ബാങ്ക് ഓഫർ ഉൾപ്പെടെ 8,000 രൂപയുടെ വൻ കിഴിവിലാണ് ഫോൺ സെയിലിൽ ലഭ്യമാകുന്നത്. ഇതിനുപുറമേ ക്യാഷ്ബാക്ക്, നോ-കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകളും ആമസോൺ ഒരുക്കിയിട്ടുണ്ട്.
50 മെഗാപിക്സലിന്റെ മൂന്ന് റിയർ ക്യാമറ
ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോം പങ്കുവെച്ച പുതിയ ടീസർ അനുസരിച്ച് നാളെ ആരംഭിക്കുന്ന ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിൽ വൺപ്ലസ് 15 മികച്ച ഡിസ്‌കൗണ്ടിൽ ലഭ്യമാകും. ബാങ്ക് ഓഫറുകൾ ഉപയോഗിച്ച് ഈ ഫ്ലാഗ്ഷിപ്പ് ഫോൺ അതിന്റെ ലോഞ്ച് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വാങ്ങാമെന്ന് ലിസ്റ്റിംഗ് വ്യക്തമാക്കുന്നു. ഗ്രേറ്റ് ഫ്രീഡം സെയിൽ നാളെ മുതൽ ആരംഭിക്കുമെന്ന് ആമസോൺ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഓഫർ വിൽപ്പന ആരംഭിക്കുന്നതിന് മുന്നോടിയായി വിവിധ ഉൽപ്പന്ന വിഭാഗങ്ങളിലെ ആകർഷകമായ ഡിസ്‌കൗണ്ടുകൾ കമ്പനി ടീസറുകളിലൂടെ വെളിപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്.
ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിന് മുന്നോടിയായി ജനപ്രിയ ഫ്ലാഗ്ഷിപ്പ് മോഡലായ വൺപ്ലസ് 15 ഫോണിന്റെ ഓഫർ വില പുറത്തുവിട്ടു. ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ പങ്കുവെച്ച പുതിയ ടീസറിലാണ് ഈ വിവരമുള്ളത്. ടീസർ ചിത്രം അനുസരിച്ച് വൺപ്ലസ് 15 ഫോണിന്റെ 12ജിബി റാം, 256ജിബി സ്റ്റോറേജ് വേരിയന്റ് ബാങ്ക് ഓഫർ ഉൾപ്പെടെ 81,999 രൂപയ്ക്ക് സ്വന്തമാക്കാം. 89,999 രൂപ യഥാർത്ഥ എംആർപിയുള്ള ഈ മോഡലിന് ഓഫറിലൂടെ ഉപഭോക്താക്കൾക്ക് 8,000 രൂപ നേരിട്ട് ലാഭിക്കാൻ സാധിക്കും. എന്നാൽ ഓഫർ ലഭ്യമാകുന്ന നിർദ്ദിഷ്ട ബാങ്ക് കാർഡുകളെക്കുറിച്ചോ മറ്റ് ഓഫർ നിബന്ധനകളെക്കുറിച്ചോ ഉള്ള വിവരങ്ങൾ ആമസോൺ ഇതുവരെ ലഭ്യമാക്കിയിട്ടില്ല.
സെയിലിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ പണം ലാഭിക്കാനുള്ള മറ്റ് ആകർഷകമായ ഓഫറുകളും ആമസോൺ ഒരുക്കിയിട്ടുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഈസി ഇഎംഐ ഇടപാടുകൾ ഉൾപ്പെടെയുള്ള വാങ്ങലുകൾക്ക് 10 ശതമാനം തൽക്ഷണ ഡിസ്‌കൗണ്ട് ലഭിക്കും. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് അൺലിമിറ്റഡ് 5 ശതമാനം ക്യാഷ്ബാക്കും നേടാം. ഇതിനുപുറമേ നോ-കോസ്റ്റ് ഇഎംഐ പ്ലാനുകളും മികച്ച എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്.
കഴിഞ്ഞ വർഷാവസാനം 72,999 രൂപ തുടക്കവിലയിൽ വിപണിയിലെത്തിയ ഫോണാണ് വൺപ്ലസ് 15. എന്നാൽ മെമ്മറി ഘടകങ്ങളുടെ നിർമ്മാണച്ചെലവ് ഉയർന്നതോടെ കമ്പനി പിന്നീട് ഫോണിന്റെ വില വർദ്ധിപ്പിക്കുകയായിരുന്നു. നിലവിൽ 89,999 രൂപ എംആർപിയുള്ള ഈ ഫ്ലാഗ്ഷിപ്പ് ഫോൺ വൻ വിലക്കുറവിൽ സ്വന്തമാക്കാനുള്ള അപൂർവ്വ അവസരമാണ് ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിലൂടെ ഉപഭോക്താക്കളെ തേടിയെത്തുന്നത്.
മികച്ച ദൃശ്യാനുഭവം നൽകുന്ന 6.78 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് വൺപ്ലസ് 15 ഫോണിലുള്ളത്. 165ഹെർട്സ് റിഫ്രഷ് റേറ്റും 1,800 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും ഈ സ്‌ക്രീൻ കാഴ്ചവെക്കുന്നു. അത്യാധുനിക സ്നാപ്ഡ്രാഗൺ 8 എലിറ്റ് ജെൻ 5 ചിപ്സെറ്റാണ് ഫോണിന്റെ പ്രധാന കരുത്ത്. 16ജിബി വരെ റാമും 512ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജും ഫോണിൽ ലഭ്യമാണ്. ഗെയിമിംഗിലും മറ്റ് ഉപയോഗങ്ങളിലും ഫോൺ ചൂടാകാതിരിക്കാൻ 360 ക്രയോ-വെലോസിറ്റി കൂളിംഗ് സിസ്റ്റവും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഗൂഗിൾ ജെമിനി, പ്ലസ് മൈൻഡ്, എഐ റെക്കോർഡർ, എഐ പോർട്രെയ്റ്റ് ഗ്ലോ, എഐ സ്കാൻ, എഐ പ്ലേലാബ് തുടങ്ങി ഉപയോക്തൃാനുഭവം മെച്ചപ്പെടുത്തുന്ന നിരവധി സ്മാർട്ട് എഐ ഫീച്ചറുകൾ ഈ ഫോണിന്റെ പ്രത്യേകതയാണ്. ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ 50 മെഗാപിക്സലിന്റെ മൂന്ന് റിയർ ക്യാമറകളും സെൽഫികൾക്കായി 32 മെഗാപിക്സൽ ക്യാമറയുമാണ് ഇതിലുള്ളത്.
120വാട്ട് അതിവേഗ വയർഡ് ചാർജിംഗും 50വാട്ട് വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന 7,300എംഎഎച്ച് വലിയ സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു പ്രധാന ആകർഷണം. 5ജി, വൈഫൈ 7, ബ്ലൂടൂത്ത് 6.0, ജിപിഎസ്, നാവിക് കണക്റ്റിവിറ്റി സംവിധാനങ്ങൾക്കൊപ്പം ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും പരമാവധി സംരക്ഷണം ഉറപ്പാക്കുന്ന ഐപി66, ഐപി68, ഐപി69, ഐപി69കെ റേറ്റിംഗുകളോടെയാണ് ഈ ഫോൺ എത്തുനത്.
പരസ്യം
പരസ്യം