ഗൂഗിൾ I/O 2026-ൻ്റെ തീയ്യതി പ്രഖ്യാപിച്ചു; പ്രധാനപ്പെട്ട വിവരങ്ങൾ അറിയാം
Photo Credit: Google
ഗൂഗിൾ I/O 2026 ഓഫ്‌ലൈൻ ഇവന്റുകൾ കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിലുള്ള ഷോർലൈൻ ആംഫി തിയേറ്ററിൽ നടന്നേക്കാം.
ഗൂഗിൾ അവരുടെ വാർഷിക ഡെവലപ്പർ കോൺഫറൻസായ ഗൂഗിൾ I/O 2026-ന്റെ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2026 മെയ് 19, 20 തീയതികളിലാണ് പരിപാടി നടക്കുക. മുൻ വർഷങ്ങളിലെന്ന പോലെ, I/O വെബ്‌സൈറ്റിലെ ഒരു ഓൺലൈൻ പസിൽ വഴിയാണ് കമ്പനി ഇതിൻ്റെ തീയതികൾ വെളിപ്പെടുത്തിയത്. "സേവ് ദി ഡേറ്റ്" എന്ന സന്ദേശം അൺലോക്ക് ചെയ്യാൻ സന്ദർശകർക്ക് പസിൽ പരിഹരിക്കേണ്ടി വന്നു. ഇത്തവണ, ഗൂഗിളിന്റെ ജെമിനി AI മോഡൽ നൽകുന്ന ചെറിയ ഇൻ്ററാക്റ്റീവ് ഗെയിമുകളും എക്സ്പീരിയൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടെക്നോളജി ഇൻഡസ്ട്രിയിലെ ഏറ്റവും പ്രധാനപ്പെട്ട ഇവന്റുകളിൽ ഒന്നാണ് ഗൂഗിൾ I/O. എല്ലാ വർഷവും, കമ്പനി അതിന്റെ സോഫ്റ്റ്‌വെയർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണങ്ങൾ, ഡെവലപ്പർ പ്ലാറ്റ്‌ഫോമുകൾ എന്നിവയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ ഈ ഇവൻ്റിലൂടെ പങ്കിടുന്നു. കോൺഫറൻസ് സാധാരണയായി ഗൂഗിളിന്റെ ഭാവി പദ്ധതികളെക്കുറിച്ച് വ്യക്തമായ ഒരു ആശയം നൽകുന്നതിനു വേണ്ടിയുള്ളതു കൂടിയാണ്. ഇത്തവണത്തെ കോൺഫറൻസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രധാന ശ്രദ്ധാകേന്ദ്രമാകും എന്നാണു പ്രതീക്ഷിക്കുന്നത്.
ഒരു ഓൺലൈൻ ചലഞ്ചിലൂടെ I/O തീയതികൾ പ്രഖ്യാപിക്കുന്ന പതിവ് രീതി ഗൂഗിൾ ഇത്തവണയും തുടർന്നു. ഔദ്യോഗിക വെബ്‌സൈറ്റിലെ ഉപയോക്താക്കൾ ഒരു പസിൽ പരിഹരിച്ചപ്പോഴാണ്, മെയ് 19, 20 എന്നീ തീയതികൾ പുറത്തു വന്നത്. "സേവ് ദി ഡേറ്റ്" പേജിൽ ജെമിനിയുടെ പിന്തുണയോടെ സൃഷ്ടിച്ച രസകരമായ മിനിഗെയിമുകളുടെ ഒരു ശേഖരവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗെയിമുകളിലൊന്നായ "ഹോൾ ഇൻ വൺ" ഒരു മിനി-ഗോൾഫ് ചലഞ്ചാണ്. ഇതിൽ AI-യിൽ പ്രവർത്തിക്കുന്ന കാഡി സഹായകരമായ നിർദ്ദേശങ്ങൾ നൽകും. മറ്റൊരു ഗെയിമായ "നോണോഗ്രാം", AI സൃഷ്ടിക്കുന്ന എണ്ണമറ്റ പുതിയ ബോർഡുകളുമായി, ലോജിക് അടിസ്ഥാനമാക്കിയ പസിലുകൾ വാഗ്ദാനം ചെയ്യുന്നു. "വേഡ് വീൽ" ജെമിനി 3 ഉപയോഗിച്ച് സമതുലിതമായ വാക്കുകളുടെ പസിലുകൾ യാന്ത്രികമായി രൂപകൽപ്പന ചെയ്യുന്നു.
