Photo Credit: Lava
ബഡ്ജറ്റ് നിരക്കിൽ ഒരു 5G സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിച്ചു നടക്കുകയാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കു മുന്നിൽ മികച്ചൊരു ഓപ്ഷനുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നായ ലാവ. ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റ് ഫോണുകൾക്കുള്ള സ്വീകാര്യത മനസിലാക്കി അവർ തങ്ങളുടെ ഏറ്റവും പുതിയ 5G സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. ലാവ ബ്ലേസ് 3 5G എന്ന പേരിലുള്ള സ്മാർട്ട്ഫോൺ തിങ്കളാഴ്ചയാണു ലോഞ്ച് ചെയ്തത്. കഴിഞ്ഞ വർഷം നവംബറിൽ പുറത്തു വന്ന ലാവ ബ്ലേസ് 2 വിൻ്റെ പിൻഗാമിയായി പുറത്തു വന്നിരിക്കുന്ന പുതിയ മോഡൽ ബഡ്ജറ്റ് നിരക്കിൽ തന്നെയാണ് ലഭ്യമാവുക. ബഡ്ജറ്റ് നിരക്കിലാണെങ്കിലും മികച്ച ഫീച്ചറുകൾ തന്നെയാണ് ലാവ ബ്ലേസ് 2 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. ഫോട്ടോസ് എടുക്കുമ്പോൾ ലൈറ്റിങ്ങ് മെച്ചപ്പെടുത്തുന്നതിനു വേണ്ടി ‘വൈബ് ലൈറ്റ്' എന്നൊരു പുതിയ ഫീച്ചറും ഈ സ്മാർട്ട്ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലാവ ബ്ലേസ് 3 5G സ്മാർട്ട്ഫോണിൻ്റെ ഇന്ത്യയിലെ വില 11499 രൂപയാണ്. എന്നാൽ ലോഞ്ചിംഗിൻ്റെ ഭാഗമായി ഇതു സ്പെഷ്യൽ വിലയിൽ സ്വന്തമാക്കാനുള്ള അവസരമുണ്ട്. ബാങ്ക് ഓഫറുകൾ ഉപയോഗിച്ച് ഈ സ്മാർട്ട്ഫോൺ വെറും 9999 രൂപക്ക് സ്വന്തമാക്കാൻ കഴിയുമെന്നു കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 6GB RAM + 128GB സ്റ്റോറേജ് കോൺഫിഗറേഷനിൽ ലഭ്യമാകുന്ന ഈ സ്മാർട്ട്ഫോൺ സെപ്തംബർ 18 ന് ഉച്ചക്കു 12 മണി മുതൽ നിങ്ങൾക്കു വാങ്ങാൻ കഴിയും. ആമസോണിലൂടെ മാത്രമാണ് ഇതു വിൽപ്പന നടക്കുന്നത്. ഗ്ലാസ് ബ്ലൂ, ഗ്ലാസ് ഗോൾഡ് എന്നിങ്ങനെ രണ്ടു നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാവുക.
6.56 ഇഞ്ചിൻ്റെ HD+ ഹോൾ പഞ്ച് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. മീഡിയാടെക് ഡൈമൻസിറ്റി 6300 പ്രോസസർ കരുത്തു നൽകുന്ന ഈ ഫോണിൽ 6GB LPDDR4x RAM + 128GB UFS 2.2 സ്റ്റോറേജുമാണുള്ളത്. ഓൺബോർഡ് സ്റ്റോറേജ് മൈക്രോSD കാർഡ് ഉപയോഗിച്ച് 1TB വരെയും RAM 6GB വരെ വിർച്വലിയും വികസിപ്പിക്കാൻ കഴിയും. ആൻഡ്രോയ്ഡ് 14 ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.
ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ലാവ ബ്ലേസ് 3 സ്മാർട്ട്ഫോണിലുള്ളത്. 50 മെഗാപിക്സൽ സെൻസറുള്ള പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ സെൻസറുള്ള സെക്കൻഡറി Al ക്യാമറയുമാണ് ക്യാമറ യൂണിറ്റിലുള്ളത്. 30 ഫ്രയിം പെർ സെക്കൻഡിൽ (fps) 2K റെസലൂഷനിൽ വീഡിയോ ചിത്രീകരിക്കാൻ ഈ സ്മാർട്ട്ഫോൺ ഉപയോഗിച്ചു കഴിയും. Al ഇമോജി മോഡ്, പോർട്രയിറ്റ് മോഡ്, പ്രോ വീഡിയോ മോഡ്, ഡ്യുവൽ വ്യൂ വീഡിയോ, Al മോഡ് എന്നിങ്ങനെയുള്ള ക്യാമറ കേന്ദ്രീകരിച്ചുള്ള നിരവധി ഫീച്ചറുകളും ഇതിലുണ്ട്.
18W വയേർഡ് ചാർജിംഗിനെ പിന്തുണക്കുന്ന 5000mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. USB ടൈപ്പ് സി പോർട്ട്, 3.5mm ഹെഡ്ഫോൺ ജാക്ക്, 5G സപ്പോർട്ട്, ഡ്യുവൽ 4G VoLTE, ഡ്യുവൽ ബാൻഡ് വൈഫൈ 5, ബ്ലൂടൂത്ത് 5.2 എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഈ ഹാൻഡ്സെറ്റിലുണ്ട്. ഫിംഗർപ്രിൻ്റ് സെൻസർ, ഫേസ് അൺലോക്ക് എന്നീ ഫീച്ചറുകളും ഇതിലുണ്ട്.
പരസ്യം
പരസ്യം