Photo Credit: 91Mobiles
അസൂസ് ROG ഫോൺ 9 സീരീസ് നവംബർ 19-ന് ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്ന് അസൂസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഗെയിമിംഗ് കമ്പമുള്ളവരെ ലക്ഷ്യമിട്ടുള്ള ഈ സ്മാർട്ട്‌ഫോണിന് ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ്സെറ്റ് ആയിരിക്കും കരുത്തു നൽകുകയെന്നാണു റിപ്പോർട്ടുകൾ. ഈ ആഴ്‌ചയുടെ തുടക്കത്തിൽ നടന്ന സ്‌നാപ്ഡ്രാഗൺ ഉച്ചകോടിയിലായിരുന്നു അസൂസ് ROG ഫോൺ 9 അവതരിപ്പിച്ചത്. അതിനിടെ കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു റിപ്പോർട്ട് ഫോണിൻ്റെ മുഴുവൻ സവിശേഷതകളും വെളിപ്പെടുത്തിയിട്ടുണ്ട്. അസൂസ് ROG ഫോൺ 9 അതിൻ്റെ മുൻഗാമികൾക്കു സമാനമായി 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറസെറ്റപ്പുമായാണ് എത്തുക. സെൽഫികൾക്കായി, ഇതിൽ 32 മെഗാപിക്സലിൻ്റെ ഫ്രണ്ട് ക്യാമറയുണ്ടാകും. 5,800mAh ബാറ്ററിയാണ് ഈ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൊബൈൽ ഗെയിമർമാരെ ആകർഷിക്കുന്ന മറ്റ് പെർഫോമൻസ് ബൂസ്റ്റിംഗ് ഫീച്ചറുകളും മെച്ചപ്പെടുത്തലുകളുമായാണ് ഫോൺ വരുമെന്ന് പ്രതീക്ഷിക്കുന്നത്.
നവംബർ 19-ന് അവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്ന അസൂസ് ROG ഫോൺ 9 സംബന്ധിച്ച വിശദാംശങ്ങൾ 90മൊബൈൽസ് ആണു റിപ്പോർട്ട് ചെയ്‌തത്. കറുപ്പും വെളുപ്പും നിറത്തിലാണ് ഈ ഫോൺ കാണുന്നതെങ്കിലും"ഫാൻ്റം ബ്ലാക്ക്" എന്നും "സ്റ്റോം വൈറ്റ്" എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത് .
ഈ ഫോണിൻ്റെ മുൻവശത്ത് ഡിസ്പ്ലേയിൽ ഒരു ഹോൾ പഞ്ച് കട്ട്ഔട്ട് ഉള്ളതായി കാണിക്കുന്നുണ്ട്. പിൻഭാഗത്ത്,
ഫോണിൻ്റെ പേരും "റിപ്പബ്ലിക് ഓഫ് ഗെയിമേഴ്സ്" എന്നും എഴുതിയിരിക്കുന്നതിനു മുകളിലായി ഒരു വശത്തായാണ് ട്രിപ്പിൾ ക്യാമറ മൊഡ്യൂൾ നൽകിയിരിക്കുന്നത്.
അസൂസ് ROG ഫോൺ 9, അതിൻ്റെ മുൻ മോഡലിന് സമാനമായി, 1,080 x 2,400 പിക്സൽ റെസല്യൂഷനുള്ള, 120Hz റീഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് ഫുൾ-HD+ Samsung Flexible LTPO AMOLED ഡിസ്പ്ലേ അവതരിപ്പിക്കുമെന്നാണ് അഭ്യൂഹം. ഡ്യൂറബിലിറ്റിക്കായി ഗൊറില്ല ഗ്ലാസ് വിക്ടസും ഓൾവേയ്സ് ഓൺ ഡിസ്‌പ്ലേ മോഡും ഇതിലുണ്ടാകും. ഡിസ്‌പ്ലേ 2,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ് ലെവൽ, HDR10 സപ്പോർട്ട്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ എന്നിവയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. 16GB LPDDR5X റാമും 512GB UFS 4.0 സ്റ്റോറേജുമുള്ള ഈ ഫോണിന് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ ആയിരിക്കും കരുത്തു നൽകുകയെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
ROG ഫോൺ 9 ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉണ്ടാവുക. 1/1.56 ഇഞ്ച് സെൻസർ വലിപ്പമുള്ള 50 മെഗാപിക്സൽ സോണി ലിറ്റിയ 700 ആണ് പ്രധാന ക്യാമറ. ഇതിനു പുറമെ 13 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും 5 മെഗാപിക്സൽ മാക്രോ ക്യാമറയും ഉണ്ടാകും. ROG ഫോൺ 8-ലും സമാനമായ ക്യാമറ സെറ്റപ്പാണ്.
ROG ഫോൺ 9-ൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ROG UI ആകും ഉണ്ടാവുകയെന്നും ഗെയിമിംഗ് മെച്ചപ്പെടുത്തലുകൾക്കായി ഗെയിം ജീനി ഉൾപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. എക്സ് സെൻസ് എക്‌സ് ക്യാപ്‌ചർ Al ഗ്രാബർ, Al കോൾ ട്രാൻസ്‌ലേറ്റർ, Al ട്രാൻസ്‌ക്രിപ്റ്റ്, Al വാൾപേപ്പർ എന്നിങ്ങനെയുള്ള Al ഗെയിമിംഗ് ഫീച്ചറുകൾക്കൊപ്പം എയർ ട്രിഗറുകൾ, മാക്രോ, ബൈപാസ് ചാർജിംഗ്, സ്കൗട്ട് മോഡ് തുടങ്ങിയവയും ഈ സോഫ്റ്റ്‌വെയർ നൽകുന്നു. 65W വയർഡ് ചാർജിംഗിനെയും വയർലെസ് ചാർജിംഗിനെയും പിന്തുണക്കുന്ന 5,800mAh ബാറ്ററിയാണ് ഫോണിലുണ്ടാവുക.
ഇരട്ട സ്റ്റീരിയോ സ്പീക്കറുകൾ, 3.5mm ഹെഡ്‌ഫോൺ ജാക്ക്, അസൂസ് നോയ്‌സ് റിഡക്ഷൻ ടെക്‌നോളജിയുള്ള മൂന്ന് മൈക്രോഫോണുകൾ എന്നിവയും ബ്ലൂടൂത്ത് 5.3, Wi-Fi 7, NFC, NavIC, GPS, 5G എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഇതിൽ പ്രതീക്ഷിക്കാം. ഫോണിന് 163.8 x 76.8 x 8.9mm വലിപ്പവും ഏകദേശം 227 ഗ്രാം ഭാരവും ഉണ്ടാകും.