ക്രിയേറ്റീവ് ഇൻ്ററാക്റ്റീവ് അനുഭവങ്ങളും ഉണ്ട്. "സൂപ്പർ സോണിക്ബോട്ട്" അവരുടെ ശബ്ദം ഉപയോഗിച്ച് ഒരു ആൻഡ്രോയ്ഡ് ബോട്ടിനെ നിയന്ത്രിക്കാൻ ഗെയിമർമാരെ അനുവദിക്കുന്നു. ശബ്ദം ഉച്ചത്തിലാകുന്തോറും ബോട്ട് പറക്കുന്നു. "സ്ട്രെച്ചി ക്യാറ്റ്" എന്ന പേരിൽ AI-യിൽ പ്രവർത്തിക്കുന്ന ഏറ്റൊരു ഗെയിമുണ്ട്, അത് റീപ്ലേ ചെയ്യാവുന്ന ഘട്ടങ്ങൾ സൃഷ്ടിക്കുന്നതിന് ഡിഫിക്കൽട്ടി ലെവലുകളും മെക്കാനിക്സും ക്രമീകരിക്കുന്നു. ഉൽപ്പാദനക്ഷമതയ്ക്ക് മാത്രമല്ല, വിനോദത്തിനും സർഗ്ഗാത്മകതയ്ക്കും ജെമിനി എങ്ങനെ ഉപയോഗിക്കാമെന്ന് ഈ ഗെയിമുകൾ എടുത്തു കാണിക്കുന്നു.
ഗൂഗിൾ I/O 2026 ന്റെ പ്രധാന തീം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ഒരു വർഷമായി, സെർച്ച്, ക്രോം, വർക്ക്‌സ്‌പെയ്‌സ്, പിക്‌സൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ നിരവധി സേവനങ്ങളിൽ ഗൂഗിൾ ജെമിനി സംയോജിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്കും ഡെവലപ്പർമാർക്കും വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ AI ടൂളുകൾ, അപ്‌ഗ്രേഡുകൾ, സവിശേഷതകൾ എന്നിവ കമ്പനി പങ്കിടാൻ സാധ്യതയുണ്ട്.
കഴിഞ്ഞ വർഷത്തെ കോൺഫറൻസിൽ, ഗൂഗിൾ പ്രധാന AI മെച്ചപ്പെടുത്തലുകൾ അവതരിപ്പിച്ചു. സെർച്ചിലെ AI മോഡ് കൂടുതൽ ഉപയോക്താക്കളിലേക്ക് വ്യാപിപ്പിക്കുകയും AI-യിൽ പ്രവർത്തിക്കുന്ന ഫിലിം മേക്കിംഗ് ആപ്പായ ഫ്ലോ പുറത്തിറക്കുകയും ചെയ്തു. ഈ വർഷം, ജെമിനി മോഡലുകളിൽ കൂടുതൽ മെച്ചപ്പെടുത്തലുകൾ, മികച്ച AI അസിസ്റ്റന്റുകൾ, ആൻഡ്രോയിഡ്, വെബ് പ്ലാറ്റ്‌ഫോമുകളിലുടനീളം മികച്ചസംയോജനം എന്നിവ കമ്പനി പ്രഖ്യാപിച്ചേക്കാം.
ലോകമെമ്പാടുമുള്ള ആളുകൾക്ക് കീനോട്ട് സെഷനുകൾ സൗജന്യമായി കാണാൻ കഴിയുന്ന തരത്തിൽ ഇവന്റ് ലൈവ് സ്ട്രീം ചെയ്യാൻ സാധ്യതയുണ്ട്. ഗൂഗിൾ ഔദ്യോഗികമായി വേദി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സമീപ വർഷങ്ങളിലെന്നപോലെ കോൺഫറൻസ് കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിലുള്ള ഷോർലൈൻ ആംഫി തിയേറ്ററിൽ ആകുമെന്നു ‘പ്രതീക്ഷിക്കുന്നു. ഗൂഗിൾ I/O 2026-നുള്ള ഡെവലപ്പർ രജിസ്ട്രേഷൻ ഇതിനകം തുറന്നിട്ടുണ്ട്. ഇതിലൂടെ പങ്കെടുക്കുന്നവർക്ക് സൈൻ അപ്പ് ചെയ്യാനും അപ്‌ഡേറ്റുകൾ സ്വീകരിക്കാനും കഴിയും.
പരസ്യം
പരസ്യം