ഹോണർ GT പ്രോ ചൈനയിൽ ലോഞ്ച് ചെയ്തു
Photo Credit: Honor
ഹോണർ ജിടി പ്രോയിൽ 50 മെഗാപിക്സൽ സെൽഫി ഷൂട്ടർ ഉണ്ട്
ലോകമെമ്പാടും നിരവധി ആരാധകരുള്ള കമ്പനിയായ ഹോണറിൻ്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഹോണർ ജിടി പ്രോ ബുധനാഴ്ച ചൈനയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ഹോണറിന്റെ ജിടി സീരീസിന്റെ ഭാഗമായ ഈ പുതിയ സ്മാർട്ട്‌ഫോൺ നിരവധി മികച്ച സവിശേഷതകളോടെയാണ് വരുന്നത്. ഫോണിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന് അതിന്റെ വലിയ 7,200mAh ബാറ്ററിയാണ്. വയർഡ് ചാർജർ ഉപയോഗിച്ച് 90W ഫാസ്റ്റ് ചാർജിംഗിനെയും ഇത് പിന്തുണയ്ക്കുന്നു. ഉയർന്ന പെർഫോമൻസുള്ള സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് പ്രോസസറാണ് ഹോണർ ജിടി പ്രോയിൽ പ്രവർത്തിക്കുന്നത്. 16 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജ് ഓപ്ഷനുകൾ ഇതു വാഗ്ദാനം ചെയ്യുന്നു. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുള്ള ഫോണിൻ്റെ മൂന്ന് സെൻസറുകളും 50 മെഗാപിക്സലാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്. വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കുന്ന കാര്യത്തിൽ ഹോണർ ജിടി പ്രോക്ക് IP68, IP69 റേറ്റിംഗാണുള്ളത്.
ചൈനയിൽ ഔദ്യോഗികമായി പുറത്തിറങ്ങിയ ഹോണർ ജിടി പ്രോ നിരവധി സ്റ്റോറേജ്, റാം ഓപ്ഷനുകളിൽ ലഭ്യമാണ്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഈ അടിസ്ഥാന വേരിയന്റിന് 3,699 യുവാൻ ആണ് വില. ഇന്ത്യൻ കറൻസിയിൽ ഏകദേശം 43,000 രൂപയാണിതു വരുന്നത്.
അടിസ്ഥാന മോഡലിന് പുറമേ, മൂന്ന് വേരിയന്റുകൾ കൂടി ലഭ്യമാണ്. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള മോഡലിന് 3,999 യുവാൻ (ഏകദേശം 46,000 രൂപ), 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള പതിപ്പിന് 4,299 യുവാൻ (ഏകദേശം 50,000 രൂപ), 16 ജിബി റാമും 1 ടിബി സ്റ്റോറേജുമുള്ള ടോപ്പ്-എൻഡ് മോഡലിന് 4,799 യുവാൻ (ഏകദേശം 56,000 രൂപ) എന്നിങ്ങനെയാണ് വില.
ഹോണർ ജിടി പ്രോ നിലവിൽ ചൈനയിൽ വാങ്ങാൻ ലഭ്യമാണ്. ബേണിംഗ് സ്പീഡ് ഗോൾഡ്, ഐസ് ക്രിസ്റ്റൽ, ഫാന്റം ബ്ലാക്ക് (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്ത പേരുകൾ) എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഇത് ലഭ്യമാണ്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 9.0-ൽ പ്രവർത്തിക്കുന്ന ഒരു ഡ്യുവൽ സിം (നാനോ) ഫോണാണ് ഹോണർ ജിടി പ്രോ. ഫുൾ-എച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് എൽടിപിഒ ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത് (1,264×2,800 പിക്‌സലുകൾ). സ്‌ക്രീൻ 144Hz വരെ പുതുക്കൽ നിരക്ക്, 2,700Hz ടച്ച് സാമ്പിൾ നിരക്ക്, 4,200Hz പിഡബ്ല്യുഎം ഡിമ്മിംഗ് വാല്യൂ എന്നിവയെ പിന്തുണയ്ക്കുന്നു. 6,000nits പീക്ക് ബ്രൈറ്റ്നസ് ലെവലും ഇതിനുണ്ട്. ഗെയിമിംഗിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഡിസ്‌പ്ലേയിൽ സംരക്ഷണത്തിനായി ഹോണറിന്റെ ജയന്റ് റിനോ ഗ്ലാസ് ഉൾപ്പെടുന്നു.
അഡ്രിനോ 830 ജിപിയുവുള്ള ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 16 ജിബി വരെ റാമും 1 ടിബി വരെ ഇന്റേണൽ സ്റ്റോറേജും ഇതിനുണ്ട്.
ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, ഹോണർ ജിടി പ്രോയിൽ പിന്നിൽ മൂന്ന് ക്യാമറകളുണ്ട്. പ്രധാന ക്യാമറ 50 മെഗാപിക്സൽ വൈഡ്-ആംഗിൾ സെൻസർ (1/1.56-ഇഞ്ച്) ആണ്, f/1.95 അപ്പേർച്ചറും OIS-ഉം (ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ) ഇതിലുണ്ട്. ഇതിനു പുറമെ f/2.0 അപ്പേർച്ചറും OlS-മുള്ള 50 മെഗാപിക്സൽ ക്യാമറയും, 3x ഒപ്റ്റിക്കൽ സൂം, 50x ഡിജിറ്റൽ സൂം, f/2.4 അപ്പേർച്ചറുള്ള 50-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ട്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ ക്യാമറയും നൽകിയിരിക്കുന്നു.
കണക്ടിവിറ്റിയുടെ കാര്യത്തിൽ, ഫോൺ ബ്ലൂടൂത്ത് 5.4, GPS, Beidou, GLONASS, Galileo, QZSS, NavIC, NFC, OTG, Wi-Fi 7, ഒരു USB ടൈപ്പ്-സി പോർട്ട് എന്നിവയെ പിന്തുണയ്ക്കുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, IR സെൻസർ, ഗ്രാവിറ്റി സെൻസർ, ഗൈറോസ്‌കോപ്പ്, എക്സ്-ആക്സിസ് ലീനിയർ മോട്ടോർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയുൾപ്പെടെ നിരവധി സെൻസറുകൾ ഇതിലുണ്ട്.
സിഗ്നൽ ശക്തി മെച്ചപ്പെടുത്തുന്ന, സ്വയം വികസിപ്പിച്ചെടുത്ത C1+ RF ചിപ്പും ഹോണർ ജിടി പ്രോയിൽ ഉണ്ട്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിൽ IP68, IP69 റേറ്റിംഗാണ് ഇതിനുള്ളത്. സുരക്ഷയ്ക്കായി, ഇതിൽ ഒരു 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.
ഉപകരണത്തിന് വലിയ 7,200mAh ബാറ്ററിയുണ്ട്, കൂടാതെ 90W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. പവർ കാര്യക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഹോണറിന്റെ E2 ചിപ്പും ഇതിൽ ഉൾപ്പെടുന്നു. ഫോണിന്റെ വലിപ്പം 162.1 x 75.7 x 8.58 മില്ലി മീറ്ററും ഭാരം 212 ഗ്രാമും ആണ്.
ces_story_below_text
പരസ്യം
പരസ്യം
Oppo Reno 15 Series 5G, Oppo Pad 5, and Oppo Enco Buds 3 Pro+ Sale in India Begins Today: Price, Offers