Photo Credit: Xiaomi
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളെല്ലാം അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ മെച്ചപ്പെടുത്തുന്നതിനിടെ ഷവോമി അവരുടെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ HyperOS 2-വിൻ്റെ പ്രഖ്യാപനം നടത്തി. ഷവോമി പുറത്തിറക്കുന്ന സ്‌മാർട്ട്‌ഫോണുകൾ, സ്‌മാർട്ട് വാച്ചുകൾ, സ്‌മാർട്ട് ടിവികൾ എന്നിവയ്‌ക്കായുള്ള ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണിത്. 2023 ഒക്ടോബറിൽ ആദ്യമായി അവതരിപ്പിച്ച ഒറിജിനൽ ഹൈപ്പർ ഒഎസിലാണ് ഈ പുതിയ പതിപ്പ് നിർമ്മിക്കുന്നത്. പെർഫോമൻസ്, ഗ്രാഫിക്‌സ്, നെറ്റ്‌വർക്ക് വേഗത, സുരക്ഷ എന്നിവ മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഷവോമിയുടെ ഹൈപ്പർകോർ സാങ്കേതികവിദ്യ HyperOS 2-വിൽ ഉൾപ്പെടുന്നു. കൂടാതെ, HyperOS 2 ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഫീച്ചറും നൽകുന്നുണ്ട്. ഉദാഹരണത്തിന്, ഇതിന് വാൾപേപ്പറുകൾ സൃഷ്ടിക്കാനും പരുക്കൻ സ്കെച്ചുകളെ വിശദമായ ചിത്രങ്ങളാക്കി മാറ്റാനും ലൈവ് ട്രാൻസ്‌ലേഷൻ നൽകാനും കഴിയും. ഷവോമിയുടെ വിവിധ ഡിവൈസുകളിൽ ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിനാണ് HyperOS 2 ലക്ഷ്യമിടുന്നത്.
തങ്ങളുടെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ HyperOS 2 വരാനിരിക്കുന്ന ഏറ്റവും പുതിയ ഉപകരണങ്ങളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുമെന്ന് ഷവോമി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഫ്ലാഗ്ഷിപ്പ് ഫോണുകളായ ഷവോമി 15 സീരീസ്, പാഡ് 7 സീരീസ്, വാച്ച് S4 ലൈനപ്പ്, ഷവോമി TV S പ്രോ മിനി LED 2025 സീരീസ്, റെഡ്മി സ്മാർട്ട് TV X 2025 സീരീസ്, Mi ബാൻഡ് 9 പ്രോ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, ഷവോമി 14 സീരീസിനും പഴയ ഷവോമി സ്മാർട്ട്‌ഫോണുകൾക്കും സ്മാർട്ട് ടിവികൾക്കും വെയറബിൾ ഡിവൈസസിനുമെല്ലാം വരും ആഴ്ചകളിലും മാസങ്ങളിലുമായി അപ്‌ഡേറ്റ് ലഭ്യമാകും.
ഷവോമി 14 സീരീസ്, ഷവോമി മിക്സ് ഫോൾഡ് 4, ഷവോമി മിക്സ് ഫ്ലിപ്പ്, റെഡ്മി K70 ലൈനപ്പ്, ഷവോമി പാഡ് 6S പ്രോ 12.4 എന്നിവയ്‌ക്കായുള്ള HyperOS 2 അപ്‌ഡേറ്റ് നവംബറിൽ ഷവോമി പുറത്തിറക്കും.
ഷവോമി 13 സീരീസ്, ഷവോമി മിക്സ് ഫോൾഡ് 3, ഷവോമി സിവി 4 പ്രോ, റെഡ്മി K60 സീരീസ്, റെഡ്മി ടർബോ 3, റെഡ്മി നോട്ട് 14 സീരീസ്, ഷവോമി പാഡ് 6 മാക്സ് 14, പാഡ് 6 പ്രോ, റെഡ്മി പാഡ് പ്രോ ലൈനപ്പ് എന്നിവയിൽ ഡിസംബറിൽ അപ്ഡേറ്റ് ലഭിക്കും.
ഷവോമി 12S, ഷവോമി 12 സീരീസ്, ഷവോമി മിക്സ് ഫോൾഡ് 2, ഷവോമി സിവി 3, സിവി 2, റെഡ്മി K50 ലൈനപ്പ്, റെഡ്മി നോട്ട് 13 സീരീസ്, റെഡ്മി നോട്ട് 12 സീരീസ്, റെഡ്മി 14ജി, റെഡ്മി 14R 54R 54, റെഡ്മി 13R 5G, റെഡ്മി 13C 5G, റെഡ്മി 12 5G, റെഡ്മി 12R, ഷവോമി പാഡ് 6, ഷവോമി 5 പ്രോ 12.4 എന്നിവയിൽ 2025ൻ്റെ തുടക്കത്തിലും ഈ അപ്ഡേറ്റ് നൽകും.
ഷവോമിയുടെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ HyperOS 2, പ്രധാനമായും മൂന്നു പുതിയ സാങ്കേതികവിദ്യകളാണ് ഉൾക്കൊള്ളുന്നത്: ഹൈപ്പർകോർ, ഹൈപ്പർകണക്ട്, ഹൈപ്പർAl.
സിസ്റ്റത്തിൻ്റെ അടിസ്ഥാന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഷവോമിയുടെ സ്വന്തം പ്ലാറ്റ്‌ഫോമാണ് ഹൈപ്പർകോർ. പുതിയ ഡൈനാമിക് മെമ്മറി മാനേജ്മെൻ്റിലും സ്റ്റോറേജ് 2.0 എന്ന സിസ്റ്റത്തിലുമാണ് ഇതു നിർമ്മിച്ചിരിക്കുന്നത്. ഒരു കസ്റ്റമൈസ്ഡ് ഷെഡ്യൂളർ വഴി സിപിയു നിഷ്‌ക്രിയമായിരിക്കുന്ന സമയം 19% കുറയ്ക്കാൻ ഇതിലൂടെ കഴിയും. സ്‌മാർട്ട്‌ഫോണുകളിൽ, ആപ്പുകൾ 54.9% കൂടുതൽ വേഗത്തിൽ തുറക്കാൻ ഇതു സഹായിക്കുന്നു.
വിഷ്വലായ നിരവധി മാറ്റങ്ങൾ HyperOS 2 അപ്ഡേറ്റ് കൊണ്ടുവരുന്നു. ഈസി ട്രാൻസിഷനുകളും ഇഫക്‌റ്റുകളും സഹിതം കസ്റ്റമൈസ് ചെയ്യാൻ കൂടുതൽ ഓപ്‌ഷനുകളുള്ള റീഡിസൈൻ ചെയ്‌ത ഹോം സ്‌ക്രീൻ ലേഔട്ട് ഇതിലൂടെ ലഭിക്കും. തത്സമയ കാലാവസ്ഥാ അപ്‌ഡേറ്റുകൾ നൽകുന്ന പുതിയ 3D കാലാവസ്ഥാ ആനിമേഷനുകളും ഉണ്ട്.
ഷവോമിയുടെ ഉപകരണങ്ങളിൽ മികച്ച കണക്റ്റിവിറ്റിയാണ് ഹൈപ്പർകണക്ട് ലക്ഷ്യമിടുന്നത്. ഈ ഫീച്ചർ ഡ്യുവൽ ക്യാമറ സ്ട്രീമിംഗിനെ പിന്തുണയ്‌ക്കുന്നു, സ്‌മാർട്ട്‌ഫോണിൽ നിന്നും ടാബ്‌ലെറ്റിൽ നിന്നും ക്യാമറകൾ ഒരുമിച്ച് ഉപയോഗിക്കാൻ ഇതിലൂടെ കഴിയും. കൂടാതെ, അപ്‌ഡേറ്റിൽ ഷവോമിയുടെ ഇൻ്റർകണക്റ്റിവിറ്റി സേവനങ്ങൾ ഉൾപ്പെടുന്നു. ആപ്പിൾ ഉപയോക്താക്കൾക്ക് ഷവോമി ഉപകരണങ്ങളിൽ ഫയലുകളും ഫോട്ടോകളും മറ്റ് ഉള്ളടക്കങ്ങളും ആക്‌സസ് ചെയ്യുന്നത് ഇതിലൂടെ എളുപ്പമാകും.
ഹൈപ്പർAl നിരവധി AI ഫീച്ചറുകൾ നൽകുന്നു. ഇഷ്‌ടാനുസൃതമായ ലോക്ക് സ്‌ക്രീൻ വാൾപേപ്പറുകൾ സൃഷ്‌ടിക്കാനും ടെക്‌സ്‌റ്റ് എഴുതാനും സമ്മറൈസ് ചെയ്യാനും റിഫൈൻ ചെയ്യാനുമെല്ലാം കഴിയുന്ന ടൂളുകൾ ഇതിൽ ഉൾപ്പെടുന്നു. കോളുകൾക്കും റെക്കോർഡിംഗുകൾക്കുമായി സ്പീക്കർ ഐഡൻ്റിഫിക്കേഷനും ട്രാൻസ്ക്രിപ്ഷനും ഹൈപ്പർAl പിന്തുണയ്ക്കുന്നു. മറ്റൊരു സവിശേഷത, AI മാജിക് പെയിൻ്റിംഗാണ്. ഇതിലൂടെ ചിത്രങ്ങൾ മെച്ചപ്പെടുത്താനും പുനർനിർമ്മിക്കാനും ഉപയോക്താക്കൾക്കു കഴിയും. കൂടാതെ, ഡീപ്ഫേക്ക് സ്കാമുകളിൽ നിന്നും പരിരക്ഷിക്കാൻ സഹായിക്കുന്നതിന് പുതിയ AI പവർ സെക്യൂരിറ്റിയും ഇതിലുണ്ട്.
പരസ്യം
പരസ്യം