വലിയ ജിബി റാമുള്ള ഫോണുകൾ അപ്രത്യക്ഷമായേക്കും; വിശദമായ വിവരങ്ങൾ അറിയാം
Photo Credit: smartphone
മെമ്മറി ചെലവ് ഉയരുന്നതിനാൽ 16GB റാം ഫോണുകൾ നിർത്തലാക്കാം എന്ന് റിപ്പോർട്ട് പറയുന്നു
മെമ്മറി നിർമിക്കാൻ ആവശ്യമായ ഘടകങ്ങൾക്കു കൂടുതൽ ചെലവേറി വരുന്നതിനാൽ 2026-ൽ സ്മാർട്ട്‌ഫോൺ വില ഉയരുമെന്നാണു പ്രതീക്ഷിക്കുന്നത്. സമീപകാല ഫ്ലാഗ്ഷിപ്പ് ഫോൺ ലോഞ്ചുകളിൽ ഈ വർദ്ധനവ് വ്യക്തമാണ്. മുൻഗാമിയായ മോഡലിനെ അപേക്ഷിച്ച് 33 ശതമാനം വിലവർദ്ധനവുമായാണ് ഐക്യൂ 15 ഇന്ത്യയിൽ പുറത്തിറങ്ങിയത്. പുതിയ സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കുന്ന റാമിന്റെയും സ്റ്റോറേജ് മൊഡ്യൂളുകളുടെയും ഉയർന്ന വിലയാണ് ഇതിനു പ്രധാന കാരണം. എന്നിരുന്നാലും, എല്ലാ പ്രദേശത്തും വില വർദ്ധിപ്പിക്കാൻ കഴിയില്ല. വിലയെക്കുറിച്ച് ബോധവാന്മാരായ ഉപഭോക്താക്കളുള്ള ഇന്ത്യ പോലുള്ള വിപണികളിൽ, ബ്രാൻഡുകൾക്ക് ഉയർന്ന വിലയുടെ കാരണം വിശദീകരിക്കാൻ ബുദ്ധിമുട്ടായേക്കാം. പുതിയ ഫോണുകൾ വലിയ ഡിസൈൻ മാറ്റങ്ങളോ വലിയ ഫീച്ചർ അപ്‌ഗ്രേഡുകളോ വാഗ്ദാനം ചെയ്യുന്നില്ലെങ്കിൽ പ്രത്യേകിച്ചും. സമീപകാലത്തെ ലീക്കുകൾ സ്മാർട്ട്‌ഫോൺ കമ്പനികൾ ചെലവ് നിയന്ത്രിക്കുന്നതിന് വ്യത്യസ്തമായ സമീപനം പരീക്ഷിക്കുമെന്ന സൂചന നൽകുന്നുണ്ട്. വില ഉയർത്തുന്നതിനു പകരം, ഹാർഡ്‌വെയർ സവിശേഷതകൾ കുറച്ച് വിലവർദ്ധനവിനെ പിടിച്ചു നിർത്താനുള്ള ശ്രമം ബ്രാൻഡുകൾ നടത്തിയേക്കാം. കുറഞ്ഞ റാം കോൺഫിഗറേഷനുള്ള ഫോണുകൾ ഇതിൻ്റെ ഭാഗമായി പുറത്തിറക്കാൻ സാധ്യതയുണ്ട്.
2026-ൽ സ്മാർട്ട്‌ഫോൺ റാം ഓപ്ഷനുകളിൽ പ്രതീക്ഷിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ നേവറിലെ ഒരു ടിപ്‌സ്റ്റർ പങ്കുവെച്ചിട്ടുണ്ട്. ലീക്കുകൾ പ്രകാരം, 16 ജിബി റാം ഉള്ള ഫോണുകൾ വിപണിയിൽ നിന്ന് മിക്കവാറും അപ്രത്യക്ഷമായേക്കാം. ചില നിർമ്മാതാക്കൾ പുറത്തിറക്കിയ ചില മോഡലുകൾ മാത്രമാകും വിപണിയിൽ തുടരുക.ഉയർന്ന റാം വേരിയൻ്റ് ഫോണുകൾ വ്യാപകമായി വിപണിയിൽ ലഭ്യമാകുന്നതിനു പകരം തിരഞ്ഞെടുത്ത പ്രീമിയം ഉപകരണങ്ങളിൽ മാത്രമായി പരിമിതപ്പെടുത്താൻ സാധ്യതയുണ്ട്.
