ഗൂഗിളിന്റെ പുതിയ ഫിറ്റ്‌ബിറ്റ് എയർ ആമസോൺ ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടതോടെ രാജ്യത്തെ ലോഞ്ച് ഉടൻ ഉണ്ടാകുമെന്ന സൂചന പുറത്തുവന്നു.
Photo Credit: Google
ഗൂഗിളിന്റെ ഏറ്റവും പുതിയ ഫിറ്റ്‌ബിറ്റ് ഹെൽത്ത് ട്രാക്കർ
ആമസോൺ ഇന്ത്യയിൽ ലിസ്റ്റ് ചെയ്യപ്പെട്ടതോടെ ഗൂഗിളിന്റെ ഫിറ്റ്‌ബിറ്റ് എയർ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തിയേക്കുമെന്ന് സൂചന. 24 മണിക്കൂറും ഫിറ്റ്‌നസ് നിരീക്ഷിക്കുന്നതിനായി സ്‌ക്രീൻ ഇല്ലാതെ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഗൂഗിളിന്റെ ഏറ്റവും പുതിയ ഫിറ്റ്‌ബിറ്റ് ഹെൽത്ത് ട്രാക്കർ, ഈ വർഷം മെയ് മാസത്തിലാണ് യുഎസിൽ അവതരിപ്പിച്ചത്. ഇന്ത്യയിലെ ലോഞ്ച് തീയതി കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ആമസോൺ ലിസ്റ്റിംഗ് നൽകുന്ന സൂചന അനുസരിച്ച് ഈ വെയറബിൾ ഉപകരണം വൈകാതെ തന്നെ രാജ്യത്ത് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഉപയോക്താക്കൾക്ക് ഉൽപ്പന്നത്തെക്കുറിച്ചുള്ള ആദ്യ വിവരങ്ങളും ലഭ്യമക്കിക്കഴിഞ്ഞു.
ഔദ്യോഗിക ലോഞ്ചിന് മുന്നേ ആമസോൺ ഇന്ത്യ ലിസ്റ്റിംഗിലൂടെ ഫിറ്റ്‌ബിറ്റ് എയറിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ പുറത്തുവന്നു. ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട്ട്‌ഫോണുകളിൽ പ്രവർത്തിക്കുന്ന സ്‌ക്രീൻ ഇല്ലാത്ത ഒരു ആക്റ്റിവിറ്റി ട്രാക്കർ ആയിട്ടാണ് ഉൽപ്പന്ന പേജിൽ ഈ വെയറബിൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഫിറ്റ്‌നസ് ട്രാക്കിംഗ്, ഹൃദയമിടിപ്പ് നിരീക്ഷണം, ഉറക്ക ട്രാക്കിംഗ്, എഐ (AI) സാങ്കേതികവിദ്യയുടെ പിന്തുണയോടെയുള്ള വ്യക്തിഗത പരിശീലനം എന്നിവ ഇതിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നുവെന്നും ഇതിൽ പറയുന്നു. കൂടാതെ, ഈ ട്രാക്കറിന് ഏഴ് ദിവസം വരെ ബാറ്ററി ബാക്ക്അപ്പ് നൽകാൻ കഴിയുമെന്നും ലിസ്റ്റിംഗ് അവകാശപ്പെടുന്നു.
ആമസോൺ ലിസ്റ്റിംഗിൽ ഫിറ്റ്‌ബിറ്റ് എയർ ലാവെൻഡർ കളർ ഓപ്ഷനിൽ കാണിച്ചിരിക്കുന്നു കൂടാതെ റീട്ടെയിൽ പാക്കേജിൽ ആക്റ്റിവിറ്റി ട്രാക്കർ ഉൾപ്പെടുന്നുണ്ടെന്നും പറയുന്നു. കൂടാതെ, വാങ്ങുന്നവർക്ക് ഗൂഗിൾ ഹെൽത്ത് പ്രീമിയത്തിന്റെ മൂന്ന് മാസത്തെ ട്രയൽ ലഭിക്കുമെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്. വ്യക്തിഗത ആരോഗ്യ, വെൽനസ് നിർദ്ദേശങ്ങൾ നൽകുന്നതിനായി ജെമിനി (Gemini) പവർ ചെയ്യുന്ന കൃത്രിമ ബുദ്ധി (AI) ഉപയോഗിക്കുന്ന ഗൂഗിൾ ഹെൽത്ത് കോച്ചും ലിസ്റ്റിംഗിൽ എടുത്തുപറയുന്നുണ്ട്.
