Photo Credit: Microsoft
മൈക്രോസോഫ്റ്റ് അവരുടെ ഏറ്റവും പുതിയ കോപൈലറ്റ്+ പിസി ലൈനപ്പിൻ്റെ ഭാഗമായി സർഫേസ് പ്രോ, സർഫേസ് ലാപ്‌ടോപ്പ് എന്നീ രണ്ട് പുതിയ ഉപകരണങ്ങൾ പുറത്തിറക്കി. വ്യാഴാഴ്ച നടന്ന കമ്പനിയുടെ സർഫേസ് ഇവൻ്റിലാണ് ഇവയുടെ ലോഞ്ചിങ്ങ് പ്രഖ്യാപിച്ചത്. റെഡ്മണ്ട് ആസ്ഥാനമായുള്ള ടെക് ഭീമൻ ഈ പുതിയ കമ്പ്യൂട്ടറുകൾ ബിസിനസുകൾക്കും ഓർഗനൈസേഷനുകൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്‌തതാണ്. വേഗതയേറിയതും കാര്യക്ഷമവുമായ ലോക്കൽ AI പ്രോസസ്സിംഗ് ഉറപ്പാക്കുന്നതിനൊപ്പം സ്കെയിലബിൾ ക്ലൗഡ് കമ്പ്യൂട്ടിംഗ് നൽകുക എന്നതാണ് ലക്ഷ്യം. AI-മായി ബന്ധപ്പെട്ട ജോലികൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ന്യൂറൽ പ്രോസസ്സിംഗ് യൂണിറ്റുകൾ (NPU) വഴിയാണ് ഇത് സാധ്യമാക്കുന്നത്. സർഫേസ് പ്രോയും സർഫേസ് ലാപ്‌ടോപ്പും ഇൻ്റൽ കോർ അൾട്രാ സീരീസ് 2 പ്രോസസറുകളാണ് നൽകുന്നത്. ഈ പ്രോസസറുകൾ കോപൈലറ്റ്+ പിസി ഫീച്ചറുകളോടൊപ്പമാണ് വരുന്നത്. ഈ സവിശേഷതകൾ വർക്ക്ഫ്ലോകൾ മെച്ചപ്പെടുത്തുന്നതിനും പ്രൊഫഷണലുകൾക്ക് ടാസ്‌ക്കുകൾ എളുപ്പമാക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.
മൈക്രോസോഫ്റ്റ് സർഫേസ് പ്രോയുടെ വില 1,499.99 ഡോളർ (ഏകദേശം 1,30,000 രൂപ) മുതൽ ആരംഭിക്കുന്നു. അതേസമയം, സർഫേസ് ലാപ്‌ടോപ്പിൻ്റെ വിലയും 1,499.99 ഡോളറാണ്. രണ്ട് ഉൽപ്പന്നങ്ങളും ഫെബ്രുവരി 18 മുതൽ തിരഞ്ഞെടുത്ത റീട്ടെയിലർമാരിൽ നിന്ന് വാങ്ങാൻ ലഭ്യമാകും.
13 ഇഞ്ച് പിക്‌സൽസെൻസ് ഫ്ലോ ഡിസ്‌പ്ലേയുള്ള 2-ഇൻ-1 ലാപ്‌ടോപ്പായ സർഫേസ് പ്രോ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. 2880 × 1920 പിക്സൽ റെസലൂഷൻ വാഗ്ദാനം ചെയ്യുന്ന ഇത് LCD, OLED പതിപ്പുകളിൽ ലഭ്യമാണ്. സ്‌ക്രീൻ 120Hz റീഫ്രഷ് റേറ്റിനെയും 900 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ് ലെവലും പിന്തുണയ്ക്കുന്നു. ഇതു മികച്ച വിഷ്വലുകൾക്കായി ഡോൾബി വിഷൻ IQ സർട്ടിഫൈ ചെയ്തതും കോർണിങ്ങ് ഗൊറില്ല ഗ്ലാസ് 5 പരിരക്ഷണമുള്ളതുമാണ്.
