സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ റിയൽമി GT 7 പ്രോ നവംബർ 26-നാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. മൂന്നു ദിവസത്തിനു ശേഷം ഇന്നലെ മുതൽ വിൽപ്പന ആരംഭിച്ച ഫോണിൻ്റെ ലഭ്യതയെക്കുറിച്ചും ലോഞ്ച് ഓഫറുകളെക്കുറിച്ചും കൂടുതൽ വിശദാംശങ്ങൾ കമ്പനി പങ്കിടുകയുണ്ടായി. ക്വാൽകോമിൻ്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്‌സെറ്റാണ് റിയൽമി ജിടി 7 പ്രോയുടെ കരുത്ത്. ഫോൺ 16GB വരെ റാം വാഗ്ദാനം ചെയ്യുന്നു. കൂടാതെ 120W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,800mAh ബാറ്ററിയുമായാണ് ഇതു വിപണിയിലെത്തുന്നത്. നവംബർ 4-ന് ചൈനയിൽ റിയൽമി GT 7 പ്രോ സ്മാർട്ട്‌ഫോൺ ലോഞ്ച് ചെയ്തതിൽ 6,500mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്. ഇന്ത്യയിൽ അതേ ബാറ്ററി കപ്പാസിറ്റി റിയൽമി നൽകുന്നില്ല. അതേസമയം ഇന്ത്യൻ ഉപഭോക്താക്കൾക്കായി റിയൽമി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
റിയൽമി GT 7 പ്രോ ഇപ്പോൾ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. 12GB റാം + 256GB സ്റ്റോറേജ് വേരിയൻ്റിന് പ്രാരംഭ വില 59,999 രൂപയാണ്. അതേസമയം 16GB റാം + 512GB സ്റ്റോറേജ് മോഡലിന് 65,999 രൂപയാണ് വില. റിയൽമി ഇന്ത്യയുടെ വെബ്‌സൈറ്റിൽ നിന്നും ആമസോണിൽ നിന്നും നിങ്ങൾക്ക് ഓൺലൈനായി ഫോൺ വാങ്ങാം. അല്ലെങ്കിൽ രാജ്യത്തുടനീളമുള്ള ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഫോൺ വാങ്ങാനാകും.
ബാങ്ക് ഓഫറുകളിലൂടെ റിയൽമി GT 7 പ്രോ 56,999 രൂപക്കു സ്വന്തമാക്കാൻ അവസരമുണ്ട്. ഓൺലൈനായി വാങ്ങുന്നവർക്ക്, 12 മാസം വരെ നോ കോസ്റ്റ് EMI ഓപ്‌ഷനുകളും ഒരു വർഷത്തെ സൗജന്യ ബ്രേക്ക് സ്‌ക്രീൻ ഇൻഷുറൻസും പോലുള്ള അധിക ആനുകൂല്യങ്ങളും റിയൽമി നൽകുന്നു.
നിങ്ങൾ ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്ന് ഫോൺ വാങ്ങുകയാണെങ്കിൽ, 24 മാസത്തെ ഇൻസ്‌റ്റാൾമെൻ്റ് പ്ലാനുകളും രണ്ട് വർഷത്തെ വാറൻ്റിയും പ്രയോജനപ്പെടുത്താം. ഗാലക്‌സി ഗ്രേ, മാർസ് ഓറഞ്ച് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്.
120Hz റീഫ്രഷ് റേറ്റുള്ള, മികച്ച ദൃശ്യങ്ങൾക്കായി ഡോൾബി വിഷൻ, HDR10+ എന്നീ സവിശേഷതകളുള്ള 6.78 ഇഞ്ച് ഫുൾ HD+ LTPO AMOLED സ്‌ക്രീനുമായാണ് റിയൽമി GT 7 പ്രോ വരുന്നത്. ശക്തമായ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് പ്രോസസർ കരുത്തു നൽകുന്ന ഫോൺ 16GB വരെ LPDDR5X റാമുമായി പെയർ ചെയ്തിരിക്കുന്നു, 512GB വരെ UFS 4.0 സ്റ്റോറേജും ഇതിലുണ്ടാകും. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി Ul 6.0 ഉപയോഗിച്ച് ഈ ഫോൺ പ്രവർത്തിക്കുന്നു.
റിയൽമി GT 7 പ്രോയിൽ മൂന്ന് റിയർ ക്യാമറ ലെൻസുകൾ ഉണ്ട്. പ്രധാന ക്യാമറയിൽ 50 മെഗാപിക്സൽ സോണി IMX906 സെൻസറാണുള്ളത്. സൂമിംഗിനായി 50 മെഗാപിക്സൽ സോണി IMX882 ടെലിഫോട്ടോ ക്യാമറയും വൈഡ് ആംഗിൾ ഷോട്ടുകൾക്കായി 8 മെഗാപിക്സൽ സോണി IMX355 അൾട്രാ വൈഡ് ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.
120W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,800mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഫോൺ വെറും 30 മിനിറ്റിനുള്ളിൽ 0 മുതൽ 100% വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് റിയൽമി അവകാശപ്പെടുന്നു. ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സ്കാനറുള്ള ഫോണിന് വെള്ളത്തിനെയും പൊടിയെയും പ്രതിരോധിക്കുന്ന കാര്യത്തിൽ IP69 റേറ്റിംഗാണുള്ളത്. 162.45mm x 76.89mm x 8.55mm വലിപ്പവും ഏകദേശം 222 ഗ്രാം ഭാരവുമാണ് റിയൽമി GT 7 പ്രോക്കുള്ളത്.
പരസ്യം
പരസ്യം