ബജറ്റ് ലാപ്ടോപായ പ്രൈംബുക്ക് 2 നിയോ ലോഞ്ച് ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കി
Photo Credit: Primebook
പ്രൈംബുക്ക് 2 നിയോയിൽ 6 ജിബി എൽപിഡിഡിആർ 4 എക്സ് റാമും 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജും ഉണ്ടായിരിക്കും
സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്ക് ആൻഡ്രോയ്ഡ് അടിസ്ഥാനമാക്കിയ ലാപ്ടോപ്പുകൾ നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇന്ത്യൻ ടെക് കമ്പനിയാണ് പ്രൈംബുക്ക്. ബജറ്റിൽ ഒതുങ്ങുന്ന നിരവധി ലാപ്ടോപുകൾ ഇതിനകം തന്നെ പുറത്തിറക്കിയ ഡെൽഹി ആസ്ഥാനമായുള്ള കമ്പനിയുടെ ഏറ്റവും പുതിയ ലാപ്ടോപ്പായ പ്രൈംബുക്ക് 2 നിയോ ഏതാനും ദിവസങ്ങൾക്കകം ഇന്ത്യയിൽ ലോഞ്ച് ചെയ്യും. തിങ്കളാഴ്ച ഒരു പത്രക്കുറിപ്പിലൂടെ കമ്പനി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മീഡിയടെക് ഹീലിയോ G99 പ്രൊസസറാണ് പ്രൈംബുക്ക് 2 നിയോയ്ക്ക് കരുത്ത് പകരുന്നത്, കൂടാതെ 6 ജിബി റാമും ഇതിലുണ്ടാകും. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഇതു പ്രവർത്തിക്കുക. ഉപയോക്താക്കൾക്ക് ലാപ്ടോപ് സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ വികസിപ്പിക്കാൻ കഴിയുമെന്ന പ്രത്യേകത കൂടിയുണ്ട്. പ്രൈംബുക്ക് 2 നിയോയുടെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന് അതിലുള്ള ബിൽറ്റ്-ഇൻ ഓൺ-സ്ക്രീൻ AI അസിസ്റ്റന്റാണ്, ഇത് വിവിധ ജോലികൾ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനു വേണ്ടിയാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
പ്രൈംബുക്ക് 2 നിയോ ജൂലൈ 31-ന് ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് കമ്പനി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് അധിഷ്ഠിത ലാപ്‌ടോപ്പായ ഇതിൻ്റെ വില 15,990 രൂപ മുതൽ ആരംഭിക്കും. ആമസോൺ, ഫ്ലിപ്കാർട്ട്, പ്രൈംബുക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (primebook.in) എന്നിവയിലൂടെ ആളുകൾക്ക് ഈ ലാപ്ടോപ് ഓൺലൈനായി വാങ്ങാൻ കഴിയും.
സ്പെഷ്യൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി, ഒഫീഷ്യൽ വെബ്‌സൈറ്റിൽ നിന്ന് പ്രൈംബുക്ക് 2 നിയോ ലാപ്‌ടോപ്പ് വാങ്ങുന്ന ആദ്യത്തെ 100 ഉപഭോക്താക്കൾക്ക് 1,000 രൂപയുടെ ഡിസ്കൗണ്ടും ലഭിക്കും. അതായത് പ്രൈംബുക്ക് വെബ്‌സൈറ്റിൽ നിന്ന് നേരത്തെ വാങ്ങുന്ന 100 പേർക്ക് വെറും 14,990 രൂപയ്ക്ക് ഈ ലാപ്ടോപ് സ്വന്തമാക്കാൻ കഴിയും.
പ്രൈംബുക്ക് നിർമ്മിച്ച, ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള പ്രൈംഒഎസ് 3.0-ൽ പ്രവർത്തിക്കുന്ന ലാപ്‌ടോപ്പാണ് പ്രൈംബുക്ക് 2 നിയോ. മീഡിയടെക് ഹീലിയോ G99 ഒക്ടാ കോർ പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. 6 ജിബി LPDPR4X റാമും 128 ജിബി UFS 2.2 സ്റ്റോറേജും ഈ ലാപ്‌ടോപ്പിൽ ഉണ്ടാകും. കൂടുതൽ സ്ഥലം ആവശ്യമുണ്ടെങ്കിൽ, മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 512 ജിബി വരെ വികസിപ്പിക്കാനും കഴിയും.