32GB വരെ LPDDR5x റാമും 1TB ജെൻ 4 SSD സ്റ്റോറേജുമുള്ള ഇൻ്റൽ കോർ അൾട്രാ 7 268V പ്രോസസറാണ് സർഫേസ് പ്രോയ്ക്ക് കരുത്ത് പകരുന്നത്. ഇത് വിൻഡോസ് 11 പ്രോയിലാണ് പ്രവർത്തിക്കുന്നത്. ക്വാൽകോമിൻ്റെ സ്‌നാപ്ഡ്രാഗൺ എക്‌സ് എലീറ്റ് പ്രോസസർ കരുത്തു നൽകുന്ന ഒരു വേരിയൻ്റും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
വലിപ്പത്തിൻ്റെ കാര്യത്തിൽ, സർഫേസ് പ്രോയുടെ അളവ് 287 x 209 x 9.3 മില്ലിമീറ്ററും ഭാരം 872 ഗ്രാമുമാണ്. വിൻഡോസ് ഹലോ ഫേഷ്യൽ റെക്കഗ്നിഷനെ പിന്തുണയ്ക്കുന്ന 1440p ക്വാഡ് എച്ച്ഡി ഫ്രണ്ട് ക്യാമറയും ഉയർന്ന നിലവാരമുള്ള ഫോട്ടോകൾക്കും വീഡിയോകൾക്കുമായി 10 മെഗാപിക്സൽ അൾട്രാ എച്ച്ഡി റിയർ ക്യാമറയും ഇതിലുണ്ട്.
വോയ്‌സ് ഫോക്കസുള്ള ഡ്യുവൽ സ്റ്റുഡിയോ മൈക്രോഫോണുകളും ഡോൾബി അറ്റ്‌മോസോടുകൂടിയ 2W സ്റ്റീരിയോ സ്പീക്കറുകളും ഇതിൽ ഉൾപ്പെടുന്നു. ഒറ്റ ചാർജിൽ 14 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് നൽകാൻ സർഫേസ് പ്രോയ്ക്ക് കഴിയുമെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു.
തണ്ടർബോൾട്ട് 4 ഉള്ള രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, സർഫേസ് കണക്ട് പോർട്ട്, സർഫേസ് പ്രോ കീബോർഡ് പോർട്ട് എന്നിവയുൾപ്പെടെ ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകൾ ലാപ്‌ടോപ്പിനുണ്ട്. വേഗതയേറിയ വയർലെസ് കണക്ഷനുകൾക്കായി ഏറ്റവും പുതിയ ബ്ലൂടൂത്ത് 5.4, Wi-Fi 7 സാങ്കേതികവിദ്യകളെ ഇത് പിന്തുണയ്ക്കുന്നു.
അതേസമയം, മൈക്രോസോഫ്റ്റ് സർഫേസ് ലാപ്‌ടോപ്പ് രണ്ട് വലുപ്പങ്ങളിലാണ് വരുന്നത്. 13.8 ഇഞ്ച് (2304 × 1536 പിക്സലുകൾ), 15 ഇഞ്ച് (2496 × 1664 പിക്സലുകൾ) എന്നിവയാണ് ഇതിൻ്റെ വലിപ്പം. സർഫേസ് പ്രോയുടെ അതേ പ്രോസസർ, റാം, സ്റ്റോറേജ്, കണക്റ്റിവിറ്റി ഓപ്ഷനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
13.8 ഇഞ്ച് മോഡലിന് 301 x 225 x 17.5 മില്ലിമീറ്റർ വലിപ്പവും 1.35 കിലോഗ്രാം ഭാരവുമുണ്ട്. മൈക്രോസോഫ്റ്റ് പറയുന്നതനുസരിച്ച്, ഇത് 20 മണിക്കൂർ വീഡിയോ പ്ലേബാക്ക് ലഭിക്കുന്ന തരത്തിൽ ദീർഘനേരം ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു.
സർഫേസ് പ്രോയും സർഫേസ് ലാപ്‌ടോപ്പും ബിസിനസ് ആവശ്യങ്ങളെ മനസ്സിൽ വെച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ടിപിഎം 2.0 ചിപ്പ്, ബിറ്റ്‌ലോക്കർ പിന്തുണ, മൈക്രോസോഫ്റ്റ് പ്ലൂട്ടൺ സെക്യൂരിറ്റി ടെക്‌നോളജി, എൻഎഫ്‌സി ഓതൻ്റിക്കേഷൻ എന്നിവയുൾപ്പെടെ എൻ്റർപ്രൈസ് ഗ്രേഡ് സുരക്ഷാ ഫീച്ചറുകളുമായാണ് ഇവ വരുന്നത്. കൂടാതെ, കോപൈലറ്റ്+ പിസി അനുഭവം മെച്ചപ്പെടുത്തുന്നതിനായി പ്രാദേശിക AI- പവർഡ് ടാസ്‌ക്കുകൾക്കായി ഒരു സമർപ്പിത NPU (ന്യൂറൽ പ്രോസസ്സിംഗ് യൂണിറ്റ്) ഈ ലാപ്ടോപുകൾ അവതരിപ്പിക്കുന്നു.
പരസ്യം
പരസ്യം