Photo Credit: HMD
2024 ഓഗസ്റ്റിൽ തിരഞ്ഞെടുത്ത ആഗോള വിപണികളിൽ HMD ബാർബി ഫ്ലിപ്പ് ഫോൺ പുറത്തിറക്കി
HMD ബാർബി ഫ്ലിപ്പ് ഫോൺ ഉടൻ തന്നെ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് കമ്പനി സ്ഥിരീകരിച്ചു. 2024 ഓഗസ്റ്റിൽ ചില പ്രദേശങ്ങളിൽ മാത്രമായി പുറത്തിറങ്ങിയ ഈ ഫ്ലിപ്പ് ഫോൺ ഒരു ബാർബി തീം ഉപയോഗിച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നു, ആകർഷകമായ പിങ്ക് നിറത്തിലാണ് ഇത് വരുന്നത്. ഈ ഫോണിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്നായ അതിന്റെ ഫ്ലിപ്പ് ഡിസൈൻ ഇതിന് ഒരു ട്രെൻഡി, സ്റ്റൈലിഷ് ലുക്ക് നൽകുന്നു. കവർ ഡിസ്പ്ലേ ഒരു കണ്ണാടി പോലെ പ്രവർത്തിക്കുന്നതിനാൽ ഇത് യാത്രയ്ക്കിടയിൽ പെട്ടെന്നുള്ള ടച്ച്-അപ്പുകൾക്ക് അനുയോജ്യമാണ്. ഫോണിന്റെ യൂസർ ഇന്റർഫേസും ബാർബി-തീം ആണ്, ഇത് ആകർഷണീയത വർദ്ധിപ്പിക്കുന്നു. അതുപോലെ ഇതിൻ്റെ ആക്സസറികളും സ്റ്റൈലിഷ് ആണ്. പാക്കേജിൽ ബാക്ക് കവറുകൾ, ഒരു ചാർജർ, ഒരു ബാറ്ററി എന്നിവ ഉൾപ്പെടുന്നു, എല്ലാം പിങ്ക് നിറത്തിലുള്ള വ്യത്യസ്ത ഷേഡുകളിലാണ്. ഇതിനെല്ലാം പുറമേ, ഫോൺ ഒരു ജ്വല്ലറി ബോക്സ്-സ്റ്റൈൽ കേസിൽ പായ്ക്ക് ചെയ്തിരിക്കുന്നു, ഇത് അൺബോക്സിംഗ് അനുഭവം ആവേശകരമാക്കും.
ബാർബി ഫ്ലിപ്പ് ഫോൺ ഉടൻ ഇന്ത്യയിൽ പുറത്തിറക്കുമെന്ന് കമ്പനിയായ HMD പ്രഖ്യാപിച്ചു. സാമൂഹിക മാധ്യമമായ എക്‌സിലെ ഒരു പോസ്റ്റിലൂടെയാണ് കമ്പനി ഈ വാർത്ത പങ്കുവെച്ചത്. എന്നിരുന്നാലും, കൃത്യമായ ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രമോഷണൽ ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഫോൺ ആഗോള പതിപ്പിന് സമാനമാണ്, ഇന്ത്യൻ മോഡലിന്റെ സവിശേഷതകളും സമാനമാകാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ടുകൾ.
HMD ബാർബി ഫ്ലിപ്പ് ഫോണിന്റെ ആഗോള പതിപ്പിന് രണ്ട് സ്‌ക്രീനുകളുണ്ട്. 2.8 ഇഞ്ച് മെയിൻ സ്‌ക്രീൻ (QVGA), 1.77 ഇഞ്ച് കവർ സ്‌ക്രീൻ (QQVGA) എന്നിവയാണത്. ഇതിലെ രണ്ടാമത്തെ സ്ക്രീൻ ഒരു മിറർ പോലെയും പ്രവർത്തിക്കുന്നു. ഇതിന് യൂണിസോക് T107 പ്രോസസർ കരുത്തു നൽകുന്നു, 64MB റാമും 128MB സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. LED ഫ്ലാഷുള്ള 0.3 മെഗാപിക്സൽ റിയർ ക്യാമറയാണ് ഫോണിനുള്ളത്.
തിളക്കമുള്ള പവർ പിങ്ക് നിറത്തിലാണ് ഫോൺ വരുന്നത്. പിങ്ക് കീപാഡിൽ ഇരുട്ടിൽ തിളങ്ങുന്ന ഈന്തപ്പനകൾ, ഹാർട്ടുകൾ, ഫ്ലമിംഗോകൾ തുടങ്ങി മറഞ്ഞിരിക്കുന്ന ഡിസൈനുകൾ ഉണ്ട്. നിങ്ങൾ ഫോൺ ഓണാക്കുമ്പോൾ, "ഹായ് ബാർബി" എന്നശബ്ദത്തോടെ അതു നിങ്ങളെ സ്വാഗതം ചെയ്യുന്നു. ബാർബി തീം ഇന്റർഫേസുള്ള S30+ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഈ ഫോൺ പ്രവർത്തിക്കുന്നു. കൂടാതെ ബീച്ച് തീം മാലിബു സ്നേക്ക് ഗെയിം ഇതിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.
ഫോണിൽ 1,450mAh-ൻ്റെ ഊരി മാറ്റാൻ കഴിയുന്ന ബാറ്ററിയുണ്ട്, ഇതിന് ഒറ്റ ചാർജിൽ ഒമ്പത് മണിക്കൂർ വരെ ടോക്ക് ടൈം നൽകാൻ കഴിയും. ബാറ്ററിയും ചാർജറും പിങ്ക് നിറത്തിലാണ്. ഇത് 4G, ബ്ലൂടൂത്ത് 5.0, 3.5mm ഹെഡ്‌ഫോൺ ജാക്ക്, USB ടൈപ്പ്-സി എന്നീ കണക്റ്റിവിറ്റി ഒപ്ഷനുകളെ പിന്തുണയ്ക്കുന്നു. യുഎസിൽ ഇതിന് 129 ഡോളർ (ഏകദേശം 10,800 രൂപ) വിലവരും.
പരസ്യം
പരസ്യം