ഹോണർ വിൻ, ഹോണർ വിൻ ആർടി എന്നിവ ലോഞ്ചിങ്ങിന് ഒരുങ്ങുന്നു; വിശദമായി അറിയാം
Photo Credit: Honor
ഡിസംബർ 26-ന് ലോഞ്ച് ചെയ്യുന്ന ഹോണർ വിൻ സീരീസ്: ഡിസൈൻ, ഫീച്ചറുകൾ, വില പ്രതീക്ഷകൾ അറിയാം
അടുത്ത ആഴ്ച ചൈനയിൽ തങ്ങളുടെ പുതിയ വിൻ സീരീസ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രമുഖ ബ്രാൻഡായ ഹോണർ. ചൈനയിലെ ജനപ്രിയ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലെ ഒരു പോസ്റ്റിലൂടെ കമ്പനി വരാനിരിക്കുന്ന ലോഞ്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തോടൊപ്പം, ചൈനയിലെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പുതിയ സീരീസ് ഫോണുകൾക്കു വേണ്ടിയുള്ള പ്രീ-റിസർവേഷനുകളും ഹോണർ സ്വീകരിച്ചുതുടങ്ങി. വിൻ സീരീസിൽ ഹോണർ വിൻ, ഹോണർ വിൻ ആർടി എന്നിങ്ങനെ രണ്ട് മോഡലുകൾ ഉൾപ്പെടും. പ്രീ-റിസർവേഷൻ ലിസ്റ്റിംഗുകൾ ഈ ഫോണുകളെക്കുറിച്ചുള്ള നിരവധി പ്രധാന വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ട് മോഡലുകളും മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഫോണുകളുടെ മെമ്മറി, സ്റ്റോറേജ് വേരിയന്റുകളും ലിസ്റ്റിംഗുകൾ സ്ഥിരീകരിക്കുന്നു. ഇതിൽ പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച്, ഹോണർ വിൻ, ഹോണർ വിൻ ആർടി എന്നിവ 16 ജിബി വരെ റാം ഓപ്ഷനുകളുമായാണ് എത്തുക. സ്റ്റോറേജിന്റെ കാര്യത്തിലാണെങ്കിൽ, ഫോണുകൾ 1TB വരെ ഇന്റേണൽ സ്റ്റോറേജിനെ പിന്തുണയ്ക്കുമെന്നത് ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്ന സവിശേഷതയാണ്.
ഡിസംബർ 26-ന് ചൈനയിൽ ഹോണർ വിൻ, ഹോണർ വിൻ ആർടി എന്നീ സ്മാർട്ട്‌ഫോണുകൾ ലോഞ്ച് ചെയ്യുമെന്ന് ഹോണർ സ്ഥിരീകരിച്ചു. ലോഞ്ച് ഇവന്റ് പ്രാദേശിക സമയം ഉച്ചയ്ക്ക് 2:30-ന് ആരംഭിക്കും, അതായത് ഇന്ത്യയിൽ ഉച്ചയ്ക്ക് 12 മണി. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, കമ്പനി ചൈനയിലെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി രണ്ട് മോഡലുകളുടെയും പ്രീ-റിസർവേഷൻ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
പ്രീ-റിസർവേഷൻ ലിസ്റ്റിംഗുകൾ രണ്ട് ഫോണുകളുടെയും കളർ ഓപ്ഷനുകളും മെമ്മറി വേരിയന്റുകളും വെളിപ്പെടുത്തുന്നു. ഹോണർ വിൻ, ഹോണർ വിൻ ആർടി എന്നിവ ബ്ലാക്ക്, ബ്ലൂ, വൈറ്റ് എന്നീ നിറങ്ങളിലാണു ലഭ്യമാവുക.
ഹോണർ വിൻ നാല് റാം, സ്റ്റോറേജ് കോമ്പിനേഷനുകളുമായാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 12 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 512 ജിബി സ്റ്റോറേജ്, 16 ജിബി റാം + 512 ജിബി സ്റ്റോറേജ്, 16 ജിബി റാം + 1 ടിബി സ്റ്റോറേജ് എന്നിവയാണത്.
അതേസമയം, ഹോണർ വിൻ ആർടി 12 ജിബി റാം + 256 ജിബി സ്റ്റോറേജ്, 16 ജിബി റാം + 256 ജിബി സ്റ്റോറേജ്, 16 ജിബി റാം + 512 ജിബി സ്റ്റോറേജ്, 16 ജിബി റാം + 1 ടിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ ടോപ്പ് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകും.
വെയ്‌ബോയിൽ പങ്കിട്ട ടീസറുകൾ സ്ഥിരീകരിക്കുന്നത് വരാനിരിക്കുന്ന ഹോണർ വിൻ സീരീസ് ഗെയിമിംഗ് പെർഫോമൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ്. കർവ്ഡ് ഡിസൈനും വിയർപ്പിനെ പ്രതിരോധിക്കുന്ന മാറ്റ് ഫിനിഷും ഈ സ്മാർട്ട്‌ഫോണുകളിൽ ഉള്ളതിനാൽ ദീർഘനേരമുള്ള ഗെയിമിംഗ് സെഷനുകളിലും അവ കൈവശം വയ്ക്കുന്നതു സുഖകരമാകും. ഗെയിമിംഗിനായി ഫോൺ കൂടുതലായി ഉപയോഗിക്കുമ്പോൾ വിരലടയാളങ്ങൾ ഉണ്ടാകുന്നതു കുറയ്ക്കുന്നതിനായി കൃത്യതയോടെ രൂപകൽപ്പന ചെയ്‌ത മിഡ്-ഫ്രെയിം ആർമറും ഹോണർ എടുത്തു കാണിക്കുന്നു. വിൻ ബ്രാൻഡിംഗിനൊപ്പം ഫോണുകളുടെ പിന്നിൽ ഒരു ആക്റ്റീവ് കൂളിംഗ് ഫാൻ ഉണ്ടായിരിക്കുമെന്ന് ടീസർ ചിത്രങ്ങൾ സൂചിപ്പിക്കുന്നു.
ക്യാമറകളുടെ കാര്യത്തിൽ, ഹോണർ വിൻ ആർടിയിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഉണ്ടാവുക. അതേസമയം സ്റ്റാൻഡേർഡ് ഹോണർ വിൻ മോഡലിൽ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം ഉള്ളതായി തോന്നുന്നു.
കിംവദന്തികൾ പ്രകാരം, ഹോണർ വിൻ ഫോണിന് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് കരുത്തു നൽകും. അതേസമയം, വിൻ ആർടിയിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസർ ആയിരിക്കാം. 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.83 ഇഞ്ച് ഫ്ലാറ്റ് ഡിസ്‌പ്ലേ ഹോണർ വിൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് മോഡലുകളും 8,000mAh ബാറ്ററികൾ പായ്ക്ക് ചെയ്യുമെന്നും 100W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്നും പറയപ്പെടുന്നു. ഹോണർ GT ലൈനപ്പിനെ അപേക്ഷിച്ച് വിൻ സീരീസ് നിരവധി മെച്ചപ്പെടുത്തലുകൾ കൊണ്ടുവരുമെന്നും പ്രതീക്ഷിക്കുന്നു.
പരസ്യം
പരസ്യം