Photo Credit: OnePlus
സ്മാർട്ട്ഫോൺ വിപണിയിൽ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയ ബ്രാൻഡുകളിൽ ഒന്നാണ് വൺപ്ലസ്. അവരുടെ പുതിയ മോഡൽ ഫോണുകൾക്കു വേണ്ടി കാത്തിരിക്കുന്ന നിരവധി പേരുണ്ട്. വൺപ്ലസിൻ്റെതായി ഇനി പുറത്തിറങ്ങുന്നതിൽ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് വൺപ്ലസ് 13 എന്ന ഫോണിനു വേണ്ടിയാണ്. കാത്തിരിപ്പിന് അവസാനം കുറിച്ച് വൺപ്ലസ് 12 എന്ന മോഡലിൻ്റെ പിൻഗാമിയായി വരാനിരിക്കുന്ന വൺപ്ലസ് 13 ഈ മാസം അവസാനം ചൈനയിൽ ലോഞ്ച് ചെയ്യും. മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് ശേഷം, ഫോൺ എപ്പോൾ പുറത്തിറങ്ങുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും അതിൻ്റെ ഡിസൈൻ അടക്കമുള്ള സവിശേഷതകൾ വ്യക്തമാക്കുകയും ചെയ്തു. വരാനിരിക്കുന്ന ലോഞ്ചിന് മുന്നോടിയായി ചൈനയിൽ നടന്ന ഒരു ഇ-സ്‌പോർട്‌സ് ഇവൻ്റിനിടെ വൺപ്ലസ് 13 കണ്ടതായും റിപ്പോർട്ടുണ്ട്. ഫോണിന് BOE X2 ഡിസ്‌പ്ലേ ആകുമെന്ന കാര്യവും സ്ഥിരീകരിച്ചിട്ടുണ്ട്.
തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ ഒക്ടോബർ 31, പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് ചൈനയിൽ അവതരിപ്പിക്കുമെന്ന് വൺപ്ലസ് സ്ഥിരീകരിച്ചു. സിസ്റ്റം പെർഫോമൻസ്, ഗെയിമിംഗ്, സ്‌ക്രീൻ ഡിസ്‌പ്ലേ, ഐ പ്രൊട്ടക്ഷൻ, ബാറ്ററി ലൈഫ്, ചാർജിംഗ് സ്പീഡ്, ക്യാമറ ഫീച്ചറുകൾ തുടങ്ങി നിരവധി മേഖലകളിൽ അപ്ഗ്രേഡുമായാണ് ഫോൺ എത്തുന്നത്.
ബ്ലൂ, ബ്ലാക്ക്, വൈറ്റ് എന്നീ മൂന്നു നിറങ്ങളിലാണ് ഈ ഫോൺ വിപണിയിൽ ലഭ്യമാവുക. ബ്ലാക്ക് ആൻഡ് വൈറ്റ് പതിപ്പുകൾക്ക് സിംപിൾ ഫിനിഷിംഗാണ്. എന്നാൽ ബ്ലൂ മോഡലിന് ഡ്യുവൽ ടോൺ ഡിസൈനുള്ളതിനു പുറമെ ക്യാമറ ഏരിയ വൈറ്റ് നിറത്തിലാണ്.
ക്യാമറ മൊഡ്യൂളിൽ ചെറിയ മാറ്റം വൺപ്ലസ് വരുത്തിയിട്ടുണ്ട്. അതു ഫോണിൻ്റെ ഫ്രയിമിനൊപ്പം നിൽക്കാതെ, കുറച്ച് ഉയർന്ന, വൃത്താകൃതിയിലുള്ള ക്യാമറ ഐലൻഡിൽ ഇടതുവശത്ത് ഇരിക്കുന്നു. ഹാസൽബ്ലാഡ് ലോഗോയും ക്യാമറ ഏരിയയിൽ നിന്ന് മാറ്റി. അതു മുകളിൽ വലതുവശത്ത്, ഒരു ഹൊറിസോണ്ടൽ ഓർണമെൻറൽ മെറ്റൽ സ്ട്രിപ്പിന് മുകളിൽ സ്ഥാപിച്ചിരിക്കുന്നു. മറ്റ് ഡിസൈനുകൾ മുൻ മോഡലിന് സമാനമാണ്.
നോട്ട് ബുക്ക് ചെക്ക് റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം ചൈനീസ് സോഷ്യൽ മീഡിയ സൈറ്റായ വെയ്‌ബോയിലെ നിരവധി പോസ്റ്റുകളിലൂടെ, ചൈനയിൽ നടന്ന പീസ്‌കീപ്പർ എലൈറ്റ് 2024 ഇവൻ്റിൽ ഇ-സ്‌പോർട്‌സ് കളിക്കാർ വൺപ്ലസ് 13 ഉപയോഗിക്കുന്നതായി ആളുകൾ പറഞ്ഞു. ഒക്ടോബർ 31ന് ഫോണിൻ്റെ ഔദ്യോഗിക റിലീസ് നടക്കുന്നതിനു മുമ്പാണ് ഇത് സംഭവിച്ചിരിക്കുന്നത്.
120Hz റീഫ്രഷ് റേറ്റുള്ള 6.82 ഇഞ്ച് 2K 10-bit LTPO BOE X2 മൈക്രോ ക്വാഡ് കർവ്ഡ് സ്‌ക്രീനാണ് ഇതിൽ പ്രതീക്ഷിക്കുന്നത്. റീഫ്രഷ് റേറ്റ് യാന്ത്രികമായി ക്രമീകരിക്കുന്ന പുതിയ സവിശേഷതയും ഇതിൽ ഉണ്ടായിരിക്കും.
വരാനിരിക്കുന്ന സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് (സ്‌നാപ്ഡ്രാഗൺ 8 ജെൻ 4 എന്നും അറിയപ്പെടുന്നു) കരുത്തു നൽകുന്ന ഈ ഫോണിൽ 24GB വരെ റാമും 1TB വരെ ഇൻ്റേണൽ സ്‌റ്റോറേജുമുണ്ടാകും. 50 മെഗാപിക്സൽ മെയിൻ ക്യാമറ, 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 3x സൂം ഉള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഇതിലുണ്ടാകും.
6000mAh ബാറ്ററിയുള്ള ഫോൺ വയർഡ് ചാർജർ ഉപയോഗിച്ചുള്ള 100W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്നു.