Photo Credit: Apple
iPhone SE 4 is said to borrow many of its designs from 2022's iPhone 14
ആപ്പിളിൻ്റെ പുതിയ മോഡൽ സ്മാർട്ട്ഫോണുകൾക്കായി കാത്തിരിക്കുന്ന നിരവധി ആളുകളുണ്ട്. ഐഫോണിന് വലിയൊരു ആരാധകവൃന്ദം ഉള്ളതിനൊപ്പം അവരുടെ SE സീരീസിൽ ഉൾപ്പെടുന്ന സ്മാർട്ട്ഫോണുകൾക്ക് ഒരു സെപ്പറേറ്റ് ഫാൻബേസുണ്ട്. 2022 ലാണ് SE സീരീസിലുള്ള ഒരു ഐഫോൺ അവസാനമായി ഇറങ്ങിയതെങ്കിലും ഇപ്പോഴും ആ മോഡൽ ആവശ്യപ്പെടുന്നവർ നിരവധിയാണ്. താരതമ്യേനെ കുറഞ്ഞ വിലയും ഒതുക്കമുള്ള ഡിസൈനും കൊണ്ട് ഏവരുടെയും മനസിലടം നേടിയ ഐഫോൺ SE സീരീസിലെ മറ്റൊരു സ്മാർട്ട്ഫോൺ പുറത്തിറങ്ങാൻ പോവുകയാണ്. ബ്ലൂംബെർഗിൽ നിന്നുള്ള മാർക്ക് ഗുർമാൻ പറയുന്നതനുസരിച്ച്, ആപ്പിൾ ഐഫോൺ SE 4 അടുത്ത വർഷത്തിൻ്റെ തുടക്കത്തിലാണ് പുറത്തിറങ്ങാൻ സാധ്യതയുള്ളത്. പുതിയ ഐപാഡ് എയർ, മറ്റ് ആക്‌സസറികൾ എന്നിവയും ഇതിനൊപ്പം പുറത്തു വന്നേക്കും. ഐഫോൺ SE 4 ഹോം ബട്ടൺ ഒഴിവാക്കി അതിനു പകരം ഫേസ് ഐഡി ഉപയോഗിക്കാനാണ് സാധ്യത. ആപ്പിൾ ഇൻ്റലിജൻസ് അടക്കമുള്ള ഫീച്ചറുകളും ഈ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാം.
മാർക്ക് ഗുർമാൻ്റെ റിപ്പോർട്ടിൽ ആപ്പിൾ അപ്‌ഡേറ്റ് ചെയ്‌ത ഐഫോൺ SE യുടെ ഉൽപ്പാദനം ആരംഭിക്കുന്നുണ്ട് എന്നു വ്യക്തമാക്കുന്നു. അതിനു പുറമെ പുതിയ ഐപാഡ് എയർ മോഡലുകളും കീബോർഡുകളും പുറത്തിറക്കാനും ആപ്പിൾ പദ്ധതിയിടുന്നുണ്ട്.
ഐഫോൺ SE 4 ഹോം ബട്ടൺ ഒഴിവാക്കി ഇപ്പോഴത്തെ ഐഫോണുകൾക്ക് സമാനമായി എഡ്ജ്-ടു-എഡ്ജ് സ്‌ക്രീനിലേക്ക് മാറും. ഫേസ് ഐഡി ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഈ മോഡൽ ഐഫോൺ 16, ഐഫോൺ 15 എന്നീ ഹൈ എൻഡ് ഫോണുകളിലുള്ള AI ടൂളുകളെ പിന്തുണയ്ക്കുകയും ചെയ്യും.
മുകളിലെ നോച്ച് കട്ടൗട്ട് ഉൾപ്പെടെ, ഡിസൈനിൽ ഐഫോൺ SE 4 രണ്ടു വർഷം മുൻപു പുറത്തിറങ്ങിയ ഐഫോൺ 14 പോലെയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഹുവാവേ, ഷവോമി പോലുള്ള കമ്പനികളെപ്പോലെ കുറഞ്ഞ വിലയുള്ള ഫോൺ പുറത്തിറക്കി വിപണിയിൽ മികച്ച രീതിയിൽ മത്സരിക്കാൻ ഈ പുതിയ ഐഫോൺ SE മോഡൽ ആപ്പിളിനെ സഹായിക്കും.
ഐഫോൺ SE 4 നു പുറമേ, പുതിയ ഐപാഡ് എയർ മോഡലുകൾ, 11 ഇഞ്ച്, 13 ഇഞ്ച് സ്‌ക്രീനുകളിൽ ആപ്പിൾ അടുത്ത വർഷം ആദ്യം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പുതിയ മാജിക് കീബോർഡ്, അപ്‌ഡേറ്റ് ചെയ്‌ത Mac മിനി, MacBook Pros, iMacs എന്നിവയ്‌ക്കും പുതിയ M4 ചിപ്പ്, ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകൾ എന്നിവയും 2025 ൽ പുറത്തുവന്നേക്കാം.
48 മെഗാപിക്സൽ സിംഗിൾ റിയർ ക്യാമറയാണ് ഈ ഫോണിൽ പ്രതീക്ഷിക്കുന്നത്. 6.06 ഇഞ്ച് സ്‌ക്രീനിൻ്റെ റീഫ്രഷ് റേറ്റ് 60Hz മാത്രമാണ്. ആപ്പിളിൻ്റെ പുതിയ മോഡൽ ഫോണുകളിലുള്ള A18 ചിപ്‌സെറ്റാണ് ഇതിലും. 6GB അല്ലെങ്കിൽ 8GB LPDDR5 RAM ആയിരിക്കും ഈ മോഡലുകളിൽ ഉണ്ടാവുക.
499 ഡോളറിനും (ഏകദേശം 42000 രൂപ) 549 ഡോളറിനും (ഏകദേശം 46000 രൂപ) ഇടയിലാണു വില പ്രതീക്ഷിക്കുന്നത്. 2022 ൽ പുറത്തിറങ്ങിയ 64GB സ്റ്റോറേജുള്ള ഐഫോൺ SE, 429 ഡോളർ (ഏകദേശം 35000 രൂപ) എന്ന പ്രാരംഭ വിലയിലാണ് ലോഞ്ച് ചെയ്തത്.
പരസ്യം
പരസ്യം