സാംസങ്ങ് ഗാലക്സി S26 പ്രോയുടെ ഡിസൈൻ അടക്കം നിരവധി വിവരങ്ങൾ പുറത്ത്
Photo Credit: Samsung
സാംസങ് ഗാലക്‌സി എസ് 26 പ്രോയിൽ 50 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ ഉണ്ടാകുമെന്ന് പറയപ്പെടുന്നു
സാംസങ്ങ് ഗാലക്‌സി S25 സ്മാർട്ട്ഫോണിൻ്റെ പകരക്കാരനാകും എന്നു പ്രതീക്ഷിക്കുന്ന സാംസങ്ങ് ഗാലക്സി S26 പ്രോ, ലോഞ്ച് ചെയ്യാൻ ഇനി വെറും മാസങ്ങൾ മാത്രമാണു ബാക്കിയുള്ളത്. എന്നാൽ എല്ലാ ദിവസങ്ങളിലും, വരാനിരിക്കുന്ന പുതിയ മോഡൽ സ്മാർട്ട്ഫോണുകളെക്കുറിച്ചുള്ള ലീക്കായ വിവരങ്ങളും കിംവദന്തികളും ഓൺലൈനിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഗാലക്‌സി S26 എഡ്ജിന്റെ ഒരു CAD (കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ) റെൻഡർ ചോർന്നിരുന്നു. ഇതിൻ്റെ റീഡിസൈൻ ചെയ്ത ക്യാമറ മൊഡ്യൂൾ ഐഫോൺ 17 പ്രോയോട് സാമ്യതയുള്ളതാണെന്ന് ഈ ലീക്കുകൾ കാണിക്കുന്നു. കഴിഞ്ഞ ദിവസം, മറ്റൊരു റിപ്പോർട്ട് ഗാലക്‌സി S26 പ്രോയുടെ CAD റെൻഡറുകൾ വെളിപ്പെടുത്തുകയുണ്ടായി. ഈ ലീക്കുകൾ അനുസരിച്ച്, ഗാലക്‌സി S26 പ്രോ സ്റ്റാൻഡേർഡ് എസ്-സീരീസ് മോഡലിന്റെ റീബ്രാൻഡ് ചെയ്ത പതിപ്പായിരിക്കും. സാംസങ്ങ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, നെക്സ്റ്റ് ജനറേഷൻ ഫ്ലാഗ്ഷിപ്പ് ഫോൺ ലൈനപ്പിനായി കമ്പനി ചില ഡിസൈൻ മാറ്റങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ലീക്കുകൾ സൂചിപ്പിക്കുന്നു.
ആൻഡ്രോയിഡ് ഹെഡ്‌ലൈൻസും ടിപ്‌സ്റ്റർ സ്റ്റീവ് ഹെമ്മർസ്റ്റോഫറും (@OnLeaks) ചേർന്നാണ് സാംസങ്ങ് ഗാലക്സി S26 പ്രോയുടെ സിഎഡി റെൻഡറുകൾ ചോർത്തിയത്. നേരത്തെ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, സാംസങ്ങിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് സീരീസിൽ ഗാലക്‌സി S26 പ്രോ, ഗാലക്‌സി S26 എഡ്ജ് (പ്ലസ് മോഡലിന് പകരമായി), ഗാലക്‌സി S26 അൾട്രാ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഉൾപ്പെടുക.
ഗാലക്‌സി S26 എഡ്ജിൻ്റെ ക്യാമറ ഡിസൈനിൽ വലിയ മാറ്റം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. എന്നാൽ ഗാലക്‌സി S26 പ്രോക്ക് വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെന്നും റെൻഡറുകൾ കാണിക്കുന്നു. മൂന്ന് ലെൻസുകൾ ഉൾക്കൊള്ളുന്ന ഗുളികയുടെ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ആയിരിക്കും ഫോണിലുണ്ടാവുക. മൊഡ്യൂളില്ലാത്ത, ക്യാമറകൾക്ക് ചുറ്റും മെറ്റാലിക് വളയങ്ങൾ മാത്രമുള്ളതുമായ ഗാലക്‌സി S25-ൽ നിന്ന് ഇതു വ്യത്യസ്തമാണ്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫോണിലേതു പോലെ, S26 പ്രോയിലെ ക്യാമറ ലെൻസുകൾ പുറത്തേക്ക് തള്ളിനിൽക്കുകയും വളയങ്ങളാൽ ചുറ്റപ്പെടുകയും ചെയ്യുന്നു. എൽഇഡി ഫ്ലാഷ്, പവർ, വോളിയം ബട്ടണുകൾ, മുൻ ക്യാമറയുടെ സ്ഥാനം എന്നിവയെല്ലാം ഇതിനു മുമ്പത്തെ മോഡലിന് സമാനമായി തുടരുന്നു.
ലീക്കായ ഡിസൈൻ റെൻഡറുകൾക്കൊപ്പം, സാംസങ്ങ് ഗാലക്‌സി S26 പ്രോയെക്കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങളും റിപ്പോർട്ട് പങ്കുവച്ചു. വിവരങ്ങൾ അനുസരിച്ച്, ഫോൺ 6.3 ഇഞ്ച് ഡിസ്‌പ്ലേയുമായി വന്നേക്കാം. ഇതിൻ്റെ മുൻഗാമിയായ സാംസങ്ങ് S25 പ്രോയുടെ സ്ക്രീനിന് 6.2 ഇഞ്ച് ആണു വലിപ്പം.
ഗാലക്‌സി S26 പ്രോ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് 2 പ്രോസസറിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ചില സ്ഥലങ്ങളിൽ സാംസങ്ങ് തങ്ങളുടെ സ്വന്തം എക്‌സിനോസ് ചിപ്‌സെറ്റ് ഉപയോഗിച്ചേക്കാനും സാധ്യതയുണ്ട്. ഏറ്റവും വലിയ അപ്‌ഗ്രേഡുകളിലൊന്ന് അൾട്രാവൈഡ് ക്യാമറയിലായിരിക്കും. മുമ്പത്തെ മോഡലിന് 12 മെഗാപിക്സൽ അൾട്രാവൈഡ് സെൻസർ ഉണ്ടായിരുന്നെങ്കിൽ, ഇത്തവണ അത് 50 മെഗാപിക്സൽ സെൻസറിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തതായി പറയപ്പെടുന്നു.
സാംസങ്ങ് ഫോണിന്റെ റാം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ മോഡലിന് 12 ജിബി റാമാണ് ഉണ്ടായിരുന്നതെങ്കിൽ ഗാലക്‌സി S26 പ്രോ 16 ജിബി റാമുമായി വന്നേക്കാം. ഗാലക്‌സി എഐ ഫീച്ചറുകൾ കാരണമാണ് ഈ മാറ്റമെന്ന് വിശ്വസിക്കപ്പെടുന്നു.
ഫോണിൻ്റെ ബാറ്ററിയും അപ്ഗ്രേഡ് ചെയ്യുമെന്ന് അഭ്യൂഹമുണ്ട്. ഗാലക്‌സി S25 പ്രോയിൽ 4,000mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്. എന്നാൽ സാംസങ്ങ് S26 പ്രോ 4,300mAh ബാറ്ററിയുമായാകും എത്തുക.
പരസ്യം
പരസ്യം