ആമസോണിൽ നിലവിൽ ഈ ഉപകരണം സ്റ്റോക്കിലില്ലെന്നും (unavailable) ഇത് എപ്പോഴാണ് ലഭ്യമാകുകയെന്ന് വ്യക്തമല്ലെന്നുമാണ് കാണിച്ചിരിക്കുന്നത്. എങ്കിലും, ഈ ലിസ്റ്റിംഗ് നൽകുന്ന സൂചനയനുസരിച്ച് ഫിറ്റ്‌ബിറ്റ് എയർ വൈകാതെ തന്നെ ഇന്ത്യൻ വിപണിയിലെത്തിയേക്കാം.
ഈ വർഷം മെയ് മാസത്തിലാണ് ഗൂഗിൾ ഫിറ്റ്‌ബിറ്റ് എയർ യുഎസിൽ ആദ്യമായി അവതരിപ്പിച്ചത്. പകൽ മുഴുവൻ ശേഖരിക്കുന്ന ഫിറ്റ്‌നസ് വിവരങ്ങൾ പരിശോധിക്കുന്നതിനായി, ഫോണുമായി കണക്റ്റ് ചെയ്തിരിക്കുന്ന ഗൂഗിൾ ഹെൽത്ത് ആപ്പിനെയാണ് ഈ സ്‌ക്രീൻ ഇല്ലാത്ത ഫിറ്റ്‌നസ് ട്രാക്കർ ആശ്രയിക്കുന്നത്. തുടർച്ചയായ ഹൃദയമിടിപ്പ് പരിശോധന, എഎഫ്ഐബി (AFib) മുന്നറിയിപ്പുകളോടുകൂടിയ ഹൃദയമിടിപ്പ് താള നിരീക്ഷണം, രക്തത്തിലെ ഓക്സിജന്റെ അളവ് അളക്കൽ, വിശ്രമവേളയിലെ ഹൃദയമിടിപ്പ് പരിശോധന, ഹൃദയമിടിപ്പ് വ്യതിയാനം (HRV) ട്രാക്ക് ചെയ്യൽ, ഉറക്കത്തിന്റെ ഘട്ടങ്ങളും ദൈർഘ്യവും വിശകലനം ചെയ്യൽ എന്നിവയാണ് ഇതിലെ പ്രധാന ആരോഗ്യ നിരീക്ഷണ ഫീച്ചറുകൾ.
ഫിറ്റ്‌നസ് ട്രാക്കിംഗിനായി, ഫിറ്റ്‌ബിറ്റ് എയറിന് വർക്കൗട്ടുകൾ സ്വയം തിരിച്ചറിഞ്ഞ് റെക്കോർഡ് ചെയ്യാൻ സാധിക്കും. കൂടാതെ ഉപയോക്താക്കൾക്ക് വ്യായാമ സെഷനുകൾ സ്വയം ലോഗ് ചെയ്യാനോ ഗൂഗിൾ ഹെൽത്ത് കോച്ച് വഴിയുള്ള ഗൈഡഡ് വർക്കൗട്ടുകൾ പ്രയോജനപ്പെടുത്താനോ സാധിക്കും. റീസൈക്കിൾ ചെയ്ത പെർഫോമൻസ് ലൂപ്പ് ബാൻഡ്, വിയർപ്പിനെ പ്രതിരോധിക്കുന്ന ആക്ടീവ് ബാൻഡ്, എലവേറ്റഡ് മോഡേൺ ബാൻഡ് എന്നിവയുൾപ്പെടെ പരസ്പരം മാറ്റാവുന്ന (interchangeable) ബാൻഡുകളെ ഈ വെയറബിൾ പിന്തുണയ്ക്കുന്നുണ്ട്. ഒറ്റ ചാർജിൽ ഒരാഴ്ച വരെ ബാറ്ററി ബാക്ക്അപ്പ് നൽകാൻ ഇതിന് കഴിയുമെന്നും, വെറും അഞ്ച് മിനിറ്റ് ചാർജ് ചെയ്താൽ ഒരു മുഴുവൻ ദിവസത്തേക്ക് ഉപയോഗിക്കാനുള്ള പവർ ലഭിക്കുമെന്നും ഗൂഗിൾ അവകാശപ്പെടുന്നു.
പരസ്യം
പരസ്യം
Samsung Galaxy Watch 9 (44mm, LTE)
Starts from ₹44,590
Samsung Galaxy Watch 9 (40mm, LTE)
Starts from ₹41,061
Samsung Galaxy Watch 9 (40mm)
Starts from ₹37,999
Haier M70 Mini LED 65-inch
Starts from ₹74,990
CMF Buds Neo True Wireless Stereo (TWS) Earphones
Starts from ₹2,199
Xiaomi TV FX Mini LED 65
Starts from ₹64,999