Photo Credit: Lava
ലാവ അഗ്നി 3 യുടെ പിൻഗാമിയായി ലാവ അഗ്നി 4 എത്തുമെന്ന് സൂചന (ചിത്രം)
മിതമായ വിലയ്ക്ക് മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോണുകൾ നൽകി പ്രശസ്തി നേടിയ ലാവയുടെ പുതിയ മോഡൽ ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു. 2024 ഒക്ടോബർ മാസത്തിൽ പുറത്തിറങ്ങിയ ലാവ അഗ്നി 3-യുടെ പിൻഗാമിയായി ലാവ അഗ്നി 4 ആണ് ഇന്ത്യയിലേക്ക് എത്തുന്നത്. കൃത്യമായ ലോഞ്ച് തീയ്യതി വ്യക്തമല്ലെങ്കിലും ഈ ഹാൻഡ്സെറ്റ് ഇന്ത്യയിൽ ഉടനെ അവതരിപ്പിക്കും എന്നാണു കരുതപ്പെടുന്നത്. ഈ ഫോണിൻ്റെ ഡിസൈൻ, പ്രതീക്ഷിക്കുന്ന വില, പ്രധാന സവിശേഷതകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ലീക്കായി പുറത്തു വന്നിട്ടുണ്ട്. ലാവ അഗ്നി 3-യെ അപേക്ഷിച്ചു കൂടുതൽ മികച്ച പെർഫോമൻസ് നൽകുന്ന മീഡിയാടെക് ഡൈമൻസിറ്റി 8350 ചിപ്പുമായി ഈ ഫോൺ എത്തുമെന്നാണു കരുതുന്നത്. ലാവ അഗ്നി 3-യിൽ മീഡിയാടെക് ഡൈമൻസിറ്റി 7300X ചിപ്പാണ് ഉണ്ടായിരുന്നത്. ആക്ഷൻ ബട്ടൺ, ഫോണിന്റെ പിൻഭാഗത്ത് ഒരു ചെറിയ AMOLED ഡിസ്‌പ്ലേ എന്നിവ പോലുള്ള ചില സവിശേഷതകളും ഈ ഫോണിന് ഉണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾ ലോഞ്ച് തീയ്യതി അടുക്കുമ്പോഴേക്കും പുറത്തു വരുമെന്നാണു പ്രതീക്ഷിക്കുന്നത്.
91Mobiles-ന്റെ ഒരു പുതിയ റിപ്പോർട്ട് പ്രകാരം, ലാവ അഗ്നി 4-ന് ഇന്ത്യയിൽ ഏകദേശം 25,000 രൂപ വില വരുമെന്നാണു പ്രതീക്ഷിക്കുന്നത്. ഫോണിന്റെ മെച്ചപ്പെടുത്തിയ പ്രോസസറും ലാവ അഗ്നി 3-യുടെ വിലയും അടിസ്ഥാനമാക്കിയാണ് ഈ ഏകദേശ വിലയെന്ന് റിപ്പോർട്ട് വിശദീകരിക്കുന്നു. ഇത് കൃത്യമാണെങ്കിൽ, അഗ്നി 4-ന് അഗ്നി 3-യുടെ അടിസ്ഥാന മോഡലിനേക്കാൾ കൂടുതൽ വില വരും.
താരതമ്യം ചെയ്യുകയാണെങ്കിൽ, 2024 ഒക്ടോബറിലാണ് ലാവ അഗ്നി 3 ഇന്ത്യയിൽ പുറത്തിറങ്ങിയത്. 8GB റാമും 128GB സ്റ്റോറേജുമുള്ള അതിന്റെ അടിസ്ഥാന വേരിയന്റിന് 20,999 രൂപയായിരുന്നു വില. ചാർജർ കൂടി വാങ്ങണമെങ്കിൽ അതേ വേരിയന്റിന് 22,999 രൂപയും വിലയുണ്ടായിരുന്നു. 256GB സ്റ്റോറേജും ചാർജറും ഉള്ള മറ്റൊരു വേരിയൻ്റിനു വില 24,999 രൂപയും ആയിരുന്നു.
