ആപ്പിൾ ടച്ച് സ്ക്രീനുള്ള മാക്ബുക്ക് പ്രോ പുറത്തിറക്കുന്നു; വിശദമായി അറിയാം
Photo Credit: Apple
2027-ൽ ടച്ച് സ്ക്രീൻ മാക്ബുക്ക് പ്രോ എത്തും എന്നാണ് പ്രതീക്ഷ
ആപ്പിൾ ആരാധകർക്ക് വലിയ ആവേശം നൽകുന്ന വാർത്തയാണ് കുറച്ചു ദിവസങ്ങളായി വന്നു കൊണ്ടിരിക്കുന്നത്. ബുധനാഴ്ച തങ്ങളുടെ M5 ചിപ്പ് ഉൾപ്പെടുത്തിയ 14 ഇഞ്ച് മാക്ബുക്ക് പ്രോ ആപ്പിൾ പുറത്തിറക്കിയിരുന്നു. ഇപ്പോൾ, OLED ടച്ച്‌സ്‌ക്രീനോടു കൂടിയ ആദ്യത്തെ മാക്ബുക്ക് പ്രോ പുറത്തിറക്കാനുള്ള കമ്പനിയുടെ പദ്ധതിയെ കുറിച്ച് കൂടുതൽ റിപ്പോർട്ടുകൾ പുറത്തു വരാൻ തുടങ്ങിയിട്ടുണ്ട്. വരാനിരിക്കുന്ന ഈ ലാപ്‌ടോപ്പ് ഭാവിയിൽ പുറത്തു വരാനിരിക്കുന്ന ആപ്പിളിന്റെ M6 ചിപ്പിൽ പ്രവർത്തിക്കുമെന്നും ശക്തമായ ഹിംഗുകളോടെ, കനം കുറഞ്ഞ ഡിസൈനിൽ ആയിരിക്കുമെന്നും പറയപ്പെടുന്നു. നിലവിലുള്ള മോഡലുകളെ അപേക്ഷിച്ച് ഇതിൽ ഡിസൈൻ മാറ്റങ്ങളും ഉണ്ടായേക്കാം. ഈ OLED പതിപ്പ് വരുന്നതിനു മുൻപായി, M5 പ്രോ, M5 മാക്സ് ചിപ്പുകൾ നൽകുന്ന പുതിയ മാക്ബുക്ക് പ്രോ മോഡലുകൾ ആപ്പിൾ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇവ 2026-ന്റെ തുടക്കത്തിൽ തന്നെ പുറത്തിറങ്ങാൻ സാധ്യതയുണ്ട്. അതേസമയം, വരാനിരിക്കുന്ന OLED ടച്ച് സ്ക്രീനുള്ള മാക്ബുക്ക് പ്രോ, അതിനുശേഷം എപ്പോഴെങ്കിലും അവതരിപ്പിക്കാനാണു സാധ്യത.
ബ്ലൂംബെർഗിന്റെ റിപ്പോർട്ട് അനുസരിച്ച്, 2026 അവസാനമോ 2027-ന്റെ തുടക്കത്തിലോ തങ്ങളുടെ ആദ്യത്തെ ടച്ച്‌സ്‌ക്രീൻ മാക്ബുക്ക് പ്രോ പുറത്തിറക്കാൻ ആപ്പിൾ പദ്ധതിയിടുന്നു. വരാനിരിക്കുന്ന ലാപ്‌ടോപ്പിലും OLED ഡിസ്‌പ്ലേ സാങ്കേതികവിദ്യ തന്നെ ഉപയോഗിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഏറ്റവും പുതിയ ഐഫോൺ, ഐപാഡ് പ്രോ മോഡലുകളിൽ ഈ ഡിസ്പ്ലേ ഇതിനകം ഉൾപ്പെടുത്തിയിട്ടുണ്ട്. പുറത്തു വന്ന വിവരങ്ങൾ ശരിയാണെങ്കിൽ, ആപ്പിളിന്റെ മാക്ബുക്ക് പ്രോ സീരീസ് ടച്ച്‌സ്‌ക്രീനും OLED ഡിസ്‌പ്ലേയും ഉപയോഗിച്ച് വരുന്നത് ഇതാദ്യമായിരിക്കും. ഇത് കമ്പനി അവരുടെ മുൻനിര ലാപ്‌ടോപ്പുകൾ ഡിസൈൻ ചെയ്യുന്ന രീതിയിൽ വലിയ മാറ്റമുണ്ടാക്കുമെന്നതിൽ സംശയമില്ല.
