സാംസങ്ങ് ഗാലക്സി S26 സീരീസ് 2026 ജനുവരിയിൽ തന്നെ ലോഞ്ച് ചെയ്യാൻ സാധ്യത
Photo Credit: Onleaks
സാംസങ് ഗാലക്‌സി എസ് 26 സീരീസ് 2026 ജനുവരിയിൽ ലോഞ്ച് ചെയ്തേക്കാം
സാംസങ്ങിൻ്റെ വരാനിരിക്കുന്ന ഗാലക്‌സി S26 സീരീസിന്റെ ലോഞ്ച് 2026 ഫെബ്രുവരിയിൽ ആയിരിക്കുമെന്നും ഫോണുകൾ മാർച്ച് മുതൽ ലഭ്യമായി തുടങ്ങും എന്നുമാണ് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പുതിയ റിപ്പോർട്ടുകൾ ഫോൺ അതിലും നേരത്തെ എത്താനുള്ള സാധ്യതയിലേക്കു വിരൽ ചൂണ്ടുന്നു. സമീപകാലത്തെ ലീക്കുകൾ പ്രകാരം, 2026 ജനുവരി അവസാനത്തോടെ സാംസങ്ങ് ഗാലക്സി S26 സീരീസ് ലോഞ്ച് ചെയ്ത്, ഫെബ്രുവരിയിൽ ഫോണുകളുടെ വിൽപ്പന ആരംഭിക്കും. പുതിയ ലൈനപ്പിൽ S26 എഡ്ജ് മോഡൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പമാണ് റിലീസ് വൈകുമെന്ന റിപ്പോർട്ടുകൾ ഉഉണ്ടാക്കാൻ കാരണം. അതിനു പകരം S26 പ്ലസ് മോഡലാണ് ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. ഗാലക്‌സി S26 സീരീസ് ഫോണുകൾ ചില പ്രദേശങ്ങളിൽ സാംസങ്ങിന്റെ പുതിയ 2nm എക്‌സിനോസ് 2600 ചിപ്‌സെറ്റുമായും മറ്റ് പ്രദേശങ്ങളിൽ ക്വാൽകോമിന്റെ 3nm സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറുമായും വരാനാണ് സാധ്യത. എന്തായാലും വളരെ പ്രതീക്ഷയോടെയാണ് ആരാധകർ സാംസങ്ങിൻ്റെ ഫ്ലാഗ്ഷിപ്പ് സീരീസിനായി കാത്തിരിക്കുന്നത്.
ചോസുൻ ബിസിന്റെ റിപ്പോർട്ട് അനുസരിച്ച്, സാംസങ്ങ് അവരുടെ ഗാലക്‌സി S26 സീരീസ് സ്മാർട്ട്‌ഫോണുകൾ 2026 ജനുവരി അവസാനത്തോടെ പുറത്തിറക്കും. ഫെബ്രുവരി ആദ്യം മുതൽ ഇതിൻ്റെ വിൽപ്പനയും ആരംഭിക്കും.
ഫോണുകൾ ഡിസൈൻ ചെയ്യുന്നതിന് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ സമയമെടുത്തതിനാൽ ലോഞ്ച് വൈകാൻ സാധ്യതയുണ്ടെന്ന് നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. പ്രത്യേകിച്ചും, ഇപ്പോഴും വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഗാലക്‌സി S26+ മോഡൽ പൂർത്തീകരിക്കാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സമയം ആവശ്യമായിരുന്നു.
മുൻ സീരീസിൽ ഉണ്ടായിരുന്ന എഡ്ജ് മോഡലിന് പകരം പുതിയ പ്ലസ് വേരിയൻ്റ് ഉൾപ്പെടുത്താൻ കമ്പനി തീരുമാനിച്ചതിനാലാണ് ഈ കാലതാമസം സംഭവിച്ചതെന്ന് സാംസങ്ങ് ഇലക്ട്രോണിക്സിനോട് അടുത്ത വൃത്തങ്ങൾ വിശദീകരിക്കുന്നു. ഈ മാറ്റമാണ് ഹാർഡ്‌വെയർ ടെസ്റ്റിങ്ങ് പിരീഡ് വർദ്ധിപ്പിക്കുകയും റിലീസ് വൈകിപ്പിക്കുകയും ചെയ്തത്. എന്നിരുന്നാലും, ഇപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ച് സാംസങ്ങ് 2026 ഫെബ്രുവരിയിൽ ഫോണുകൾ റിലീസ് ചെയ്യുമെന്ന ഷെഡ്യൂളുമായി മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു.
2026 ഫെബ്രുവരി 25-ന് സാൻ ഫ്രാൻസിസ്കോയിൽ നടക്കുന്ന സാംസങ്ങിന്റെ ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ ഗാലക്‌സി S26 സീരീസ് ലോഞ്ച് ചെയ്യുമെന്നും മാർച്ച് ആദ്യത്തോടെ ഫോണുകൾ വിൽപ്പനയ്‌ക്കെത്തുമെന്നും അതിനും രണ്ടാഴ്ച മുൻപ് പ്രീ-ഓർഡറുകൾക്കായി ലഭ്യമാകുമെന്നുമാണ് നേരത്തെ ലീക്കായ വിവരങ്ങൾ സൂചിപ്പിച്ചിരുന്നത്.
സാംസങ്ങ് ഗാലക്സി S25 എഡ്ജിന്റെ മോശം വിൽപ്പനയെ തുടർന്ന് ഗാലക്‌സി S26 എഡ്ജ് പുറത്തിറക്കാനുള്ള പദ്ധതികൾ സാംസങ്ങ് റദ്ദാക്കിയതായി ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നു. തങ്ങളുടെ ലൈനപ്പിലെ മോഡലുകളുടെ എണ്ണം നിലനിർത്താനും എഡ്ജ് മോഡൽ ഉണ്ടാക്കിയ നിരാശ പരിഹരിക്കാനും ഗാലക്‌സി S26+ മോഡൽ തിരികെ കൊണ്ടുവരാൻ കമ്പനി തീരുമാനിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പുറത്തിറങ്ങി മൂന്ന് മാസത്തിനുള്ളിൽ, 2025 ഓഗസ്റ്റ് വരെ സാംസങ്ങ് ഏകദേശം 5.05 മില്യൺ യൂണിറ്റ് ഗാലക്‌സി S25+ വിറ്റഴിച്ചു.അതേസമയം, ഇതേ കാലയളവിൽ ഗാലക്‌സി S25 എഡ്ജ് 1.31 മില്യൺ യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്. പ്ലസ് പതിപ്പിനേക്കാൾ 74% കുറവ് യൂണിറ്റുകൾ മാത്രമാണ് എഡ്ജ് മോഡൽ വിറ്റഴിച്ചതെന്ന് കണക്കുകളിൽ നിന്നും വ്യക്തമാണ്. ഈ ഈ പ്രശ്‌നങ്ങൾ പരിഹരിച്ചു വിപണിയിൽ ആധിപത്യം നിലനിർത്തുന്നതിനു വേണ്ടി കൂടിയാണ് ഗാലക്‌സി S26 സീരീസിൽ പ്ലസ് മോഡൽ കമ്പനി ഉൾപ്പെടുത്തുന്നത്.
പരസ്യം
പരസ്യം
Google Meet Finally Adds Support for Full Emoji Library to Enhance In-Call Reactions