Photo Credit: Honor
സ്മാർട്ട്ഫോൺ വിപണിയിൽ ഓരോ ദിവസവും മത്സരം കൂടി വരികയാണ്. പ്രീമിയം ഫോണുകൾക്കും ബഡ്ജറ്റ് നിരക്കിലുള്ള ഫോണുകൾക്കുമെല്ലാം ഒരുപോലെ ഡിമാൻഡ് ഉള്ളതിനാൽ തന്നെ നിരവധി മോഡലുകൾ ഓരോ ദിവസവും പുറത്തു വരുന്നു. ഇതിനിടയിൽ വാഴുന്നവരും വീഴുന്നവരുമുണ്ട്. വിപണിയിലെ ഈ മത്സരത്തിനൊപ്പം നിൽക്കാൻ പ്രമുഖ ബ്രാൻഡായ ഹോണർ തങ്ങളുടെ പുതിയ മോഡൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഹോണർ X7s 4G എന്ന പുതിയ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുന്ന തീയ്യതി എന്നാണെന്ന കാര്യം കമ്പനി ഇതുവരെ അറിയിച്ചിട്ടില്ലെങ്കിലും ഇതിൻ്റെ ഡിസൈനും സവിശേഷതകളുമെല്ലാം ഓൺലൈനിൽ പുറത്തു വരുന്നുണ്ട്. മൂന്നു നിറങ്ങളിൽ ലഭ്യമാകുമെന്നു പ്രതീക്ഷിക്കുന്ന ഈ ഹാൻഡ്സെറ്റിൽ സ്നാപ്ഡ്രാഗൺ 685 ചിപ്പ്സെറ്റാണു സജ്ജീകരിച്ചിക്കുന്നത്. ഹോണർ X7b യുടെ പിൻഗാമിയായി പുറത്തു വരുന്ന ഈ ഫോണിൽ 108 മെഗാപിക്സൽ സെൻസറുള്ള ക്യാമറയാണുണ്ടാവുക. 5200mAh ബാറ്ററിയും ഹോണർ X7c സ്മാർട്ട്ഫോണിൻ്റെ സവിശേഷതയാണ്.
പുറത്തു വരാനിരിക്കുന്ന ഹോണർ X7c ഫോണിൻ്റെ ഡിസൈൻ വിവരങ്ങളും മറ്റു വിശദാംശങ്ങളും സംബന്ധിച്ച റിപ്പോർട്ട് 91മൊബൈൽസ് ആണു പങ്കിട്ടത്. പുറത്തു വന്ന വിവരങ്ങളിൽ നിന്നും ലഭ്യമായ വിവരമനുനുസരിച്ച്, ഫോൺ മൂന്ന് നിറങ്ങളിൽ ലഭ്യമാകും. ബ്ലാക്ക്, ഗ്രീൻ, വൈറ്റ് എന്നീ നിറങ്ങളിലാണ് ഈ ഫോൺ പുറത്തു വരിക. ഗ്രീൻ, വൈറ്റ് വേരിയൻ്റുകൾക്ക് റിയർ പാനലിൽ ടെക്സ്ചർ ചെയ്ത ഫിനിഷിങ്ങാണു കാണുന്നത്.
പഞ്ച്-ഹോൾ ഡിസ്പ്ലേയാണ് ഫോണിൻ്റെ മുൻഭാഗത്ത്. ഡിസ്പ്ലേയുടെ മുകൾഭാഗത്ത് നടുവിലായുള്ള ദ്വാരത്തിലാണ് ഫ്രണ്ട് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. ഏറ്റവുമധികം പേർക്കു പ്രിയപ്പെട്ട ഡിസൈനായ ഫ്ലാറ്റ് എഡ്ജുകളാണ് ഇതിനു നൽകിയിരിക്കുന്നത്.
പുറത്തു വന്ന ചിത്രങ്ങളിൽ കാണുന്നത് പോലെ ഹോണർ X7c യുടെ റിയർ പാനലിനു മുകളിൽ ഇടത് കോണിലാണ് ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളുള്ളത്. കൂടാതെ, പവർ ബട്ടണും വോളും നിയന്ത്രണങ്ങളും ഫോണിൻ്റെ വലതുവശത്ത് സ്ഥാപിച്ചിട്ടുണ്ടെന്ന് റെൻഡറുകൾ സൂചിപ്പിക്കുന്നു.
റിപ്പോർട്ടുകൾ പ്രകാരം, ഹോണർ X7c, ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള മാജിക്OS 8.0 യിലാകും പ്രവർത്തിക്കുന്നത്. 120Hz റീഫ്രഷ് റേറ്റ്, 261ppi പിക്‌സൽ ഡെൻസിറ്റി, 20.1:9 ആസ്പക്റ്റ് റേഷ്യോ എന്നിവയുള്ള 720x1,610 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.77 ഇഞ്ച് IPS ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ Honor X7b പോലെത്തന്നെ സ്‌നാപ്ഡ്രാഗൺ 685 ചിപ്‌സെറ്റാണ് ഫോണിന് ഊർജം പകരുന്നത്. 8GB RAM, 256GB ഇൻ്റേണൽ സ്റ്റോറേജ് എന്നിവ ഇതിൽ ഉൾപ്പെട്ടേക്കാം.
108 മെഗാപിക്സൽ പ്രധാന ക്യാമറയും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഹോണർ X7c സ്മാർട്ട്ഫോണിന് ഉള്ളതെന്ന് അഭ്യൂഹമുണ്ട്. സെൽഫികൾക്കായി, ഇതിന് 8 മെഗാപിക്സൽ മുൻ ക്യാമറ ഉണ്ടാകും. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസറും ഫോണിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടാതെ, 35W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5200mAh ബാറ്ററിയും ഹോണർ X7c 4G യിൽ ഉണ്ടായിരിക്കും. പൊടി, വെള്ളത്തുള്ളി എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP64 റേറ്റിംഗുമായി ഈ ഫോൺ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. NFC, ബ്ലൂടൂത്ത് 5.0, വൈഫൈ 5, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളെ ഇതു പിന്തുണച്ചേക്കും. ഫോണിൻ്റെ വലിപ്പം 166.9 x 76.8 x 8.1 മില്ലിമീറ്ററും ഭാരം 191 ഗ്രാമും ആയിരിക്കും.
പരസ്യം
പരസ്യം