ആപ്പിൾ പുതിയ മാക്ബുക്ക് പ്രോ ലാപ്‌ടോപ്പ് ലൈനപ്പ് ആസൂത്രണം ചെയ്യുന്നതായി അടുത്ത ദിവസങ്ങളിൽ പുറത്തു വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആപ്പിളിന്റെ M6 ചിപ്പ് ഉപയോഗിക്കുന്ന ഈ ലാപ്ടോപുകൾ കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഡിസൈനിലാണ് ഉണ്ടാവുക. ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാൻ പറയുന്നതനുസരിച്ച്, ഡിവൈസുകൾക്ക് K114, K116 എന്നീ കോഡ്‌നെയിമുകളുണ്ട്. 14 ഇഞ്ച്, 16 ഇഞ്ച് എന്നിങ്ങനെ ആപ്പിൾ രണ്ട് വലുപ്പങ്ങളിൽ ലാപ്‌ടോപ്പുകൾ പുറത്തിറക്കിയേക്കാം എന്നാണ് ഇതു സൂചന നൽകുന്നത്. പുതിയ മാക്ബുക്ക് പ്രോ മുൻ മോഡലുകളുടെ അതേ കീബോർഡും ട്രാക്ക്പാഡ് ഡിസൈനും നിലനിർത്തിയേക്കാം.
വരാനിരിക്കുന്ന മാക്ബുക്ക് പ്രോയിൽ ഏതാനും ഡിസൈൻ മാറ്റങ്ങളോടെ ഒരു OLED ടച്ച്‌സ്‌ക്രീൻ ഉണ്ടായിരിക്കാം. പഴയ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, ഫ്രണ്ട് ക്യാമറയ്‌ക്കായി ഡിസ്‌പ്ലേയുടെ മുകളിൽ ഒരു നോച്ച് ഉണ്ടാകണമെന്നില്ല. അതിനു പകരം, ഒരു ഹോൾ-പഞ്ച് കട്ട്ഔട്ട് ആയിരിക്കും ആപ്പിൾ ഉപയോഗിക്കുക. 2022 സെപ്റ്റംബറിൽ ഐഫോൺ 14 പ്രോയിൽ ആദ്യമായി അവതരിപ്പിച്ച ഡൈനാമിക് ഐലൻഡിന് സമാനമായ രീതിയിൽ ഈ കട്ട്ഔട്ട് പ്രവർത്തിച്ചേക്കാം.
ലാപ്‌ടോപ്പിന്റെ ഡ്യുറബിലിറ്റി ആപ്പിൾ മെച്ചപ്പെടുത്തുന്നുമെന്നും റിപ്പോർട്ടുണ്ട്. ഇതിനായി കമ്പനി മികച്ച ഹിഞ്ചും ശക്തമായ സ്‌ക്രീൻ ഹാർഡ്‌വെയറും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ മാറ്റങ്ങൾ ടച്ച്‌സ്‌ക്രീൻ സ്പർശിക്കുമ്പോൾ ചലിക്കുന്നതും ബൗൺസ് ചെയ്യുന്നതും തടയും.
ടച്ച്‌സ്‌ക്രീനുകളുള്ള പുതിയ മാക്ബുക്ക് പ്രോ മോഡലുകൾക്ക് നിലവിലെ ജനറേഷനേക്കാൾ അൽപ്പം വില കൂടുതലായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു. നിലവിലുള്ള മാക്ബുക്ക് പ്രോ മോഡലുകളെ അപേക്ഷിച്ച് ഇവയുടെ വില നൂറു ഡോളറിലധികം കൂടുതലായിരിക്കും.
മൊത്തത്തിൽ, പുതിയ മാക്ബുക്ക് പ്രോ അപ്‌ഡേറ്റ് ചെയ്ത ടെക്നോളജി, ഭാരം കുറഞ്ഞ ഡിസൈൻ, മികച്ച ടച്ച്‌സ്‌ക്രീൻ എക്സ്പീരിയൻസ് എന്നിവ കൊണ്ടു വരുമെന്നു പ്രതീക്ഷിക്കുന്നു. ആപ്പിൾ, മാക്ബുക്ക് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു മോഡലായിരിക്കും ഇത്.
പരസ്യം
പരസ്യം