പ്രൈംബുക്ക് 2 നിയോയുടെ പ്രധാന സവിശേഷതകളിലൊന്ന് അതിന്റെ എഐ കമ്പാനിയൻ മോഡ് ആണ്. ഇത് ഒരു ബിൽറ്റ്-ഇൻ ഓൺ-സ്ക്രീൻ എഐ അസിസ്റ്റന്റാണ്. കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള ഈ അസിസ്റ്റന്റിന് പിഡിഎഫ് ഫയലുകൾ, ഓൺലൈൻ ലേഖനങ്ങൾ, വെബ് കണ്ടൻ്റുകൾ എന്നിവ സംഗ്രഹിക്കാൻ കഴിയും. ഉപയോക്താക്കളുടെ കമാൻഡുകളെ അടിസ്ഥാനമാക്കി ജോലികൾ ചെയ്യാൻ ലാപ്‌ടോപ്പിനെ അനുവദിക്കുന്ന ഒരു ഓപ്പറേറ്റർ മോഡും ഇതിലുണ്ട്.
ലാപ്‌ടോപ്പിന് മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ രൂപകൽപ്പനയാണെന്ന് കമ്പനി പറയുന്നു. സ്വന്തം ആപ്പ് സ്റ്റോർ വഴി 50,000-ത്തിലധികം ആൻഡ്രോയിഡ് ആപ്പുകളിലേക്കുള്ള ആക്സസ് പ്രൈംബുക്ക് 2 നിയോ വാഗ്ദാനം ചെയ്യുന്നു.
എഐ-പവർഡ് ഗ്ലോബൽ സെർച്ച് ആണ് മറ്റൊരു പ്രധാന സവിശേഷത. നിങ്ങളുടെ ലാപ്‌ടോപ്പിൽ എന്തും തിരയാൻ ഈ ഫംഗ്ഷൻ നിങ്ങളെ അനുവദിക്കുന്നു. ഒരു ഫയലോ, ഒരു സെറ്റിംഗോ, ഒരു ആപ്പോ എന്തുമാകട്ടെ, എല്ലാം ഒരിടത്ത് നിന്ന് കണ്ടെത്താൻ ഈ ഫീച്ചറിനു കഴിയും.
പ്രൈംബുക്ക് 2 നിയോയിൽ ഫുൾ ലിനക്സും വിൻഡോസിന്റെ ക്ലൗഡ് പിസി പതിപ്പും (നിലവിൽ ക്ലോസ്ഡ് ബീറ്റയിൽ ലഭ്യമാണ്) പ്രീലോഡ് ചെയ്‌തിരിക്കും, ഇത് ക്ലൗഡിലൂടെ ഒന്നിലധികം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ഉപയോഗിക്കാനുള്ള ഓപ്ഷൻ ഉപയോക്താക്കൾക്കു നൽകുന്നു.
ഗെയിമിംഗ് പ്രേമികൾക്കായി, ഫോണിൽ കീമാപ്പിംഗിനെ പിന്തുണയ്ക്കുന്ന ഒരു ഗെയിമിംഗ് ഒപ്റ്റിമൈസ്ഡ് മോഡും ഉൾപ്പെടുന്നുണ്ട്. കീബോർഡ് ഉപയോഗിച്ച് ആൻഡ്രോയിഡ് ഗെയിമുകൾ നിയന്ത്രിക്കുന്ന രീതിയെ ഈ ഫീച്ചർ കൂടുതൽ മെച്ചപ്പെടുത്തുന്നു, ഇത് ഗെയിമിംഗ് എളുപ്പവും രസകരവുമാക്കുന്നു.
ഇതിനു മുൻപു പുറത്തിറങ്ങിയ പ്രൈംബുക്കിൻ്റെ ലാപ്ടോപുകൾ എല്ലാം കമ്പനി വെബ്സൈറ്റിൽ ‘സോൾഡ് ഔട്ട്' എന്നാണു കാണിക്കുന്നത്. അതുകൊണ്ടു തന്നെ പുതിയ ലാപ്ടോപ് സ്വന്തമാക്കാൻ ഏറ്റവും വേഗത്തിൽ ബുക്ക് ചെയ്യുന്നതാണു നല്ലത്.
പരസ്യം
പരസ്യം