ഇന്ത്യയിൽ സർവേയിൽ പങ്കെടുത്തവരിൽ 81 ശതമാനം പേർ പുതിയ ഉൽപ്പന്നങ്ങൾ കണ്ടെത്തുന്നതിനും, 47 ശതമാനം പേർ സാധനങ്ങൾ വാങ്ങാനുള്ള തീരുമാനങ്ങൾ എടുക്കുന്നതിനും റീൽസിനെ ആശ്രയിക്കുന്നുണ്ടെന്ന് മെറ്റ വ്യക്തമാക്കുന്നു.
Photo Credit: Unsplash
ഇന്ത്യൻ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന വീഡിയോകൾ ഏതൊക്കെയാണെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്
മെറ്റ പ്ലാറ്റ്‌ഫോംസ് നടത്തിയ പുതിയൊരു പഠനമനുസരിച്ച് ഇന്ത്യയിലെ വീഡിയോ ഉപഭോഗം മെട്രോ നഗരങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. ഇൻസ്റ്റാഗ്രാമിലെ റീൽസ് എന്ന ഷോർട്ട്-ഫോം വീഡിയോ പുതിയ കാര്യങ്ങൾ അറിയാനും, ക്രിയേറ്റർ എൻഗേജ്‌മെന്റിലും, ഉപഭോക്താക്കളുടെ പർച്ചേസ് തീരുമാനങ്ങളിൽ പോലും വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ഈ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. മെട്രോ നഗരങ്ങൾ, ടയർ-2, ടയർ-3 പട്ടണങ്ങൾ, ഗ്രാമീണ മേഖലകൾ എന്നിവിടങ്ങളിലെല്ലാം മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിലെ പ്രതിദിന വീഡിയോ എൻഗേജ്‌മെന്റ് ഏതാണ്ട് തുല്യമാണെന്ന് കമ്പനി വ്യക്തമാക്കുന്നു. നഗര-ഗ്രാമ പ്രദേശങ്ങൾ തമ്മിൽ വീഡിയോ ഉപഭോഗത്തിലുണ്ടായിരുന്ന വലിയ വിടവ് ഇപ്പോൾ വളരെ കുറഞ്ഞുവരികയാണെന്നതിന്റെ സൂചനയാണിത്.
മെറ്റയുടെ നിർദ്ദേശപ്രകാരം ഇപ്‌സോസ് (Ipsos) എന്ന മാർക്കറ്റ് റിസർച്ച് ഏജൻസി ഇന്ത്യയിലെ 23 നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമായി 4,000-ലധികം ആളുകളിൽ നടത്തിയ പഠനം ശ്രദ്ധേയമായ വിവരങ്ങളാണ് പുറത്തുവിട്ടത്. സർവേയിൽ പങ്കെടുത്തവരിൽ 97 ശതമാനവും എല്ലാ ദിവസവും മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോകൾ കാണുന്നവരാണെന്ന് കണ്ടെത്തി.
നഗര-ഗ്രാമ വ്യത്യാസമില്ലാതെ വീഡിയോ ഉപഭോഗം വർദ്ധിച്ചുവരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. നഗരങ്ങളിൽ 98 ശതമാനവും ഗ്രാമങ്ങളിൽ 94 ശതമാനവും ആളുകൾ ദിവസവും വീഡിയോകൾ കാണുന്നുണ്ട്. ജനറേഷൻ സെഡ് (Gen Z) വിഭാഗത്തിൽ 97 ശതമാനവും, സ്ത്രീകളിൽ 97 ശതമാനവും, ഉന്നത എൻസിസിഎസ് (NCCS) എ വിഭാഗത്തിൽ 98 ശതമാനവും പേർ മെറ്റ പ്ലാറ്റ്‌ഫോമുകളിലെ സ്ഥിരം ഉപയോക്താക്കളാണ്.
