Photo Credit: Honor
ചൈനയിൽ മാത്രം പുറത്തിറക്കിയ ഹോണർ 300 ന്റെ പിൻഗാമിയാണ് ഹോണർ 400
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഹോണർ 400 സ്മാർട്ട്‌ഫോൺ ഉടനെ പുറത്തിറങ്ങും. ഹോണർ 400 ലൈറ്റ്, ഹോണർ 400 പ്രോ എന്നീ ഫോണുകളുള്ള സീരീസിൻ്റെ ഭാഗമായിരിക്കും ഇതെന്നും പ്രതീക്ഷിക്കുന്നു. ഔദ്യോഗിക റിലീസിന് മുമ്പ്, ഫോണിനെക്കുറിച്ചുള്ള ചില പ്രധാന വിവരങ്ങൾ ലീക്കായി പുറത്തു വന്നിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച്, ഹോണർ 400-ൽ 120Hz റിഫ്രഷ് റേറ്റുള്ള 6.55 ഇഞ്ച് AMOLED ഡിസ്‌പ്ലേ ഉണ്ടാകും. മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണുകളിൽ മികച്ച പെർഫോമൻസ് നൽകുന്ന സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസറും ഫോണിൽ ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. ഹോണർ 400-ന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന് അതിന്റെ ക്യാമറ സെറ്റപ്പാകും. ഇത് ഒരു ഡ്യുവൽ റിയർ ക്യാമറ സിസ്റ്റവുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു, പ്രധാന ക്യാമറയിൽ 200-മെഗാപിക്സൽ സെൻസർ ഉണ്ടായിരിക്കാം. വിലയുമായി ബന്ധപ്പെട്ടു ലീക്കായ വിവരങ്ങൾ സൂചിപ്പിക്കുന്നത് ഹോണർ 400 ഫോണിന് പ്രതീക്ഷിച്ചതിനേക്കാൾ വിലയുണ്ടായിരിക്കാം എന്നാണ്. ഒരുപക്ഷേ ഈ മികച്ച സവിശേഷതകളാകാം വില ഉയരാൻ കാരണം.
YTechB-യുടെ റിപ്പോർട്ട് അനുസരിച്ച്, വരാനിരിക്കുന്ന ഹോണർ 400 ഫോണിൻ്റെ 512GB സ്റ്റോറേജുള്ള ടോപ്പ്-എൻഡ് മോഡലിന് EUR 499 (ഏകദേശം 47,700 രൂപ) വില പ്രതീക്ഷിക്കുന്നു. 256GB സ്റ്റോറേജുള്ള ഒരു വേരിയൻ്റും ഉണ്ടാകാം, പക്ഷേ അതിന്റെ വില വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഫോൺ ബ്ലാക്ക്, ഗോൾഡ്/ഗ്രേ നിറങ്ങളിൽ വരാം.
സാധാരണ ഹോണർ 200 മോഡലിന്റെ ഉയർന്ന സ്റ്റോറേജ് വേരിയൻ്റിൻ്റെ വിലയ്ക്ക് സമാനമാണിത്. 8GB റാമും 512GB സ്റ്റോറേജുമുള്ള ഹോണർ 400-ന് EUR 468.89 (ഏകദേശം 45,000 രൂപ) വില വരുമെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
വരാനിരിക്കുന്ന ഹോണർ 400 സ്മാർട്ട്‌ഫോണിൽ മികച്ച ചില സവിശേഷതകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന 6.55 ഇഞ്ച് വിവിഡ് അമോലെഡ് ഡിസ്‌പ്ലേ ഇതിന് ഉണ്ടായിരിക്കാം. സ്‌ക്രീനിന് 5,000nits പീക്ക് ബ്രൈറ്റ്നസ് ലെവൽ ആയിരിക്കും. മുൻ ക്യാമറയ്‌ക്കായി സ്‌ക്രീനിൽ ഒരു ഹോൾ-പഞ്ച് കട്ടൗട്ട് ഉണ്ടാകും. ഫോണിന് 156.5 mm ഉയരവും 74.6 mm വീതിയും 7.3 mm കനവും ഉണ്ടെന്ന് പറയപ്പെടുന്നു. ഇതിന് ഏകദേശം 184 ഗ്രാം ഭാരമുണ്ടാകും.
ഹോണർ 400-ന് 2.63GHz പരമാവധി വേഗതയിൽ പ്രവർത്തിക്കാൻ കഴിയുന്ന ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസർ ഉണ്ടായിരിക്കും. ഫോണിൽ 8GB റാമും 512GB വരെ ബിൽറ്റ്-ഇൻ സ്റ്റോറേജും ഉണ്ടായിരിക്കാം. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള MagicOS 9.0-ൽ ഈ ഫോൺ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഹോണർ 400 ഫോണിന്റെ ഒരു പ്രധാന സവിശേഷത അതിന്റെ അഡ്വാൻസ്ഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സവിശേഷതകളാകും. ഗൂഗിളിന്റെ സർക്കിൾ ടു സെർച്ച്, ജെമിനി, AI സമ്മറി, AI സൂപ്പർസൂം, AI പോർട്രെയിറ്റ് സ്നാപ്പ്, AI ഇറേസർ, തുടങ്ങിയവയെ ഹോണർ 400 പിന്തുണയ്ക്കും. ഈ സവിശേഷതകൾ ഹോണറിന്റെ സ്വന്തം AI സ്യൂട്ടിന്റെ ഭാഗമായിരിക്കും.
ഫോട്ടോഗ്രാഫിക്കായി, ഹോണർ 400 ഒരു ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് വാഗ്ദാനം ചെയ്തേക്കാം. f/1.9 അപ്പർച്ചറുള്ള 200 മെഗാപിക്സൽ സെൻസറായിരിക്കാം പ്രധാന ക്യാമറ. അതോടൊപ്പം, 112 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ വാഗ്ദാനം ചെയ്യുന്ന 12 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ക്യാമറയും ഉണ്ടായിരിക്കാം. മുൻവശത്ത്, ഫോണിന് f/2.0 അപ്പർച്ചറുള്ള 50 മെഗാപിക്സൽ ക്യാമറ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്, ഇത് സെൽഫികൾക്കും വീഡിയോ കോളുകൾക്കും മികച്ചതായിരിക്കും.
ബാറ്ററിയുടെ കാര്യത്തിൽ, ഹോണർ 400 ഫോണിന് 66W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന വലിയ 5,300mAh ബാറ്ററിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് ഫോൺ വേഗത്തിൽ ചാർജ് ചെയ്യുകയും ഒറ്റ ചാർജിൽ ദീർഘനേരം നിലനിൽക്കുകയും ചെയ്യും. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഇതിന് IP65 റേറ്റിംഗും ഉണ്ടെന്ന് പറയപ്പെടുന്നു. ലോഞ്ച് തീയതി അടുക്കുമ്പോൾ, ഹോണർ 400 ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സാധ്യതയുണ്ട്.
പരസ്യം
പരസ്യം