Photo Credit: Samsung
ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സാംസങ്ങ് ഗാലക്‌സി S25 സീരീസ് 2025 ആദ്യ പകുതിയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. മുൻ പതിപ്പുകൾ പോലെത്തന്നെ, പുതിയ ഗാലക്‌സി S25 ലൈനപ്പിലും ഗാലക്‌സി S25, ഗാലക്‌സി S25+, ഗാലക്‌സി S25 അൾട്രാ എന്നീ മൂന്ന് മോഡലുകൾ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. അടുത്തിടെ, ഇക്കൂട്ടത്തിലെ സാംസങ്ങ് S25+ മോഡൽ ഗീക്ക്ബെഞ്ച് ബെഞ്ച്മാർക്കിംഗ് സൈറ്റിൽ കണ്ടെത്തിയിരുന്നു. അതിലൂടെ ഈ ഫോണുമായി ബന്ധപ്പെട്ട ചില വിശദാംശങ്ങളും ലഭിച്ചിട്ടുണ്ട്. നേരത്തെ, സാംസങ് ഗാലക്‌സി S25 സീരീസിൽ വരുന്ന എല്ലാ മോഡലുകളിലും സ്‌നാപ്ഡ്രാഗൺ പ്രോസസറുകൾ ആയിരിക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സാംസങ്ങ് ഗാലക്സി S25+ ഫോണിൽ എക്സിനോസ് 2500 ആയിരിക്കുമെന്നാണ് സൂചനകൾ. ഔദ്യോഗിക ലോഞ്ചിംഗ് അടുക്കുന്തോറും ഈ ഫോണിൻ്റെ സവിശേഷതകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
SM-S936B എന്ന മോഡൽ നമ്പറുള്ള ഒരു സാംസങ് സ്മാർട്ട്‌ഫോണാണ് ഗീക്ക്ബെഞ്ചിൽ കണ്ടെത്തിയത്. ഇത് വരാനിരിക്കുന്ന ഗാലക്സി S25+ മോഡലിൻ്റെ പ്രോട്ടോടൈപ്പായിരിക്കും എന്നാണു കരുതുന്നത്. ലിസ്റ്റിംഗ് അനുസരിച്ച്, ഉപകരണം 2,359 എന്ന സിംഗിൾ-കോർ സ്‌കോറും 8,141 എന്ന മൾട്ടി-കോർ സ്‌കോറും നേടി. ഇതിന് 10.72 ജിബി റാം ഉണ്ടെന്ന് കാണിക്കുന്നു, അത് 12 ജിബിയായി വിപണിയിൽ എത്തിയേക്കാം. ആൻഡ്രോയിഡ് 15ലാണ് ഈ സാംസങ് ഫോൺ പ്രവർത്തിക്കുന്നതെന്നും ലിസ്റ്റിങ്ങിൽ നിന്നും മനസിലാകുന്നു.
's5e9955' എന്ന് ലേബൽ ചെയ്‌ത മദർബോർഡുള്ള ടെൻ-കോർ ചിപ്‌സെറ്റാണ് ഫോണിന് ഊർജം പകരുന്നതെന്ന് ലിസ്‌റ്റിംഗ് വെളിപ്പെടുത്തുന്നു. സിപിയുവിന് 1+2+5+2 കോർ സജ്ജീകരണമുണ്ട്, അതിൽ ഒരു പ്രധാന കോർ 3.30GHz ക്ലോക്ക് സ്പീഡിൽ പ്രവർത്തിക്കുന്നു. രണ്ട് കോറുകൾ 2.75GHz വേഗതയിലും അഞ്ച് കോറുകൾ 2.36GHz വേഗതയിലും പ്രവർത്തിക്കും. 1.80GHz ഉള്ള രണ്ട് അധിക കോറുകളും ഈ CPU-വിലുണ്ട്. ഈ കോർ സ്പീഡുകൾ എക്സിനോസ് 2500 ചിപ്‌സെറ്റുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്.
ബെഞ്ച്മാർക്ക് ടെസ്റ്റുകളിൽ, എക്സിനോസ് 2500 നേടിയ സിംഗിൾ-കോർ, മൾട്ടി-കോർ സ്‌കോറുകൾ ക്വാൽകോമിൻ്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്പ് നേടിയതിനേക്കാൾ കുറവാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ്, സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്പ് (മോഡൽ SM-S938U) ഉപയോഗിക്കുന്ന ഗാലക്സി S25 അൾട്രായുടെ യുഎസ് പതിപ്പ്, ഗീക്ക്ബെഞ്ചിൽ സിംഗിൾ-കോറിൽ 3,069 പോയിൻ്റും മൾട്ടി-കോർ ടെസ്റ്റുകളിൽ 9,080 പോയിൻ്റും നേടിയതായി ഫലങ്ങൾ കാണിച്ചു.
സാംസങ് അതിൻ്റെ മുഴുവൻ ഗാലക്‌സി S25 സീരീസിലും സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്പുകൾ ഉപയോഗിച്ചേക്കുമെന്ന് കിംവദന്തിയുണ്ടായിരുന്നു. ഗാലക്സി S24 സീരീസിൻ്റെ കാര്യം പരിശോധിച്ചാൽ സാംസങ് ചില പ്രദേശങ്ങളിൽ സ്നാപ്ഡ്രാഗൺ 8 ജെൻ 4 ചിപ്പും മറ്റുള്ളവയിൽ എക്സിനോസ് 2400 ചിപ്പുകളുമാണ് ഉപയോഗിച്ചത്. അതേസമയം 2023-ൽ സാംസങ് എല്ലാ ഗാലക്‌സി S സീരീസ് ഫോണുകളും സ്‌നാപ്ഡ്രാഗൺ പ്രോസസറുകൾ ഉപയോഗിച്ചാണ് പുറത്തിറക്കിയത്.
പരസ്യം
പരസ്യം