ഈ മാറ്റത്തിൽ റീൽസിന് വലിയ പങ്കാണുള്ളത്. ജനറേഷൻ സെഡ് വിഭാഗത്തിൽ 89 ശതമാനം പേരും ദിവസവും റീൽസ് കാണുന്നുണ്ട്. കൂടാതെ സ്ത്രീകളിൽ 85 ശതമാനവും എൻസിസിഎസ് എ വിഭാഗത്തിൽ 88 ശതമാനവും പേർ റീൽസുമായി സജീവമായി ഇടപെടുന്നു. പുതിയ വിവരങ്ങൾ കണ്ടെത്താനും, ക്രിയേറ്റർമാരുമായി സംവദിക്കാനും, പുതിയ ട്രെൻഡുകൾക്ക് തുടക്കമിടാനുമുള്ള പ്രധാന മാധ്യമമായി റീൽസ് മാറിയിട്ടുണ്ടെന്ന് മെറ്റ ചൂണ്ടിക്കാട്ടുന്നു.
ഈ പഠനത്തെക്കുറിച്ച് മെറ്റ ഇന്ത്യയുടെ സി.പി.ജി, ഡി.ടു.സി, ഓട്ടോമോട്ടീവ് വിഭാഗം ഡയറക്ടർ സൗഗത ഭൗമിക് പറയുന്നത്, ക്രിയേറ്റർമാരും സംസ്കാരവും വാണിജ്യവും റീൽസിൽ ഒന്നിക്കുന്ന അവിശ്വസനീയമായ കാഴ്ചയാണ് നാം കാണുന്നതെന്നാണ്. ബ്രാൻഡുകളെ സംബന്ധിച്ചിടത്തോളം റീൽസ് എന്നത് വെറുമൊരു ഉള്ളടക്ക പ്ലാറ്റ്‌ഫോം മാത്രമല്ല, മറിച്ച് ഉള്ളടക്കത്തെ വാണിജ്യവുമായി എപ്പോഴും ബന്ധിപ്പിക്കുന്ന ഒരു വേദിയാണ്. ഉൽപ്പന്നങ്ങളെ കണ്ടെത്തുന്നതും, ബ്രാൻഡിലുള്ള വിശ്വാസം വളർത്തുന്നതും, ഒടുവിൽ വാങ്ങാനുള്ള തീരുമാനങ്ങൾ എടുക്കുന്നതും റീൽസിലൂടെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
റീൽസിൽ ഇന്ത്യൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഉള്ളടക്കങ്ങളെക്കുറിച്ചും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ബ്യൂട്ടി ആൻഡ് മേക്കപ്പ്, ഫാഷൻ, ലൈഫ്‌സ്റ്റൈൽ, ഫിറ്റ്നസ്, കോമഡി, സ്പോർട്സ് എന്നിവയാണ് ഇതിൽ മുന്നിൽ. മറ്റ് ഷോർട്ട്-ഫോം വീഡിയോ പ്ലാറ്റ്‌ഫോമുകളുമായി താരതമ്യം ചെയ്യുമ്പോൾ, റീൽസിൽ ക്രിയേറ്റർമാർക്ക് 60 ശതമാനം അധികം എൻഗേജ്‌മെന്റ് ലഭിക്കുന്നുണ്ടെന്ന് മെറ്റ അവകാശപ്പെടുന്നു.
ഉപഭോക്താക്കളുടെ പർച്ചേസ് തീരുമാനങ്ങളെ സ്വാധീനിക്കുന്നതിൽ റീൽസ് നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഈ സർവേ പ്രകാരം, 81 ശതമാനം പേരും പുതിയ ഉൽപ്പന്നങ്ങൾ കണ്ടെത്തുന്നത് റീൽസിലൂടെയാണ്. അതുപോലെ, 66 ശതമാനം പേർ ഉൽപ്പന്നങ്ങളെക്കുറിച്ച് മനസ്സിലാക്കാനും, 47 ശതമാനം പേർ പർച്ചേസ് തീരുമാനങ്ങൾ എടുക്കാനും റീൽസിനെ ആശ്രയിക്കുന്നു. പ്രത്യേകിച്ച് ഇ-കൊമേഴ്‌സ്, ഓട്ടോമോട്ടീവ്, ഫിനാൻഷ്യൽ സർവീസസ് തുടങ്ങിയ മേഖലകളിൽ റീൽസിന്റെ സ്വാധീനം വളരെ വലുതാണ്.
പരസ്യം
പരസ്യം