നിലവിൽ, ഇന്ത്യയിൽ ലാവ അഗ്നി 4 ലോഞ്ച് ചെയ്യുന്നത് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അതിന്റെ അന്തിമ വിലയോ ഫോൺ വാങ്ങാൻ ലഭ്യമാകുന്ന പ്ലാറ്റ്‌ഫോമുകളോ അവർ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോർട്ട് ലാവ അഗ്നി 4-ൻ്റെ ഡിസൈൻ എങ്ങനെയാണുണ്ടാവുകയെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ടിപ്സ്റ്ററായ യോഗേഷ് ബ്രാർ ആണ് ഫോണിൻ്റെ റെൻഡർ പങ്കിട്ടത്. ഈ ചിത്രത്തിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്, ഫോണിൽ പിൽ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിൽ തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കാം എന്നാണ്. രണ്ട് ക്യാമറ ലെൻസുകൾക്കിടയിൽ ഒരു എൽഇഡി ഫ്ലാഷും കാണാൻ കഴിയും.
ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം ഉണ്ടായിരുന്ന ലാവ അഗ്നി 3-യിൽ നിന്ന് ഡൗൺഗ്രേഡാണിത്. 2024-ൽ പുറത്തു വന്ന അഗ്നി 3 മോഡലിലെ ഒരു മികച്ച സവിശേഷതയായിരുന്ന മിനി അമോലെഡ് ഡിസ്പ്ലേയും ലാവ അഗ്നി 4-ൽ ഉണ്ടായേക്കില്ല. പുതിയ ഫോണിന് വശങ്ങളിൽ ഒരു മെറ്റൽ ഫ്രെയിമും വെളുത്ത ബാക്ക് പാനലും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അഗ്നി 3-യുടെ കർവ്ഡ് ഡിസൈനിൽ നിന്നും വ്യത്യസ്തമായി അഗ്നി 4-ൻ്റെ അരികുകൾ പരന്നതായാണ് കാണപ്പെടുന്നത്. പവർ, വോളിയം ബട്ടണുകൾ ഫോണിന്റെ വലതുവശത്തായിരിക്കാനും സാധ്യതയുണ്ട്.
ടിപ്സ്റ്റർ പങ്കിട്ട ലാവ അഗ്നി 4-ന്റെ പ്രധാന സവിശേഷതകളും റിപ്പോർട്ടിൽ പരാമർശിക്കുന്നു. 120Hz റീഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് ഫുൾ HD+ ഡിസ്പ്ലേ ഫോണിൽ ഉണ്ടായിരിക്കാം. 3.35GHz പീക്ക് ക്ലോക്ക് സ്പീഡുള്ള, 4nm പ്രോസസ്സിൽ നിർമ്മിച്ച മീഡിയടെക് ഡൈമെൻസിറ്റി 8350 ചിപ്‌സെറ്റ് ഇതിന് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. UFS 4.0 സ്റ്റോറേജും പിന്നിൽ രണ്ട് 50 മെഗാപിക്സൽ ക്യാമറകളും ഫോണിൽ ഉണ്ടായിരിക്കാം. 7,000mAh-ൽ കൂടുതൽ ബാറ്ററിയാണ് ഇതിനുണ്ടാവുകയെന്നും പറയപ്പെടുന്നു.
ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഉണ്ടായിരുന്ന അഗ്നി 3-യെ അപേക്ഷിച്ച് അഗ്നി 4-ൻ്റെ ക്യാമറ യൂണിറ്റ് ഒരു ഡൗൺഗ്രേഡാണ്. ഇതിനു പുറമെ അഗ്നി 3-യുടെ പിന്നിലുണ്ടായിരുന്ന അമോലെഡ് സ്ക്രീൻ അഗ്നി 4-ലുണ്ടാകാൻ സാധ്യതയില്ല. അഗ്നി 3-യുടെ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഫീച്ചറായ ആക്ഷൻ ബട്ടണും അഗ്നി 4 ഒഴിവാക്കാൻ സാധ്യതയുണ്ട്.
പരസ്യം
പരസ്യം