Photo Credit: Samsung
വ്യാഴാഴ്ച സാൻ ജോസിൽ നടന്ന സാംസങ് ഡെവലപ്പർ കോൺഫറൻസ് 2024 ൽ വെച്ച് സാംസങ്ങ് അവരുടെ സ്‌മാർട്ട്‌ഫോണുകൾക്കും മറ്റ് ഉപകരണങ്ങൾക്കുമായി വൺ Ul 7 അപ്‌ഡേറ്റ് അവതരിപ്പിച്ചു. പുതിയ ഇൻ്റർഫേസ് ഡിസൈൻ, പുതിയ വിഷ്വൽ എലമെൻ്റ്സ്, മറ്റ് നിരവധി മികച്ച സവിശേഷതകൾ എന്നിവയുള്ള പുതിയ അപ്‌ഡേറ്റിൻ്റെ പ്രിവ്യൂ കമ്പനി പങ്കുവെച്ചിരുന്നു. വൺ UI 7 എപ്പോൾ ലഭ്യമാകും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളും സാംസങ് നൽകി, നേരത്തെ ആക്‌സസ് ലഭിക്കാൻ സൈൻ അപ്പ് ചെയ്യുന്ന ബീറ്റാ ടെസ്റ്റർമാർക്കാണ് ഇതാദ്യം ലഭ്യമാവുക. ഏത് ഡിവൈസിലൂടെയാണ് ഈ അപ്ഡേറ്റ് പുറത്തു വരികയെന്ന കാര്യവും പരാമർശിക്കപ്പെട്ടിരുന്നു. വൺ Ul യുടെ ഈ പുതിയ പതിപ്പ് നാവിഗേഷൻ എളുപ്പമാക്കിയും കൂടുതൽ മികച്ച രൂപത്തിലൂടെയും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു. അപ്‌ഡേറ്റ് ചെയ്യുന്നത് ഫോണിൻ്റെ പെർഫോമൻസും ബാറ്ററി ലൈഫും വർദ്ധിപ്പിക്കുമെന്നും അധിക കസ്റ്റമൈസേഷൻ ഓപ്ഷനുകൾ നൽകുമെന്നും സാംസങ് വാഗ്ദാനം ചെയ്യുന്നു.
സാംസങ്ങിൻ്റെ വൺ UI 7 അപ്‌ഡേറ്റ് മൂന്ന് പ്രധാന ആശയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു: പ്രവർത്തനങ്ങൾ വളരെ ലളിതമാക്കുക, ഏവർക്കും പരിചിതമായ ഡിസൈൻ നിലനിർത്തുക, വൈകാരിക ബന്ധം സൃഷ്ടിക്കുക എന്നിവയാണത്. സങ്കീർണ്ണതകൾ കുറയ്ക്കുന്നതിനു വേണ്ടി ഉപയോക്താവ് എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് മനസിലാക്കി ഉപയോഗം എളുപ്പമാക്കുക എന്നതാണ് ഈ സോഫ്റ്റ്‌വെയറിലൂടെ ലക്ഷ്യമിടുന്നത്. വളരെ വൃത്തിയും ഭംഗിയുമുള്ള ഡിസൈൻ നൽകുന്ന ഈ അപ്ഡേറ്റ് സ്ഥിരതയുമുള്ളതാണ്.
നിരവധി മാറ്റങ്ങൾ വരുത്തുന്നതിനൊപ്പം, ഗാലക്‌സി ഉപയോക്താക്കൾ പ്രതീക്ഷിക്കുന്ന, അവർക്കു സുപരിചിതമായ ചില ക്ലാസിക് ഡിസൈൻ ഫീച്ചറുകൾ സാംസങ് നിലനിർത്തുകയും ചെയ്യുന്നുണ്ട്. ഉപയോക്താക്കളുടെ സംതൃപ്തി വർദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള ബ്ലർ ഇഫക്റ്റ് പുതിയ ഡിസൈൻ മാറ്റങ്ങളിലൊന്നിൽ ഉൾപ്പെടുന്നു. "സ്ലിക്കർ" എന്ന പേരിലറിയപ്പെടുന്ന ഒരു പുതിയ ഹോം സ്‌ക്രീൻ ലേ ഔട്ടും സാംസങ്ങ് അവതരിപ്പിച്ചിട്ടുണ്ട്. ഏത് ഗാലക്‌സി ഡിവൈസിൽ ഉപയോഗിക്കുകയാണെങ്കിലും ഉപയോക്ത സൗഹൃദമായിരിക്കും "സ്ലിക്കർ".
വൺ UI 7 സാംസങ് സ്മാർട്ട്ഫോണുകളിലേക്ക് ആൻഡ്രോയിഡ് 15 ൻ്റെ സാന്നിധ്യം കൊണ്ടുവരുമെന്നും പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 15 ഏതാനും മാസം മുൻപ് ലോകമെമ്പാടും പുറത്തിറങ്ങിയിരുന്നെങ്കിലും കുറച്ച് കമ്പനികൾ മാത്രമാണ് അവരുടെ ഡിവൈസുകളിൽ ഇതു നൽകുന്നത്. വൺ Ul 6 ൽ ലഭ്യമായിരുന്ന കസ്റ്റമൈസേഷൻ ടൂളായ ഗുഡ് ലോക്കിനെ വൺ UI 7 പിന്തുണയ്ക്കുമെന്ന് സാംസങ് സ്ഥിരീകരിച്ചു. മുമ്പത്തെ പതിപ്പിലെന്ന പോലെ ഉപയോക്താക്കൾക്ക് ഇപ്പോഴും തങ്ങളുടെ ഫോണുകൾ പല തരത്തിൽ കസ്റ്റമൈസ് ചെയ്യാനാകും.
സാംസങ് തങ്ങളുടെ പുതിയ വൺ UI 7 അപ്‌ഡേറ്റ് ഈ വർഷാവസാനം ഗാലക്‌സി മോഡൽ ഡിവൈസുകളിൽ ടെസ്റ്റിംഗിനായി (ബീറ്റയിൽ) ലഭ്യമാകുമെന്ന് പ്രഖ്യാപിച്ചു. ഈ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിൻ്റെ ഔദ്യോഗികമായ പതിപ്പ് അടുത്ത വർഷം മുതൽ എല്ലാ ഉപയോക്താക്കൾക്കുമായി റിലീസ് ചെയ്യും. വൺ UI 7 ഉപയോഗിക്കുന്ന ആദ്യത്തെ ഫോണുകൾ സാംസങ്ങ് ഗാലക്സി S സീരീസിലെ പുതിയ മോഡലുകൾ ആയിരിക്കും. അടുത്ത വർഷത്തിൻ്റെ തുടക്കത്തിൽ പുറത്തിറങ്ങാൻ സാധ്യതയുള്ള ഗാലക്‌സി S25 ഫോണുകളായിരിക്കും ഇവ ആദ്യമുണ്ടാവുകയെന്നാണു പ്രതീക്ഷിക്കുന്നത്.