ജിമെയിൽ അക്കൗണ്ട് തുടങ്ങുന്നവർക്ക് 15GB സൗജന്യ ക്ലൗഡ് സ്റ്റോറേജ് ഗൂഗിൾ നൽകുന്നുണ്ട്.
Photo Credit: Unsplash
ഇന്ത്യയിൽ 30GB സ്റ്റോറേജുള്ള ഗൂഗിൾ വൺ ലൈറ്റ് പ്ലാനിന് പ്രതിമാസം 59 രൂപയാണ് നിരക്ക്.
ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഫോട്ടോസ് എന്നിവയ്ക്കായി ഗൂഗിൾ നൽകുന്ന പതിനഞ്ച് ജിബി സൗജന്യ സ്റ്റോറേജ് പരിധിയിൽ മാറ്റങ്ങൾ വന്നേക്കാം. പുതിയ അക്കൗണ്ടുകൾക്ക് ഇതിലും കുറഞ്ഞ സ്റ്റോറേജ് മാത്രം നൽകുന്ന രീതി ഗൂഗിൾ പരീക്ഷിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇങ്ങനെ സൗജന്യ സ്റ്റോറേജ് കുറയുകയാണെങ്കിൽ, കൂടുതൽ സ്ഥലം ആവശ്യമുള്ള ഉപയോക്താക്കൾ ഗൂഗിൾ വൺ സബ്സ്ക്രിപ്ഷൻ എടുക്കേണ്ടി വരും.
റെഡ്ഡിറ്റ്, എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ റിപ്പോർട്ടുകൾ പ്രകാരം, പുതിയ ജിമെയിൽ അക്കൗണ്ടുകൾക്ക് ലഭിക്കുന്ന സൗജന്യ സ്റ്റോറേജ് അഞ്ച് ജിബിയായി കുറയ്ക്കാൻ ഗൂഗിൾ നീക്കം നടത്തുന്നു. എന്നാൽ, അക്കൗണ്ടുമായി ഫോൺ നമ്പർ ബന്ധിപ്പിക്കുന്നവർക്ക് പതിനഞ്ച് ജിബി എന്ന സാധാരണ സൗജന്യ സ്റ്റോറേജ് പരിധി തന്നെ ലഭ്യമാകും.
ഫോൺ നമ്പർ നൽകാൻ താല്പര്യമില്ലാത്തവർക്ക് അഞ്ച് ജിബി സ്റ്റോറേജ് മാത്രമേ ലഭിക്കൂ. ഗൂഗിളിന്റെ ഈ തീരുമാനത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ഗൂഗിൾ കൂടുതൽ ഉപയോക്തൃ വിവരങ്ങൾ ശേഖരിക്കാനാണ് ഇത്തരം ഒരു നീക്കം നടത്തുന്നതെന്ന് ചിലർ വിമർശിക്കുമ്പോൾ, സ്പാം അക്കൗണ്ടുകൾ കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് മറ്റ് ചിലർ അഭിപ്രായപ്പെടുന്നു.
നിലവിൽ ഗൂഗിൾ അക്കൗണ്ട് തുടങ്ങുന്നവർക്ക് പതിനഞ്ച് ജിബി സൗജന്യ സ്റ്റോറേജ് ലഭിക്കാറുണ്ട്. സ്റ്റോറേജ് പരിധി അവസാനിക്കുമ്പോൾ പണം നൽകി സ്ഥലം വാങ്ങുന്നതിന് പകരം, നിരവധി അക്കൗണ്ടുകൾ ഉണ്ടാക്കി സൗജന്യ സ്റ്റോറേജ് ഉപയോഗിക്കുന്ന രീതി ചിലർ പിന്തുടരുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ അക്കൗണ്ടുകൾക്ക് സ്റ്റോറേജ് പരിധി കുറയ്ക്കാൻ ഗൂഗിൾ ആലോചിക്കുന്നത്.
കെനിയ, നൈജീരിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലെ ചില ഉപയോക്താക്കളിൽ ഗൂഗിൾ ഈ പരീക്ഷണം നടത്തുന്നതായി റെഡ്ഡിറ്റിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂടുതൽ വിപുലമായ രീതിയിൽ നടപ്പാക്കുന്നതിന് മുൻപുള്ള ഒരു പരീക്ഷണമാണിതെന്ന് കരുതപ്പെടുന്നു. നിലവിൽ ജിമെയിലിന്റെ ഔദ്യോഗിക പേജുകളിൽ പുതിയ അക്കൗണ്ടുകൾക്ക് 15GB സൗജന്യ സ്റ്റോറേജ് ലഭിക്കുമെന്നാണ് കാണിക്കുന്നത്. കൂടുതൽ സ്ഥലം ആവശ്യമുള്ളവർക്ക് ഗൂഗിൾ വൺ പ്ലാൻ തിരഞ്ഞെടുക്കാം.
തിരഞ്ഞെടുത്ത ചില പ്രദേശങ്ങളിൽ പുതിയ സ്റ്റോറേജ് നയം പരീക്ഷിക്കുകയാണെന്ന് ഗൂഗിൾ വക്താവ് ആൻഡ്രോയിഡ് അതോറിറ്റിയോട് സ്ഥിരീകരിച്ചു. ഉപയോക്താക്കൾക്ക് മികച്ച സ്റ്റോറേജ് സേവനം ഉറപ്പാക്കുന്നതിനും അക്കൗണ്ട് സുരക്ഷയും ഡാറ്റാ വീണ്ടെടുക്കൽ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിനും ഈ മാറ്റം സഹായിക്കുമെന്നും ഗൂഗിൾ വ്യക്തമാക്കി.
ഇന്ത്യയിൽ 30GB സ്റ്റോറേജുള്ള ഗൂഗിൾ വൺ ലൈറ്റ് പ്ലാനിന് പ്രതിമാസം 59 രൂപയാണ് നിരക്ക്. 100GB സ്റ്റോറേജുള്ള ബേസിക് പ്ലാനിന് 130 രൂപയും, 2TB സ്റ്റോറേജുള്ള പ്രീമിയം പ്ലാനിന് 650 രൂപയുമാണ് മാസവരിസംഖ്യ.
പരസ്യം
പരസ്യം
Samsung Music Studio 5, Music Studio 7 Wi-Fi Speakers Launched in India