Photo Credit: Apple
ഒരു പ്രമുഖ മാർക്കറ്റ് റിസർച്ച് സ്ഥാപനത്തിൻ്റെ സമീപകാല റിപ്പോർട്ട് പുറത്തു വന്നതു പ്രകാരം 2024 വർഷത്തിൻ്റെ മൂന്നാം പാദത്തിൽ, ആഗോള തലത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ ആപ്പിൾ മുന്നിലാണ്. ആപ്പിളിൻ്റെ ഐഫോൺ 15 സീരീസാണ് റാങ്കിംഗിൽ ആധിപത്യം പുലർത്തിയിരിക്കുന്നത്. പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളും ഐഫോൺ 15 സീരീസ് ഫോണുകളാണു നേടിയത്. ഇത് ഈ മോഡലുകൾക്ക് ആഗോള തലത്തിൽ എത്രത്തോളം ജനപ്രീതിയുണ്ടെന്ന് കാണിക്കുന്നു. നിരവധി ഗാലക്‌സി മോഡലുകൾ ആദ്യ പത്തിൽ ഇടംപിടിച്ചതിനാൽ പ്രമുഖ ബ്രാൻഡായ സാംസങ്ങും ശക്തമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. അതിൽ തന്നെ ശ്രദ്ധേയമായത്, ഒരു ഗാലക്‌സി എസ് മോഡൽ 2018-ന് ശേഷം ആദ്യമായി ടോപ് ടെൻ ലിസ്റ്റിൽ പ്രവേശിച്ചുവെന്നതാണ്. ഇത് റാങ്കിംഗിൽ സാംസങ്ങിൻ്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്നു. മൊത്തത്തിൽ, പട്ടികയിലെ മികച്ച 10 സ്മാർട്ട്‌ഫോണുകളാണ് ഈ പാദത്തിലെ സ്മാർട്ട്‌ഫോൺ വിൽപ്പനയുടെ 19 ശതമാനവും സ്വന്തമാക്കിയത്.
കൗണ്ടർപോയിൻ്റ് റിസർച്ചിൻ്റെ ഗ്ലോബൽ ഹാൻഡ്‌സെറ്റ് മോഡൽ സെയിൽസ് ട്രാക്കർ പറയുന്നതനുസരിച്ച്, 2024-ൻ്റെ മൂന്നാം പാദത്തിൽ ലോകത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ സ്മാർട്ട്‌ഫോൺ ആപ്പിളിൻ്റെ ഐഫോൺ 15 ആണ്. ആപ്പിളിൻ്റെ തന്നെ ഐഫോൺ 15 പ്രോ മാക്സ് രണ്ടാം സ്ഥാനത്തും ഐഫോൺ 15 പ്രോ മൂന്നാം സ്ഥാനത്തും എത്തി. ഐഫോൺ 14 ഏഴാം സ്ഥാനത്തും വന്നതിനാൽ പട്ടികയിൽ നാല് സ്ഥാനങ്ങൾ നേടാൻ ആപ്പിളിന് കഴിഞ്ഞു.
കൂടുതൽ പേർ ഉയർന്ന നിലവാരമുള്ള സ്മാർട്ട്‌ഫോണുകൾ തിരഞ്ഞെടുക്കുന്നതായി റിസർച്ച് സൂചിപ്പിക്കുന്നു. ഇത് ആപ്പിളിനെ അവരുടെ സ്റ്റാൻഡേർഡ്, പ്രോ മോഡലുകൾ തമ്മിലുള്ള വിൽപ്പനയിലെ വിടവ് നികത്താൻ സഹായിച്ചു. മൂന്നാം പാദത്തിൽ ഇതാദ്യമായാണ് പ്രോ വേരിയൻ്റുകൾ ഈ കാലയളവിലെ മൊത്തം ഐഫോൺ വിൽപ്പനയുടെ പകുതിയും നേടുന്നത്. ഇത് ആപ്പിളിൻ്റെ വിലകൂടിയ ഡിവൈസുകളുടെ വിൽപ്പന ഉയർന്നുവെന്നു വ്യക്തമാക്കുന്നു.
ആദ്യ പത്ത് സ്മാർട്ട്ഫോണുകളുടെ ലിസ്റ്റിൽ അഞ്ച് ഡിവൈസുകൾ സാംസങ്ങിൻ്റേതാണ്. പട്ടികയിൽ ഏറ്റവും കൂടുതൽ സ്മാർട്ട്ഫോണുകളുള്ള ഒറിജിനൽ എക്വിപ്മെൻ്റ് മാനുഫാക്ച്ചറർ (OEM) സാംസങ്ങാണ്. ഇതിൽ നാലു സ്മാർട്ട്ഫോണുകളും അവരുടെ ബജറ്റ് ഫ്രണ്ട്‌ലി A-സീരീസിൽ നിന്നുള്ളവയായിരുന്നു. എന്നിരുന്നാലും, സാംസങ് ഗാലക്‌സി S24 പട്ടികയിൽ പത്താം സ്ഥാനം നേടി. 2018 മുതൽ മികച്ച 10 റാങ്കിംഗിൽ പ്രവേശിക്കുന്ന ആദ്യത്തെ ഗാലക്‌സി എസ്-സീരീസ് ഡിവൈസാണിത്. എൻട്രി ലെവൽ, മിഡ് റേഞ്ച് വില എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽ വിവിധ പ്രദേശങ്ങളിൽ സാംസങ്ങിന് വലിയ ഉപഭോക്തൃ അടിത്തറയുണ്ടെന്ന് ഇതു വ്യക്തമാക്കുന്നു.
ആപ്പിളും സാംസങും തങ്ങളുടെ സ്മാർട്ട്‌ഫോണുകളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (Al) അവതരിപ്പിച്ചതിനാൽ തുടർന്നും ഒന്നാം സ്ഥാനത്ത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോണുകൾ ആപ്പിൾ ഇൻ്റലിജൻസ് മുഖേന AI ഫീച്ചർ ചെയ്യുന്നു, അതേസമയം സാംസങ് ഫോണുകൾ ഗാലക്സി AI ആണ് ഉപയോഗിക്കുന്നത്. ഈ രണ്ട് ടെക് ഭീമന്മാർക്കൊപ്പം, ബജറ്റ് സ്മാർട്ട്ഫോണായ റെഡ്മി 13 C 4G റാങ്കിംഗിൽ ഒമ്പതാം സ്ഥാനത്തെത്തി. 2024-ൻ്റെ മൂന്നാം പാദത്തിൽ ആപ്പിളും സാംസങ്ങും ഒഴികെ ഉയർന്ന വിൽപ്പന നേടിയ ഒരേയൊരു ബ്രാൻഡ് ഷവോമിയാണ്.
പരസ്യം
പരസ്യം