡിമ്മിംഗ് റേറ്റ് എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു. ഫ്ലിക്കർ-ഫ്രീ ആയതിനാലും കുറഞ്ഞ ബ്ലൂ ലൈറ്റ് ഉൽപ്പാദിപ്പിക്കുന്നതിനാലും സ്‌ക്രീനിന്ന് TÜV റൈൻലാൻഡ് സർട്ടിഫിക്കേഷനുണ്ട്, ഇത് ദീർഘനേരം ഉപയോഗിക്കുമ്പോൾ കണ്ണുകൾക്ക് സംരക്ഷണം ഉറപ്പു നൽകുന്നു.
ഇന്ത്യൻ വേരിയൻ്റിനായി ആമസോൺ ഒരുക്കിയ മൈക്രോസൈറ്റിൽ, ഫോൺ SGS ഡ്രോപ്പ് റെസിസ്റ്റൻസ് ടെസ്റ്റുകളിൽ വിജയിച്ചതായി സ്ഥിരീകരിക്കുന്നുണ്ട്. ഫോൺ ശക്തമായതും ഈടുനിൽക്കുന്നതുമാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഇതിന് IP65M റേറ്റിംഗും ഉണ്ട്.
ഹോണർ X9c 5G ഫോണിന് സ്ലിം ബോഡി ആയിരിക്കും. 7.98mm മാത്രം കനമുള്ള ഈ ഫോണിന് ഏകദേശം 189 ഗ്രാം ഭാരമുണ്ടാകും. സാധാരണ ബാറ്ററികളേക്കാൾ കൂടുതൽ നേരം നീണ്ടുനിൽക്കുന്ന 6600mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഇതിന് കരുത്ത് പകരുന്നത്. ഇത് 66W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
പരസ്യം
പരസ്യം