4GB റാം ഉള്ള സ്മാർട്ട്‌ഫോണുകൾ വലിയ തോതിൽ തിരിച്ചെത്തുകയും നിലവിൽ ഉള്ളതിലും സാധാരണയായി മാറുകയും ചെയ്യുമെന്നും റിപ്പോർട്ടുകൾ പരാമർശിക്കുന്നു. ഇത് ഒരു പ്രധാന മാറ്റമായിരിക്കും. ഇതിനർത്ഥം വരാനിരിക്കുന്ന ചില ഫോണുകൾക്ക് റാം മെമ്മറി കുറവാണെങ്കിലും നിലവിൽ അതേ റാം മെമ്മറിയുള്ള മോഡലുകളേക്കാൾ ഉയർന്ന വില ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.
ലീക്കുകളിലെ കൂടുതൽ വിശദാംശങ്ങൾ സൂചിപ്പിക്കുന്നത് 12GB റാം ഉള്ള ഫോണുകളുടെ ലഭ്യത ഏകദേശം 40 ശതമാനം കുറയുകയും 6GB, 8GB വേരിയൻ്റുകൾ കൂടുതലായി വരികയും ചെയ്തേക്കാം എന്നാണ്. അതേസമയം, 8GB മോഡലുകളുടെ എണ്ണത്തിൽ 50 ശതമാനം വരെ കുറവ് വന്നേക്കാം. ഇത് 4GB, 6GB വേരിയന്റുകൾ കൂടുതലായി പുറത്തു വരാൻ വഴിയൊരുക്കും.
സ്മാർട്ട്‌ഫോണുകളിൽ മാത്രമല്ല, മറ്റു നിരവധി പ്രൊഡക്റ്റുകളിലും മെമ്മറി ഘടകങ്ങളുടെ ആവശ്യകത വർദ്ധിച്ചു വരുന്നതാണ് നിലവിലെ സാഹചര്യത്തിന് കാരണം. കൺസ്യൂമർ ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടറുകൾ, മറ്റ് കണക്റ്റഡ് ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിൽ ഇപ്പോൾ മെമ്മറി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഈ വർദ്ധിച്ച ആവശ്യം കാരണം, വിതരണം കൂടുതൽ കർശനമായിരിക്കുന്നു. ഇതിൻ്റെ ആഘാതം പതുക്കെ വാങ്ങുന്നവരിലേക്ക് എത്തി തുടങ്ങിയിരിക്കുന്നു. പുതിയതും വരാനിരിക്കുന്നതുമായ സ്മാർട്ട്‌ഫോണുകളെ മാത്രമേ ഇതു ബാധിക്കൂ എന്നു കരുതാനാവില്ല.
ഇന്ത്യയിൽ നിലവിലുള്ള ഗാലക്‌സി സ്മാർട്ട്‌ഫോൺ ലൈനപ്പിൻ്റെ വില വർദ്ധിപ്പിക്കാൻ സാംസങ്ങ് തയ്യാറെടുക്കുന്നുണ്ടെന്ന് അടുത്തിടെ വന്ന ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതിനർത്ഥം വരും മാസങ്ങളിൽ വിൽപ്പനക്കു വരുന്ന ഫോണുകൾ പോലും കൂടുതൽ വിലയേറിയതായിത്തീരും എന്നാണ്. ഇതു വാങ്ങുന്നവരിൽ കൂടുതൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നു.
മെമ്മറി ഘടകങ്ങളുടെ ക്ഷാമം പിസി (പേഴ്‌സണൽ കമ്പ്യൂട്ടർ) വ്യവസായത്തെയും ബാധിക്കുന്നു. ട്രെൻഡ്‌ഫോഴ്‌സിന്റെ റിപ്പോർട്ട് അനുസരിച്ച്, ഡെൽ, ലെനോവോ പോലുള്ള മുൻനിര പിസി നിർമ്മാതാക്കൾ വരാനിരിക്കുന്ന വില വർദ്ധനവിനെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കാൻ തുടങ്ങിയിട്ടുണ്ട്. ടെക് വ്യവസായത്തിലെ വർദ്ധിച്ചുവരുന്ന ചെലവ് പ്രതിഫലിപ്പിച്ച് ഡെൽ തങ്ങളുടെ കമ്പ്യൂട്ടറുകളുടെ വില ഏകദേശം 15 മുതൽ 20 ശതമാനം വരെ ഉയർത്താൻ സാധ്യതയുണ്ട്.
പരസ്യം
പരസ്യം